Sat. Apr 27th, 2024

2014 മുതൽ 2022 വരെ 100474 കർഷകർ ആത്മഹത്യ ചെയ്തിട്ടുണ്ടെന്ന് നാഷണൽ ക്രൈം റെക്കോഡ്സ് ബ്യൂറോ അടുത്തിടെ പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു. അതായത് ഒരു ദിവസം നടന്നത് 30 ആത്മഹത്യകൾ. രണ്ടാം മോദി സർക്കാരിൻ്റെ കാലത്ത് കർഷക ആത്മഹത്യകളുടെ എണ്ണം 10281ൽ നിന്നും 11290 ലേക്ക് ഉയർന്നു

ല്ലാ മേഖലയിലും ഇന്ത്യ മുന്നോട്ട് കുതിക്കുമെന്ന വാഗ്ദാനം നൽകി എൻഡിഎ സർക്കാർ അധികാരത്തിലേറിയിട്ട് പത്ത് വർഷം പിന്നിടുന്നു. ബിജെപി നൽകിയ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ പൂർണമായും പാലിക്കപ്പെട്ടോ? അവയുടെ നിലവിലെ അവസ്ഥയെന്താണ്?

ഇന്ത്യൻ സമ്പദ് വ്യവസ്ഥയുട നിർണ്ണായക വശങ്ങളെക്കുറിച്ചുള്ള ഫിനാൻഷ്യൽ അക്കൗണ്ടബിലിറ്റി നെറ്റ്‌വർക്ക് ഇന്ത്യയുടെ അന്വേഷണ റിപ്പോർട്ടിൻ്റെ (‘ബ്ലാക്ക് പേപ്പർ ഓൺ മോദി ഇയേഴ്സ്’) പരിഭാഷ. 

തൊഴിൽ മേഖല 

ബിജെപിയുടെ അവകാശവാദം 

  • അധികാരത്തിലെത്തിയാൽ ഓരോ വർഷവും രണ്ട് കോടി തൊഴിലവസരങ്ങൾ നൽകുമെന്ന് 2014ൽ ബിജെപി വാഗ്ദാനം ചെയ്തിരുന്നു. അങ്ങനെയെങ്കിൽ 2024 മാർച്ചോടെ 20 കോടി തൊഴിലവസരങ്ങൾ യാഥാർത്ഥ്യമാകണം.
  • ഉൽപാദന മേഖലയിലെ തൊഴിലവസരങ്ങൾ 100 മില്ല്യൺ വർദ്ധിപ്പിക്കുകയും അതിൻ്റെ വിഹിതം ജിഡിപിയിൽ 17 ശതമാനത്തിൽ നിന്നും 25 ശതമാനമാക്കി ഉയർത്തുകയും ചെയ്യുമെന്ന് അധികാരമേറ്റെടുക്കുന്ന വേളയിൽ ബിജെപി ഗവൺമെൻ്റ് വാഗ്ദാനം ചെയ്തിരുന്നു.
  • കോൺഗ്രസ് നയിച്ച യുപിഎ സർക്കാരിൻ്റെ 10 വർഷത്തെ ഭരണകാലത്ത് തൊഴിൽ രംഗത്ത് വളർച്ച കൈവരിക്കാൻ രാജ്യത്തിന് കഴിഞ്ഞിട്ടില്ലെന്നും എന്നാൽ ബിജെപി അധികാരത്തിലെത്തിയാൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും സംരഭകരെ മുന്നോട്ട് കൊണ്ടുവരുന്നതിനും മുൻഗണന നൽകുമെന്ന് ഉറപ്പുനൽകിയിരുന്നു.
  • ഗ്രാമപ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് അവരുടെ കഴിവുകൾ പ്രയോജനപ്പെടുത്തി അതിലൂടെ വരുമാനം കണ്ടെത്താനുള്ള അവസരങ്ങൾ നൽകും.സ്ത്രീ ശാക്തീകരണം ബിജെപി സർക്കാരിൻ്റെ കാലത്താണ് കരുത്താർജ്ജിച്ചതെന്ന് വരുത്തി തീർക്കാനുള്ള അജണ്ടയുടെ ഭാഗമാണ് തൊഴിൽ രംഗത്തെ സ്ത്രീ പങ്കാളിത്ത നിരക്കിലെ ഉയർച്ച. തൊഴിൽ മേഖലയിൽ നേരത്തെയുണ്ടായിരുന്ന സർക്കാരിനെക്കാൾ ബിജെപി സർക്കാർ 1.5 മടങ്ങ് വളർച്ച നേടിയെന്നാണ് പ്രധാനമന്ത്രിയുടെ വാദം.

യാഥാർത്ഥ്യം

  • സിഎംഐഇയുടെ കണക്കനുസരിച്ച് ഇന്ത്യയിൽ കഴിഞ്ഞ അഞ്ച് വർഷമായി 400 ദശലക്ഷത്തിലധികം ജനങ്ങളും തൊഴിൽരഹിതരാണ്. ഇന്ത്യയിൽ തൊഴിലവസരങ്ങൾ വർദ്ധിച്ചിട്ടില്ലായെന്ന് സാരം.
  • 2016ൽ സിഎംഐഇ ആരംഭിച്ച തൊഴിൽ സർവേയുടെ അടിസ്ഥാനത്തിൽ 2018ൽ ഇന്ത്യയിലെ തൊഴിലില്ലായ്മയുടെ നിരക്ക് 6.64 ശതമാനമായിരുന്നു. 2019ൽ 5.27 ശതമാനമായി കുറഞ്ഞെങ്കിലും 2020ൽ അത് 8 ശതമാനമായി വർദ്ധിച്ചു. 2023ലെ കണക്കുകൾ പ്രകാരം ഇന്ത്യയിലെ തൊഴിലില്ലായ്മയുടെ നിരക്ക് 8.1 ശതമാനമാണ്.
  • 2023ലെ തൊഴിൽരഹിതരുടെ എണ്ണം 42 മില്ല്യണാണ്. ഏകദേശം 80 ലക്ഷം പേർ തൊഴിലന്വേഷിക്കുന്നവരാണ്. ഓരോ വർഷം കഴിയുന്തോറും തൊഴിൽ തേടുന്നവരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്നു.
  •  ഉൽപാദനം കുറയുന്നു എന്നത് മറ്റൊരു വസ്തുതയാണ്. 2016-19 കാലയളവിൽ ജിഡിപി 13 ശതമാനമായി കുറഞ്ഞു. കൊറോണക്ക് തൊട്ടുമുൻപ് മാത്രമാണ് അത് 17 ശതമാനമായത്.
  • 2012ൽ 12.8 ശതമാനമായിരുന്നു ഉൽപാദന രംഗത്തെ തൊഴിലവസരങ്ങൾ. എന്നാൽ 2018 ആയപ്പോഴേക്കും അത് 11.5 ശതമാനമായി കുറഞ്ഞു. 2022 ആയപ്പോഴാണ് 2012ലെ നിലവാരത്തിലേക്കെത്താൻ കഴിഞ്ഞത്. കോവിഡും തുടർന്നുണ്ടായ ലോക് ഡൗണും തൊഴിലാളികളെ കുടിയേറ്റക്കാരാക്കി മാറ്റി. 2020 ഏപ്രിലിനും 2023 ജൂണിനുമിടയിൽ ആറു കോടി ജനങ്ങൾ കൃഷിയിലേക്ക് പോയതായി ഓക്സ്ഫോഡിൻ്റെ പഠന റിപ്പോർട്ടിൽ പറയുന്നു.
  • 2023ലെ കണക്കുകൾ പ്രകാരം കാർഷിക മേഖലയിൽ തൊഴിൽരഹിതരായിട്ടുള്ളവർ 46 ശതമാനമാണ്. ജിഡിപിയിലേക്ക് 15 ശതമാനം മാത്രമാണ് കഴിഞ്ഞ വർഷം കാർഷിക മേഖലക്ക് നൽകാൻ കഴിഞ്ഞത്.
  • 2021 ഏപ്രിൽ മുതൽ 2023 മാർച്ച് വരെയുള്ള കണക്കുകൾ പരിശോധിച്ചാൽ നിർമ്മാണ തൊഴിലാളികളുടെയും കർഷകരുടെയും വേതനം 10.5 ശതമാനത്തിൽ നിന്നും 12 ശതമാനം മാത്രമാണ് വർദ്ധിച്ചത് എന്ന് മനസിലാക്കാൻ കഴിയും. എന്നാൽ ഈ കാലയളവിൽ ധാന്യങ്ങളുടെ വില 22 ശതമാനം വർദ്ധിച്ചു.
  • തൊഴിൽ രംഗത്തെ സ്ത്രീ പങ്കാളിത്ത നിരക്ക് ഉയരുന്നതായി കാണാൻ സാധിക്കുന്നുണ്ട്. എന്നാൽ അത് വളർച്ചയുടെ ഭാഗമായി കാണാൻ കഴിയില്ല. കാരണം ഇതിൽ അധികവും സ്വയം തൊഴിൽ ചെയ്യുന്നവരാണ്. കോവിഡിന് മുൻപ് സ്വയം തൊഴിൽ ചെയ്യുന്ന സ്ത്രീകളുടെ എണ്ണം 50 ശതമാനമായിരുന്നു. കോവിഡിന് ശേഷം അത് 60 ശതമാനമായി ഉയർന്നു. സ്വയം തൊഴിലിൽ നിന്ന് വരുമാനം ലഭിക്കുന്ന സ്ത്രീകളുടെ എണ്ണം ക്രമാതീതമായി കുറയുകയും ചെയ്തു. ഇന്ത്യയിലെ സമ്പദ് വ്യവസ്ഥയെക്കുറിച്ച് സാമ്പത്തിക വിദഗ്ധർ നടത്തിയ ചർച്ചയിൽ ഇക്കാര്യം ചർച്ച ചെയ്തിരുന്നു. സ്വയം തൊഴിൽ ചെയ്യുന്ന സ്ത്രീകളിൽ അധികം പേരും അവരുടെ വീടുകളിലോ ഫാമുകളിലോ മറ്റും വേതനമില്ലാതെ ജോലി ചെയ്യുന്നവരാണ്.
  • 2023ലെ ഇന്ത്യയിലെ തൊഴിൽ മേഖലയിലെ സ്ഥിതി പരിശോധിക്കുമ്പോൾ ചെറിയ സ്ഥാപനങ്ങളിൽ പോലും എസ്സി,എസ്ടി വിഭാഗ്കകാർക്ക് പ്രാതിനിധ്യം കുറവാണ്. 20 തൊഴിലാളികളിലധികമുള്ള സ്ഥാപനങ്ങളിലൊന്നും തന്നെ അവരുടെ പ്രാതിനിധ്യമില്ല. മാത്രമല്ല ഉയർന്ന ജാതിയിലുള്ളവരുടെ പ്രാതിനിധ്യം സ്ഥാപനങ്ങളുടെ വലുപ്പത്തിനനുസരിച്ച് വർദ്ധിക്കുകയും ചെയ്യുന്നു.
  • 2013 മാർച്ചിൽ 17.3 ലക്ഷമായിരുന്ന കേന്ദ്ര പൊതുമേഖല സ്ഥാപനങ്ങളിലെ ജീവനക്കാരുടെ എണ്ണം 2022 മാർച്ച് ആയപ്പോഴേക്കും 14.6 ലക്ഷമായി കുറഞ്ഞു. 2.7 ലക്ഷം തൊഴിലാളികൾ മോദി സർക്കാരിൻ്റെ കാലത്ത് തൊഴിൽരഹിതരായി. എന്നാൽ കരാറടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവരുടെ എണ്ണം 19 ശതമാനത്തിൽ നിന്നും 42.5 ശതമാനമായി ഉയർന്നു.
  • രാജ്യത്തെ തൊഴിലവസരങ്ങളിൽ കഴിഞ്ഞ വർഷം ഗണ്യമായ കുറവുണ്ടായി. സ്റ്റാഫ് സെലക്ഷൻ കമ്മീഷന് കീഴിലുള്ള മൊത്തം ജോലി ഒഴിവുകളിൽ 2014ൽ 80,650 ആയിരുന്നത് 2023ൽ 36348 ആയി കുറഞ്ഞു.

കാർഷിക മേഖല

ബിജെപിയുടെ അവകാശവാദം 

  • 2016 ഫെബ്രുവരി 28 ന് കേന്ദ്ര ബജറ്റ് അവതരണത്തിൻ്റെ  തലേദിവസം, 2022ഓടെ  രാജ്യത്തെ കർഷകരുടെ വേതനം ഇരട്ടിയാക്കുമെന്ന് നരേന്ദ്ര മോദി പറഞ്ഞിരുന്നു. കർഷകരുടെ പ്രതിമാസ വരുമാനം 8058ൽ നിന്നും 22,610 ആക്കി ഉയർത്തുന്നതിനുള്ള തീരുമാനമെടുക്കുന്നതിനായി 2016 ഏപ്രിൽ 13ന് അശോക് ദൽവായ് കമ്മിറ്റി രൂപീകരിച്ചു. കാർഷിക വരുമാന വളർച്ചാനിരക്ക് 10.4 ശതമാനമാക്കിയാൽ മാത്രമേ ഈ ലക്ഷ്യം കൈവരിക്കാനാകുവെന്ന് അശോക് ദൽവായ് കമ്മിറ്റി തങ്ങളുടെ റിപ്പോർട്ടിൽ പറഞ്ഞു.
  • “ഞങ്ങളുടെ കർഷകരെ മരണക്കുരുക്കിലേക്ക് തള്ളിവിടരുത്. കർഷകരെക്കൊണ്ട് ഭാരിച്ച ലോണുകളെടുപ്പിക്കരുത്. പണം കടം നൽകുന്നവരുടെ വാതിൽ അവർക്ക് മുട്ടേണ്ടി വരരുത്. കർഷകർക്ക് വായ്പ നൽകുക എന്നുള്ളത് സർക്കാരിൻ്റെയും ബാങ്കുകളുടെയും കടമയല്ലേ? കർഷകരുടെ സ്ഥിതി മെച്ചപ്പെട്ടാൽ അത് അവർക്ക് മാത്രമല്ല, കാർഷിക മേഖലയിലെ
    ബാക്കിയുള്ളവർക്കും തൊഴിലവസരങ്ങൾ നൽകുന്നു”. 2014ലെ തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് മോദി പറഞ്ഞു. 2013ൽ കടബാധ്യതയുള്ള കർഷകരുടെ ശതമാനം 52 ആയിരുന്നുവെന്നും 2019ൽ അത് 50.2 ശതമാനമായി കുറഞ്ഞുവെന്നുമാണ് സർക്കാർ അവകാശപ്പെടുന്നത്.
  • 2014ലെ ബിജെപിയുടെ പ്രകടനപത്രികയിൽ ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യയെ മൊത്തത്തിൽ പരിവർത്തനം ചെയ്യുമെന്നും കർഷകർക്ക് തത്സമയ ഡാറ്റ വിതരണം ചെയ്യുന്ന ലെവറേജ് സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തുമെന്നും കാർഷിക മേഖല ലാഭകരമാക്കുന്നതിനായി പുതിയ പദ്ധതികൾ ആവിഷ്കരിക്കുമെന്നും പ്രകൃതിക്ഷോഭം മൂലമുണ്ടാകുന്ന നഷ്ടം പരിഹരിക്കുന്നതിനായി ഇൻഷുറൻസ് നൽകുമെന്നും വാഗ്ദാനങ്ങൾ നൽകിയിരുന്നു.

യാഥാർത്ഥ്യം

  • എന്നാൽ വിളവ് വർദ്ധിപ്പിക്കുന്നതിനും അതുവഴി കർഷകരുടെ വരുമാനം  വർദ്ധിപ്പിക്കുന്നതിനും സാമ്പത്തികപരമായോ സാങ്കേതികപരമായോ യാതൊരു പിന്തുണയും ദൽവായ് കമ്മിറ്റിയുടെ ഭാഗത്ത് നിന്നും ഉണ്ടായില്ല. കർഷകരുടെ സാഹചര്യം വിലയിരുത്തുന്നതിനായി നടത്തിയ സർവേയിൽ 2018-19 വർഷത്തിൽ പ്രതീക്ഷിക്കുന്ന വരുമാനം 10218 രൂപയാണെന്നാണ് കണ്ടെത്തിയത്. വാഗ്ദാനം നൽകിയ 22610 രൂപയുടെ പകുതി പോലുമിതാകുന്നില്ല.
  • 2014 മുതൽ 2022 വരെ 100474 കർഷകർ ആത്മഹത്യ ചെയ്തിട്ടുണ്ടെന്ന് നാഷണൽ ക്രൈം റെക്കോഡ്സ് ബ്യൂറോ അടുത്തിടെ പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു. അതായത് ഒരു ദിവസം നടന്നത് 30 ആത്മഹത്യകൾ. രണ്ടാം മോദി സർക്കാരിൻ്റെ കാലത്ത് കർഷക ആത്മഹത്യകളുടെ എണ്ണം 10281ൽ നിന്നും 11290 ലേക്ക് ഉയർന്നു. ഇതിൽ ആത്മഹത്യ ചെയ്ത നെൽകർഷകരുടെ എണ്ണം 4324ൽ നിന്നും 6083 ആയി ഉയർന്നു. സ്ഥിതി ഏറ്റവും കൂടുതൽ വഷളായത് മഹാരാഷ്ട്രയിലാണ്. മോദിയുടെ നടപ്പിലാകാത്ത വാഗ്ദാനങ്ങളും പരാജയപ്പെട്ട പദ്ധതികളും രാജ്യത്തെ അന്നദാതാക്കളെ മരണത്തിലേക്കാണ് തള്ളിവിട്ടത്.
  • കാർഷിക മേഖലക്കും കർഷകരുടെ ക്ഷേമത്തിനും ബജറ്റിൽ അനുവദിക്കുന്ന തുകയും കുറഞ്ഞുവരുകയാണ്. കർഷകരുടെ വേതന വർദ്ധനവിൻ്റെ ഗ്രാഫും താഴ്ന്നു തന്നെ. 2019 മുതൽ രാജ്യത്തെ ഭൂരഹിതരായ കർഷകരുടെ മരണസംഖ്യ വർദ്ധിച്ചതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ബജറ്റ് അവതരണത്തിൽ ധനമന്ത്രി പിഎം കിസാൻ സമ്മാൻ സ്കീമിനെയും ഭൂരഹിതരായ കർഷകരെയും അവഗണിക്കുകയാണ് ചെയ്യുന്നത്. 2023-24 ലെയും 2024-25ലെയും ബജറ്റിലെ വിഹിതത്തിൽ യാതൊരു മാറ്റവും സംഭവിച്ചിട്ടില്ല.
  • മോദി സർക്കാർ കൊണ്ടുവന്ന കാർഷിക ബില്ലുകൾ പിൻവലിക്കുന്നതിനായി നടത്തിയ കർഷക സമരം തീർത്തും നിരാശാജനകമാണ്. സർക്കാരിൻ്റെ നിയന്ത്രണത്തിൽ നിന്നും വിപണിയെ പൂർണമായും കോർപറേറ്റ് കമ്പനികൾക്ക് നൽകുന്നതിന്  കാരണമാകുമായിരുന്ന ബില്ലുകൾക്കെതിരെയായിരുന്നു കർഷകരുടെ സമരം. 750 പേരുടെ മരണവും ഒരു വർഷത്തെ സമരവും വേണ്ടി വന്നു സർക്കാരിന് അവരുടെ തീരുമാനത്തിൽ നിന്നും പിന്നോട്ട് പോകാൻ.
  • രാജ്യത്തെ കൃഷിക്കായി ഡ്രോണുകൾ ഉപയോഗിക്കുമെന്ന് പറഞ്ഞ പ്രധാനമന്ത്രി ഇന്ന് സമരം ചെയ്യുന്ന കർഷകർക്കു നേരെ ടിയർ ഗ്യാസുകളെറിയാൻ ഡ്രോണുകൾ ഉപയോഗിക്കുന്നു.

നികുതി

ബിജെപിയുടെ അവകാശവാദം 

  • അമിത നികുതിയിൽ നിന്നും മധ്യവർഗത്തെ ഒഴിവാക്കും, ബ്ലാക്ക് ഇക്കോണമിയെ നിയന്ത്രിക്കുന്നതിനായി ജിഎസ്ടി നികുതി പിരിവ് വർദ്ധിപ്പിക്കും, മധ്യവർഗത്തിൻ്റെ കൈകളിൽ പണം ഉണ്ടാകുന്ന തരത്തിൽ നികുതി ഇളവുകൾ ഏർപ്പെടുത്തും തുടങ്ങിയ കാര്യങ്ങളാണ് നികുതി ആനുകൂല്യവുമായി ബന്ധപ്പെട്ട് ബിജെപിയുടെ പ്രകടന പത്രികയിൽ പറഞ്ഞിരുന്നത്.
  • 2013 ഒക്ടോബറിൽ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി, കേന്ദ്ര സർക്കാരിൻ്റെ നികുതി വിഹിതത്തിൻ്റെ 50 ശതമാനം സംസ്ഥാനങ്ങൾക്ക് നൽകണമെന്ന് 14ാം ധനകാര്യ കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു എന്നതും ശ്രദ്ധേയമാണ്.

യാഥാർത്ഥ്യം

  •  പ്രത്യക്ഷ നികുതി കുറയ്ക്കുകയും മൂലധന നികുതി ഇല്ലാതാക്കുകയും ചെയ്തു. പകരം പരോക്ഷ നികുതി വർദ്ധിപ്പിച്ചു. ഇത് സാധാരണക്കാരുടെ ജീവിതം ദുരിതത്തിലാക്കി.  ജിഎസ്ടി സർക്കാരിൻ്റെ വരുമാനം കുറക്കുകയാണുണ്ടായത്. കണക്കാക്കിയിരുന്നതു പോലെ നികുതി പിരിവ് നടന്നില്ല. സാധനങ്ങളുടെ വില കുറയുന്നതിന് പകരം വർദ്ധിക്കുകയും ചെയ്തു. കൂടാതെ നികുതി വെട്ടിപ്പ് തുടരുകയും ചെയ്തു.
  •  വൻകിട കോർപറേറ്റുകൾക്ക് ധനസഹായം നൽകുന്നത് മോദി സർക്കാർ തുടർന്നുകൊണ്ടിരുന്നു. സാധാരണക്കാർക്കു ലഭിക്കേണ്ടതിൻ്റെ ഗുണവും ലാഭവുമെല്ലാം കോർപറേറ്റ് കമ്പനികൾക്ക് നൽകുകയും മധ്യവർഗത്തിൻ്റെ വാങ്ങൽ ശേഷിയെ ഇല്ലാതാക്കുകയും ചെയ്തു. നികുതിയിളവ് നൽകുമെന്ന് പറഞ്ഞ വിഭാഗത്തിന് ഇരട്ടിഭാരം നൽകുന്ന തീരുമാനങ്ങളാണ് മോദി സർക്കാർ കൈക്കൊണ്ടത്. 2014-15 കാലയളവിൽ കോർപറേറ്റ് മുതലാളിമാർ നൽകിയിരുന്ന നികുതി 34.5 ശതമാനമായിരുന്നെങ്കിൽ 2024-25 അത് 27.2 ശതമാനമായി കുറഞ്ഞുവെന്ന് സമീപകാല കണക്കുകൾ കാണിക്കുന്നു.
  • രാജ്യത്തെ സമ്പത്തിൻ്റെ 77 ശതമാനവും സമൂഹത്തിലെ ഉന്നത തട്ടിലുള്ള 10 ശതമാനം പേരുടെ കൈകളിലാണ്. ആരോഗ്യ ചെലവുകൾ വർദ്ധിച്ചതും പ്രത്യക്ഷ നികുതിയും പരോക്ഷ നികുതിയും അടക്കാൻ നിർബന്ധിതരായതും ജനങ്ങളെ പട്ടിണിയിലാക്കി.
  • 2014ന് മുൻപ് കേന്ദ്രത്തിൻ്റെ നികുതി വിഭജനത്തെക്കുറിച്ച് വാചാലനാവുകയും സംസ്ഥാനത്തിന് ധനസഹായം നിഷേധിച്ച യുപിഎ സർക്കാരിനെ നിരന്തരമായി ചോദ്യംചെയ്യുകയും ചെയ്തിരുന്ന മോദി, ഇന്ന് തൻ്റെ ഭരണത്തിനു കീഴിൽ സംസ്ഥാന വിഹിതം കുറയുന്നതിനെക്കുറിച്ച് സംസാരിക്കുന്നില്ല.
  • 2015-16ൽ 34.8 ശതമാനമായിരുന്ന സംസ്ഥാനങ്ങളുടെ വിഹിതം 2022-23ൽ 29.6 ശതമാനമായി കുറഞ്ഞു. അടുത്തിടെ സാമ്പത്തിക അവകാശങ്ങൾക്കുവേണ്ടി കേരളത്തിലും കർണാടകയിലും നടന്ന സമരത്തെ രാജ്യത്തെ ഇല്ലാതാക്കാനുള്ള ശ്രമമാണെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്.ഇന്ധനത്തിന് 2020-21 മുതൽ 2023-24 വരെ ജനങ്ങൾക്ക് നൽകേണ്ടി വന്ന ശരാശരി വാർഷിക നികുതി 4.07 ലക്ഷമാണ്. 

കടമെടുപ്പ്

ബിജെപിയുടെ അവകാശവാദം 

  • എൻപിഎ പോലുള്ള അനുചിതമായ വായ്പ പദ്ധതികൾക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുമെന്ന് ബിജെപി വക്താക്കൾ ആവർത്തിച്ചു പറഞ്ഞിരുന്നു. പാപ്പരത്തം പരിഹരിക്കുന്നതിനും കിട്ടാക്കടങ്ങൾ തിരിച്ചു പിടിക്കുന്നതിനും സഹായകമാകുമെന്ന് അവകാശപ്പെട്ടുകൊണ്ടാണ് 2016ൽ ബിജെപി സർക്കാർ ഇൻസോൾവൻസി ആൻഡ് ബാങ്ക്റപ്‌സി കോഡ് പാസ്സാക്കിയത്.
  • സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും ചെറുകിട സംരംഭങ്ങളെ രക്ഷിക്കുമെന്നും അവർക്ക് സർക്കാർ സംരക്ഷണം നൽകുമെന്നുമാണ്  എമർജൻസി ക്രെഡിറ്റ് ലൈൻ ഗ്യാരൻ്റി സ്കീമിനെക്കുറിച്ച് പ്രധാനമന്ത്രി പറഞ്ഞത്.


യാഥാർത്ഥ്യം

  •  കൃത്യമായ അന്വേഷണങ്ങളില്ലാതെ വൻകിട കോർപറേറ്റുകൾക്ക് വായ്പ നൽകിയത് പൊതുമേഖല ബാങ്കുകളിൽ നിഷ്ക്രിയ ആസ്തികളുടെ അഥവ എൻപിഎകളുടെ വർദ്ധനവിന് കാരണമായി. 2014- 15 ലെ പൊതുമേഖല ബാങ്കുകളിലെ മുഴുവൻ നിഷ്ക്രിയ ആസ്തി 1.6 മടങ്ങ് വർദ്ധിച്ചതായാണ് ആർബിഐയുടെ കണക്കുകൾ കാണിക്കുന്നത്. അതായത് മോദി സർക്കാരിൻ്റെ 10 വർഷത്തെ ഭരണത്തിനിടയിലെ നിഷ്ക്രിയ ആസ്തി 54 കോടി രൂപയാണ്.
  • 2019 മാർച്ചിൽ 43 ശതമാനമായിരുന്ന വീണ്ടെടുക്കൽ നിരക്ക് 2023ൽ 32 ശതമാനമായി കുറഞ്ഞു. അതേസമയം വീണ്ടെടുക്കൽ സമയ പരിധി 324 ദിവസമായിരുന്നത് 653 ദിവസമായി.
  • 2018 മുതൽ വിജയ് മല്ല്യയും നീരവ് മോദിയുമുൾപ്പെടെ 10 പേരെയാണ് സാമ്പത്തിക കുറ്റവാളികളായി പ്രഖ്യാപിച്ചത്. ഏകദേശം 40000 കോടിയാണ് കേസുകളിലെ പ്രതികൾ കബളിപ്പിച്ചത്. ഇവരുടെ കണ്ടുകെട്ടിയ വസ്തുക്കൾ മുഴുവൻ തുകയുടെ 40 ശതമാനത്തിനും താഴെയാണ്. നാല് കുറ്റവാളികളെ മാത്രമാണ് ഇഡി ഇന്ത്യയിലേക്ക് തിരിച്ചയച്ചിട്ടുള്ളത്.
  • കർശനമായ യോഗ്യത മാനദണ്ഡങ്ങൾ, ഡോക്യുമെൻ്റേഷൻ, ഈട് നൽകുന്നതിലുള്ള ബുദ്ധിമുട്ട് തുടങ്ങിയ കാരണങ്ങളാൽ  കിസാൻ ക്രെഡിറ്റ് കാർഡ് വഴി കർഷകർക്ക് വായ്പ ലഭിക്കുന്നില്ല.
  • ഒരു കർഷകന് വായ്പ നൽകുന്നതിനായി കർശനമായ പശ്ചാത്തല പരിശോധനകളും അന്വേഷണങ്ങളും നടത്തുന്നു. അതേസമയം, കോർപറേറ്റുകൾക്ക് വായ്പ മാനദണ്ഡങ്ങളിൽ ഇളവ് അനുവദിക്കുന്നു.കർഷകരെക്കാൾ കുറഞ്ഞ വായ്പ നിരക്കാണ് കോർപറേറ്റുകൾക്കുള്ളത്. കാർഷിക വായ്പക്ക് കർഷകർ നൽകേണ്ട പലിശ നിരക്ക് എട്ട് ശതമാനം മുതൽ 14 ശതമാനമാണ്. കോർപറേറ്റുകൾക്ക് നൽകേണ്ടി വരുന്ന പലിശ നിരക്ക് 7.5 മുതൽ 8.5 ശതമാനം വരെയും.
  • ഒരു ലക്ഷം വരെ കർഷകർക്ക് പലിശ രഹിത വായ്പ നൽകുമെന്ന് 2019ലെ ബിജെപിയുടെ പ്രകടനപത്രികയിൽ പറഞ്ഞിരുന്നെങ്കിലും നടപ്പാക്കിയിട്ടില്ല.
  • പ്രകൃതിക്ഷോഭം മൂലമോ വിളനാശം മൂലമോ കർഷകർക്ക് വായ്പ തിരിച്ചടക്കാനാകാതെ വന്നാൽ അവരുടെ സ്വത്തുക്കൾ ബാങ്കുകൾ കണ്ട് കെട്ടുന്നു. മറുവശത്ത് വായ്പ തിരിച്ചടവിൽ വീഴ്ച വരുത്തുന്ന വൻകിട കോർപറേറ്റുകൾക്ക് ഒരു ശിക്ഷയും അനുഭവിക്കേണ്ടി വരുന്നില്ല. കടത്തിൻ്റെ ചെറിയൊരു ശതമാനം മാത്രം തിരിച്ചടച്ചാൽ സ്കോട്ട് ഫ്രീ വഴി അവർക്ക് ശിക്ഷയിൽ നിന്നും ഒഴിവാകാം. 2023ൽ കാർഷിക മേഖലയിലെ വായ്പ നിരക്ക് 16.6 ശതമാനമാണ് വർദ്ധിച്ചിട്ടുള്ളത്. എംഎസ്എംഇകൾക്ക് കോവിഡിൽ നിന്നും കരകയറാൻ എമർജൻസി ക്രെഡിറ്റ് ലൈൻ ഗ്യാരൻ്റി സ്കീം പ്രയോജനപ്പെടുമെന്ന് കരുതിയെങ്കിലും പ്രാവർത്തികമായില്ല. 

മോണിറ്റൈസേഷൻ

ബിജെപിയുടെ അവകാശവാദം 

  •  2022-25 കാലയളവിൽ പെതുസ്വത്തുക്കൾ ഉപയോഗപ്പെടുത്തിയുള്ള ധനസമാഹരണത്തിലൂടെ ആറ് കോടി രൂപ സമാഹരിക്കുമെന്ന് 2021ലെ ദേശീയ മോണിറ്റൈസേഷൻ പൈപ് ലൈനിൽ പറയുന്നു.
  • എൻഎംപിയിൽ നിന്നുമുള്ള വരുമാനം അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്കായി ഉപയോഗിക്കുമെന്നും വരുമാനമുണ്ടാക്കാൻ കഴിയാത്ത പെതുസ്വത്തുക്കളാകും മോണിറ്റൈസ് ചെയ്യുകയെന്നും ബിജെപി സർക്കാർ പറഞ്ഞിരുന്നു. ഇത് സ്വകാര്യവത്കരണമല്ലെന്നും മറിച്ച് പാട്ടത്തിന് കൊടുക്കുകയാണെന്നുമാണ് പറഞ്ഞത്.

യാഥാർത്ഥ്യം

  • പെതുസ്വത്തുക്കൾ മോണിറ്റൈസ് ചെയ്താൽ, ലാഭം മാത്രം ആഗ്രഹിക്കുന്ന സ്വകാര്യ കോർപറേറ്റുകൾ തിരികെ അത് സർക്കാരിന് നൽകാൻ താൽപര്യപ്പെടില്ല. നഷ്ടമുണ്ടാക്കുന്ന പെതുസ്വത്തുക്കൾ ധനസമ്പാദനത്തിന് വേണ്ടി ഉപയോഗിക്കാമെങ്കിലും അത് ശരിയായ രീതിയില്ല നടക്കുന്നത്. SAIL, GAIL, ONGC, റെയിൽവേ തുടങ്ങിയവ മോണിറ്റൈസേഷനായി നീക്കിവെച്ചിരിക്കുകയാണ്.
  • പെതുസ്വത്തുക്കൾ സ്വകാര്യവത്കരിച്ചാൽ അവ ഉപയോഗിക്കാനായി പൊതുജനം നൽകുന്ന പണത്തിനും വർദ്ധനവുണ്ടാകും. ബൊളീവിയയിൽ വെള്ളത്തിന് മേലുണ്ടായ സ്വകാര്യവത്കരണം വെള്ളത്തിൻ്റെ വില എട്ട് മടങ്ങ് വർദ്ധിക്കുന്നതിന് കാരണമായി. സിംഗപൂരിൽ റെയിൽവേയുടെ  സ്വകാര്യവത്കരണം പരാജയപ്പെട്ടപ്പോൾ സർക്കാർ തന്നെ അത് ഏറ്റെടുക്കേണ്ട സ്ഥിതിയിലേക്ക് വന്നിരുന്നു.
  • ഇത്തരം ധനസമ്പാദന സ്കീമുകൾ മൂല്യതകർച്ചക്ക് കാരണമാകുന്നു. 26700 കിലോമീറ്റർ ദേശീയ പാത റോഡുകൾ മോണിറ്റൈസ് ചെയ്യുന്നതിലൂടെ 1.6 ലക്ഷം കോടി രൂപ ലഭിക്കുമെന്നാണ് സർക്കാർ കണക്കാക്കുന്നത്. 2019ലെ റോഡ് ട്രാൻസ്പോർട്ട് ആൻ്റ് ഹൈവേ മന്ത്രാലയം തയ്യാറാക്കിയ എസ്റ്റിമേറ്റ് പ്രകാരം 26700 കിലോമീറ്റർ ദൈർഘ്യമുള്ള ദേശീയ പാതകളുടെ നിർമാണ ചെലവ് എട്ട് കോടിയിലധികമാണ്.
  •  സ്വകാര്യ കമ്പനികളിൽ സംവരണം നടക്കാതെ വരുന്നു. അടിച്ചമർത്തപ്പെട്ട സമുദായങ്ങളിൽ നിന്നുള്ള നിരവധി പേർക്ക് തൊഴിലവസരങ്ങൾ നഷ്ടമാകും. റെയിൽവേയും റോഡുകളുമാണ് മോണിറ്റൈസേഷൻ ചെയ്യാനൊരുങ്ങുന്നത്. ദശാബ്ദങ്ങളായി ദളിതരും, മുസ്ലീങ്ങളും, ആദിവാസികളും പ്രാതിനിധ്യം നേടിയിട്ടുള്ള മേഖലയാണ് റെയിൽവേ. റെയിൽവേയിലെ 25 ശതമാനം ജീവനക്കാരും എസ്സി എസ്ടി വിഭാഗത്തിൽ നിന്നുള്ളവരാണെന്നാണ് 2020ലെ കണക്കുകൾ സൂചിപ്പിക്കുന്നത്.

വിലക്കയറ്റം

ബിജെപിയുടെ അവകാശവാദം

  • രാജ്യത്ത് ആരും പട്ടിണി കിടക്കേണ്ടി വരില്ലെന്നും വിലക്കയറ്റം ഉറപ്പായും നിയന്ത്രിക്കുമെന്നും 2014ൽ മോദി വാക്ക് നൽകിയിരുന്നു.
  • വിലക്കയറ്റം കുടുംബ ബജറ്റിൻ്റെ താളം തെറ്റിക്കുമെന്നും യുപിഎ സർക്കാരിൻ്റെ കാലത്താണ് പണപ്പെരുപ്പം ഏറ്റവും കൂടുതലുണ്ടായിരിക്കുന്നതെന്നും 2014ൽ മോദി പറഞ്ഞു.
  • രാജ്യത്തെ നിരവധിപേർക്ക് പോഷകാഹാരം ലഭിക്കുന്നില്ലെന്നും ബിജെപി അധികാരത്തിലെത്തിയാൽ വിലക്കയറ്റം നിയന്ത്രിക്കുകയാണ് ഞങ്ങളുടെ പ്രധാന ദൗത്യമെന്നും മോദി പറഞ്ഞു.

യാഥാർത്ഥ്യം

  • 2022 എഫ്എഒ സൂചികയിൽ ഭക്ഷ്യവിലക്കയറ്റം കുറവാണ് കാണിക്കുന്നതെങ്കിലും ഇന്ത്യയിൽ ഇത് നേർവിപരീതമാണ്. 2023 ഡിസംബറിലെ കണക്ക് പ്രകാരം ഭക്ഷ്യവിലക്കയറ്റം 9.5 ശതമാനമാണ്.
  • 2019ൽ വിലക്കയറ്റത്തെക്കുറിച്ച് ബിജെപി സർക്കാർ യാതൊരു വിധ പരാമർശവും നടത്തിയിട്ടില്ല. ഡൽഹിയിൽ സബ്സിഡിയില്ലാത്ത ഗ്യാസ് സിലിണ്ടറുകളുടെ വില 905 രൂപയിൽ നിന്നും 1103 രൂപയായി വർദ്ധിച്ചു.
  • വിലക്കയറ്റം പുതിയൊരു കാര്യമല്ലെങ്കിലും സമീപ വർഷങ്ങളിലുണ്ടായ വിലക്കയറ്റം സാധാരണക്കാരായ ജനങ്ങളുടെ ദൈന്യംദിന ജീവിതത്തിന് അധിക ഭാരമാവുകയാണുണ്ടായത്. നിർമാണ തൊഴിലാളികളുടെയും കർഷകരുടെയും വേതനം 10 ശതമാനത്തിൽ നിന്നും 12 ശതമാനമായി വർദ്ധിച്ചപ്പോൾ ധാന്യങ്ങളുടെ വില 22 ശതമാനമായി വർദ്ധിച്ചു. ഇന്ധന വില 16 ശതമാനവും പാലുൽപ്പന്നങ്ങളുടെ വില 14 ശതമാനവുമായി വർദ്ധിച്ചു.
  • ഒരു നേരത്തെ ഭക്ഷണം പോലും കഷ്ടിച്ച് ലഭിക്കുന്നവരെ വിലക്കയറ്റം സാരമായി ബാധിക്കും. തുടർച്ചയായി ഉണ്ടാകുന്ന വിലക്കയറ്റം പോഷകാഹാര കുറവിലേക്ക് നയിക്കും. വേൾഡ് ഹംഗർ ഇൻഡക്സിൽ 2022ൽ 107ാം സ്ഥാനത്തായിരുന്ന ഇന്ത്യ 2023ൽ 111ാം സ്ഥാനത്തായി.
  • ഇന്ത്യയിലെ അഞ്ച് ബിസിനസ് ഗ്രൂപ്പുകൾ വിലക്കയറ്റത്തിന് കാരണമാകും വിധം സ്വാധീനിക്കുന്നുണ്ടെന്ന് ചില സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെട്ടു. ജിഎസ്ടി,
    ലോക്ഡൗണ്‍ തുടങ്ങിയവ അസംഘടിത മേഖലയെയും ചെറുകിട കച്ചവടക്കാരെയും വലിയ രീതിയിൽ ബാധിച്ചിട്ടുണ്ട്. 

എൻപിഎ

ബിജെപിയുടെ അവകാശവാദം 

  •  ‘ബാങ്കിങ്ങ് മേഖലയിൽ എൻപിഎ കുതിച്ചുയരുകയാണ്. ബിജെപി അധികാരത്തിലെത്തിയാൽ എൻപിഎ കുറക്കുന്നതിനായി വേണ്ട നടപടികളെടുക്കും’. 2014ൽ ബിജെപി നൽകിയ അടുത്ത വാഗ്ദാനമിതായിരുന്നു.
  • കോടികളുടെ നഷ്ടമുണ്ടാകുന്ന പൊതുമേഖല ബാങ്കുകളെ ഞങ്ങൾ ലാഭമുള്ളതാക്കി മാറ്റുമെന്നും അഴിമതിയിലൂടെ യുപിഎ സർക്കാർ തകർത്ത ബാങ്കുകളെ ശരിയായ പ്രവർത്തന രീതിയിലേക്ക് ബിജെപി സർക്കാർ കൊണ്ടുവന്നുവെന്നും മോദി പറഞ്ഞു.

യാഥാർത്ഥ്യം

  • 2014 -15 കാലയളവിൽ പൊതുമേഖല ബാങ്കുകളിൽ എൻപിഎയിൽ 1.6 മടങ്ങ് വർദ്ധനവുണ്ടായതായി കണക്കുകൾ സൂചിപ്പിക്കുന്നു. മാത്രമല്ല കുടിശ്ശിക വരുത്തുന്നവരുടെ കടങ്ങൾ എഴുതിത്തള്ളുന്ന നടപടിയും ആർബിഐ സ്വീകരിച്ചിട്ടുണ്ട്.
  • പൊതുമേഖല ബാങ്കുകൾ എഴുതിത്തള്ളുന്ന തുക 2013ൽ 7187 കോടിയായിരുന്നത് 2023ൽ 1.27 ലക്ഷം കോടി രൂപയായി ഉയർന്നു. 2014 മുതൽ 2023വരെ ബാങ്കുകൾ എഴുതിത്തള്ളിയത് 15. 23 കോടിയാണ്. മെഹുൽ ചോക്സി, ഋഷി അഗർവാൾ പോലുള്ളവർ അടച്ച് തീർക്കാനുള്ള കുടിശ്ശിക 87000 കോടി രൂപയാണ്.

റെവ്ഡിസ്

ബിജെപിയുടെ അവകാശവാദം

  • കോർപറേറ്റുകൾക്കുള്ള ഇൻസെൻ്റീവ്സ് രാജ്യത്തിൻ്റെ സാമ്പത്തിക വളർച്ചക്ക് സഹായിക്കുമെന്നും അതുവഴി നിക്ഷേപം വർദ്ധിക്കുമെന്നും മോദി പറഞ്ഞു. കുടിശ്ശിക വരുത്തിയിട്ടുള്ള ഒരു പാർട്ടിക്കും ലോൺ നൽകില്ലെന്നും ഇതുവരെ നൽകിയിട്ടുള്ള എല്ലാ വായ്പകളും തിരിച്ചെടുക്കുക എന്നുള്ളത് സർക്കാരിൻ്റെ ഉത്തരവാദിത്വമാണെന്നും പറഞ്ഞിരുന്നു.
  • നികുതി വരുമാനം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സബ്സിഡികൾ നൽകി കോർപറേറ്റ് ലാഭം കൂട്ടുന്നതാണ് പിഎൽഐ പദ്ധതി. അതുവഴി കോർപറേറ്റുകൾക്ക് എംഎസ്എംഇകളെ ഉയർത്തിക്കൊണ്ട് വരാൻ കഴിയുമെന്ന് ബിജെപി സർക്കാർ ഉറപ്പ് നൽകിയിരുന്നു.

യാഥാർത്ഥ്യം

  • 2019ൽ കോർപറേറ്റുകൾക്കുള്ള നികുതി 30 ശതമാനത്തിൽ നിന്നും 22 ശതമാനമാക്കി സർക്കാർ കുറച്ചു. പുതിയ കമ്പനികളുടേത് 15 ശതമാനമായാണ് കുറച്ചത്. കോർപറേറ്റുകളുടെ നികുതി വെട്ടിക്കുറച്ചത് 1.84 ലക്ഷം കോടി രൂപയുടെ വരുമാന നഷ്ടമാണ് രാജ്യത്തിനുണ്ടാക്കിയത്.
  • കഴിഞ്ഞ അഞ്ച് വർഷത്തിനിടെ  12 ലക്ഷം കോടി രൂപയാണ് ഷെഡ്യൂൾഡ് കൊമേഷ്യൽ ബാങ്കുകൾ എഴുതിത്തള്ളിയത്. എഴുതി തള്ളിയ ലോണുകളുടെ ചെറിയൊരു ഭാഗം മാത്രമാണ് ബാങ്കുകൾക്ക് തിരിച്ചെടുക്കാൻ കഴിഞ്ഞിട്ടുള്ളത്. കോർപറേറ്റുകളിൽ നിന്നുള്ള വായ്പ തിരിച്ചടവ് തിരിച്ചു പിടിക്കുന്നതിൽ ബിജെപി സർക്കാർ പൂർണമായും പരാജയപ്പെട്ടു.
  • ആറ് വർഷത്തിനുള്ളിൽ 1.9 ലക്ഷം കോടി സബ്സിഡിയായി നൽകിയിട്ടുള്ള ബിജെപി സർക്കാരിൻ്റെ വലിയൊരു വാഗ്ദാനമായിരുന്നു പിഎൽഐ പദ്ധതി. വൻകിട കോർപറേറ്റുകൾക്കും വ്യവസായങ്ങൾക്കും സബ്സിഡി നൽകി നിക്ഷേപം കൂട്ടാമെന്ന ലക്ഷ്യത്തോടെയുള്ള പിഎൽഐ പദ്ധതി വിജയം കണ്ടില്ല. 

ന്യൂനപക്ഷങ്ങളും ദളിതരും സ്ത്രീകളും

ബിജെപിയുടെ അവകാശവാദം

  • സർക്കാരിൻ്റെ ക്ഷേമപദ്ധതികളുടെ പ്രധാന ഗുണഭോക്താക്കൾ മുസ്ലീങ്ങളാണെന്നും ഇത് മതേതരത്വമാണെന്നും ബജറ്റ് അവതരണ വേളയിൽ ധനമന്ത്രി പറഞ്ഞിരുന്നു.
  • എല്ലാവരുടെയും വിശ്വാസങ്ങൾ മാനിച്ചുകൊണ്ട് കൂട്ടായ പ്രയത്നത്തിലൂടെ വളർച്ച  കൈവരിക്കുക, സ്ത്രീകളെ ശക്തരാക്കാനും അവരുടെ സുരക്ഷക്കുമായി ബേട്ടി  ബചാവോ, ബേട്ടി പഠാവോ ആശയം പ്രോത്സാഹിപ്പിക്കുക തുടങ്ങിയവയെല്ലാം ബിജെപിയുടെ വാഗ്ദാനങ്ങളായിരുന്നു.

യാഥാർത്ഥ്യം

  • എന്നാൽ നീതിക്ക് പകരം മുസ്ലീങ്ങൾക്ക് ലഭിച്ചത് ബുൾഡോസർ അനീതിയാണ്.   മുസ്ലീങ്ങളുടെ ആരാധനാലയങ്ങൾ, വീടുകൾ, വ്യാപാരസ്ഥലങ്ങൾ എന്നിവയെല്ലാം ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചുമാറ്റി. പ്രധാന മതവിഭാഗങ്ങൾക്കിടയിലെ ഏറ്റവും ദരിദ്രരായ വിഭാഗങ്ങളിലൊന്നാണ് മുസ്ലീങ്ങളെന്ന് ഹിന്ദുസ്ഥാൻ ടൈംസിൻ്റെ വിശകലന റിപ്പോർട്ടുകളിൽ(ആൾ ഇന്ത്യ ഡെബ്റ്റ് ആൻ്റ് ഇൻവെസ്റ്റ്മെൻ്റ് സർവേ, പീരിയോഡിക് ലേബർ ഫോഴ്സ് സർവേ) പറയുന്നു.
  • പശുവിൻ്റെ പേരിൽ മുസ്ലീങ്ങൾക്കെതിരെ നടന്ന ആക്രമണങ്ങളിൽ 97 ശതമാനവും സംഭവിച്ചത് ബിജെപി അധികാരത്തിലെത്തിയതിനുശേഷമാണെന്ന് ഇന്ത്യ സ്പെൻഡിൻ്റെ റിപ്പോർട്ടിൽ പറയുന്നു. പശുവുമായി ബന്ധപ്പെട്ട 66 കേസുകളിൽ 35 കേസുകളും റിപ്പോർട്ട് ചെയ്തത് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നിന്നാണ്.
  • സ്ത്രീകൾക്കെതിരായ ആക്രമണങ്ങൾ ഏറ്റവും കൂടുതൽ നടക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. 2021ലെ നാഷണൽ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ റിപ്പോർട്ട് പ്രകാരം സ്ത്രീകൾക്കെതിരായി നടന്ന 405861 കേസുകളിൽ 32033 കേസുകളും റേപ്പ് കേസുകളാണ്.
  • തൊഴിൽ മേഖലയിൽ സ്ത്രീ പങ്കാളിത്തം വർദ്ധിക്കാനുള്ള കാരണം സ്ത്രീകൾ സ്വയം തൊഴിലിൽ ഏർപ്പെടുന്നതുകൊണ്ടാണെന്നും അത് സാമ്പത്തിക വളർച്ചയായി കാണാനാകില്ലെന്നും അസിം പ്രേംജി യൂണിവേഴ്സിറ്റി പുറത്തുവിട്ട ‘സ്റ്റേറ്റ് ഓഫ് വർക്കിങ്ങ് ഇന്ത്യ 2023’ എന്ന റിപ്പോർട്ടിൽ പറയുന്നു.
  • 2019ലെ ഡേറ്റ പ്രകാരം കേന്ദ്ര സർക്കാരിന് കീഴിലെ നിയമനങ്ങളിൽ 89 സെക്രട്ടറിമാരിൽ ഒരാൾ മാത്രമാണ് ഷെഡ്യൂൾഡ് കാസ്റ്റിൽ നിന്നുള്ളത്. മൂന്ന് പേർ ഷെഡ്യൂൾഡ് ട്രൈബ്സിൽ നിന്നുള്ളവരുമാണ്.
  • 2021ൽ എസ്സിഎസ്ടി വിഭാഗങ്ങൾക്കെതിരെയുള്ള അതിക്രമങ്ങൾ 1.2 ശതമാനം വർദ്ധിച്ചതായി കണക്കുകൾ സൂചിപ്പിക്കുന്നു. ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഉത്തർപ്രദേശിലാണ്. 25.82 ശതമാനം കേസുകൾ ഉത്തർപ്രദേശിൽ റിപ്പോർട്ട് ചെയ്തപ്പോൾ രാജസ്ഥാനിൽ 14.7 ശതമാനവും മധ്യപ്രദേശിൽ 14.1 ശതമാനവും റിപ്പോർട്ട് ചെയ്തു. ആഗോള ദാരിദ്ര്യ സൂചിക പ്രകാരം ഇന്ത്യയിലെ ദളിതരുടെ മൂന്നിലൊന്ന് പേരും പട്ടിണിയിലാണ്.

ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ വളർച്ച താഴേക്ക് കൂപ്പുകുത്തുന്നതായാണ് മോദി ഭരണകാലത്തെ എല്ലാ മേഖലയിലും പ്രതിഫലിക്കുന്നത്. തെരഞ്ഞെടുപ്പ് വിജയത്തിന് മാത്രമായി ജനങ്ങളെ പറഞ്ഞ് പറ്റിക്കുകയും കോർപറേറ്റുകളുടെ ലാഭത്തിനായി ഇന്ത്യയെ ബലികൊടുക്കുകയും ചെയ്യുന്ന ഭരണകൂടത്തിന് കീഴിലാണ് ഇന്ത്യയിലെ ജനങ്ങൾ എന്നതാണ് യാഥാർത്ഥ്യം.

Translated by Firdousy  E R

FAQs

എന്താണ് ജിഡിപി?

ഒരു നിശ്ചിത പ്രദേശത്ത് നിശ്ചിത കാലയളവിൽ ഉത്പാദിപ്പിക്കപ്പെടുന്ന മൊത്തം വസ്തുക്കളുടെയും ,സേവനത്തിന്റെയും വിപണിമൂല്യമാണ് മൊത്ത ആഭ്യന്തര ഉത്പാദനം അഥവാ ജിഡിപി . ഒരു രാജ്യത്തിന്റെ സാമ്പത്തിക ശേഷി അളക്കുന്നതിനുള്ള സൂചികയാണ് ജിഡിപി.

എന്താണ് മോണിറ്റൈസേഷൻ?

ധനസമാഹരണത്തിനായി രാജ്യത്തിൻ്റെ പൊതുസ്വത്തുക്കൾ വിൽപ്പനക്ക് വെക്കുന്നു. അവയുടെ മൂല്യത്തെ പണമായിട്ടു മാറ്റുന്നു.നിശ്ചിതകാലയളവു കഴിഞ്ഞാല്‍ ഈ ആസ്തികള്‍ തിരിച്ചു സര്‍ക്കാരിനു ലഭിക്കുകയും ചെയ്യുന്നു.

ആരാണ് ഋഷി അഗർവാൾ?

എബിജി ഷിപ്പിയാർഡ് ലിമിറ്റഡിൻ്റെ ചെയർമാനാണ് ഋഷി അഗർവാൾ. 22848 കോടിയുടെ ബാങ്ക് തട്ടിപ്പിൻ്റെ പേരിൽ 2022 ലാണ് ഋഷി അഗർവാളിനെ സിബിഐ അറസ്റ്റ് ചെയ്യുന്നത്.

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.