Sat. Jan 18th, 2025

ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിൽ കർണാടകയിലെ എംപി അനന്ത്കുമാർ ഹെഗ്‌ഡെയ്ക്ക് സീറ്റ് നിഷേധിച്ച് ബിജെപി. അടുത്തിടെ അനന്ത്കുമാർ ഹെഗ്‌ഡെ ഭരണഘടനയിൽ മാറ്റം വരുത്തുമെന്ന വിവാദ പ്രസ്താവന നടത്തിയിരുന്നു. ഇതാണ് സീറ്റ് നഷ്ടപ്പെടാനുള്ള കാരണമെന്നാണ് റിപ്പോർട്ട്.

ബിജെപിക്ക് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 400 സീറ്റ് ലഭിച്ചാൽ ഭരണഘടനയിൽ മാറ്റം വരുത്തുമെന്നാണ് ഒരു പൊതുസമ്മേളനത്തിൽ ഹെഗ്‌ഡെ പറഞ്ഞത്. കോൺഗ്രസ് ഭരണ കാലത്ത് ഹിന്ദുക്കളെ അടിച്ചമർത്താൻ ലക്ഷ്യമിട്ട് ഭരണഘടനയിൽ അനാവശ്യമായ ഭേദഗതി വരുത്തിയിട്ടുണ്ട്. അതെല്ലാം മാറ്റിയെടുക്കണം എന്ന് ഹെഗ്‌ഡെ പറഞ്ഞിരുന്നു.

അനന്ത്കുമാർ ഹെഗ്‌ഡെയുടെ പ്രസ്താവന വിവാദമായതോടെ അനന്ത്കുമാർ ഹെഗ്‌ഡെയ്ക്കും ബിജെപിയ്ക്കും എതിരെ പ്രതിഷേധങ്ങള്‍ ശക്തമായി. അനന്ത്കുമാർ ഹെഗ്‌ഡെയുടേത് പാർട്ടി നിലപാടല്ലെന്നും വ്യക്തിപരമായ അഭിപ്രായമാണെന്നും വിശദീകരിച്ച് ബിജെപി രംഗത്തെത്തിയിരുന്നു.

ഉത്തര കന്നഡയിൽ നിന്ന് ആറ് തവണ എംപിയായിരുന്നു അനന്ത്കുമാർ ഹെഗ്‌ഡെ. അനന്ത്കുമാർ ഹെഗ്‌ഡെയ്ക്ക് പകരം കർണാടക നിയമസഭാ സ്പീക്കറും സംസ്ഥാന മന്ത്രിയുമായിരുന്ന വിശ്വേശ്വർ ഹെഗ്‌ഡെ കഗേരി മണ്ഡലത്തിൽ നിന്ന് മത്സരിക്കും.