Mon. Dec 23rd, 2024

ബെംഗളൂരു: കടുത്ത ജലക്ഷാമം നേരിടുന്ന ബെംഗളൂരുവിൽ കുടിവെള്ളം പാഴാക്കിയതിന് 22 കുടുംബങ്ങൾക്ക് പിഴ ചുമത്തി. ജലക്ഷാമം കടുത്തതോടെ വെള്ളത്തിന്റെ ഉപയോഗത്തിലും വലിയ നിയന്ത്രണം അധികൃതർ കൊണ്ടുവന്നിരുന്നു. 22 കുടുംബങ്ങൾ വെള്ളം പാഴാക്കിയെന്ന് കണ്ടെത്തിയതോടെ 5000 രൂപ വീതമാണ് അധികൃതർ പിഴ ചുമത്തിയത്.

ബെംഗളൂരു വാട്ടർ സപ്ലൈ ആൻഡ് സ്വീവേജ് ബോർഡ് (ബിഡബ്ല്യുഎസ്എസ്ബി) 22 കുടുംബങ്ങളിൽ നിന്ന് 1.1 ലക്ഷം രൂപ പിഴ ഈടാക്കിയതായി ഡെക്കാൻ ഹെറാൾഡ് റിപ്പോർട്ട് ചെയ്തു.

ടാങ്കർ വെള്ളമോ പൈപ്പ് വെള്ളമോ കാർ കഴുകുന്നതിനോ ചെടി നനക്കുന്നതിനോ ഉപയോഗിക്കരുതെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു. ഇത്തരത്തിൽ കുടിവെള്ളം ദുരുപയോഗം ചെയ്യുന്നതിനെ കുറിച്ച് സോഷ്യൽ മീഡിയയിലൂടെ ലഭിച്ച പരാതിയെ തുടർന്ന് നടത്തിയ നിരീക്ഷത്തിലാണ് കുടിവെള്ളം പാഴാക്കുന്നത് കണ്ടെത്തിയത്.

കടുത്ത ജലക്ഷാമം കാരണം ഹോളി ആഘോഷങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. വാട്ടർ അതോറിറ്റിയുടെ വെള്ളമോ കുഴൽകിണർ വെള്ളമോ ഹോളി ആഘോഷത്തിന് ഉപയോഗിക്കുന്നത് നിരോധിച്ചിരുന്നു.