എറണാകുളം: ഡോ. ആര്‍എല്‍വി രാമകൃഷ്ണനെതിരെ ജാതീയ അധിക്ഷേപം നടത്തിയ കലാമണ്ഡലം സത്യഭാമയെ തള്ളി കേരള കലാമണ്ഡലം. സത്യഭാമയുടെതായി വന്നുകൊണ്ടിരിക്കുന്ന പ്രസ്താവനകളും പ്രതികരണങ്ങളും നിലപാടുകളും പൂര്‍ണമായും നിരാകരിക്കുകയും അപലപിക്കുകയും ചെയ്യുന്നുവെന്ന് കേരള കലാമണ്ഡലം പുറത്തിറക്കിയ ഔദ്യോഗിക കുറിപ്പില്‍ പറയുന്നു.
“ഒരു പരിഷ്കൃത സമൂഹത്തിന് നിരക്കാത്ത ഇത്തരം പ്രസ്താവനകള്‍ നടത്തുന്ന വ്യക്തികളുടെ പേരിനൊപ്പം കലാമണ്ഡലത്തിന്റെ പേര് ചേര്‍ക്കപ്പെടുന്നത് സ്ഥാപനത്തിന് കളങ്കമാണ്. കേരള കലാമണ്ഡലത്തിലെ ഒരു പൂര്‍വ വിദ്യാര്‍ഥി എന്നതിനപ്പുറം ഇവര്‍ക്ക് കലാമണ്ഡലവുമായി നിലവില്‍ ഒരു ബന്ധവുമില്ലെന്ന് പ്രസ്താവിക്കുന്നു.”, കേരള കലാമണ്ഡലം പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു.
ആര്‍എല്‍വി രാമകൃഷ്ണന് കാക്കയുടെ നിറമാണെന്നും മോഹിനിയാട്ടത്തിന് കൊള്ളില്ലെന്നുമായിരുന്നു സത്യഭാമയുടെ അധിക്ഷേപം. ആർഎൽവി രാമകൃഷ്ണനെ അധിക്ഷേപിച്ച പരാമർശത്തില്‍ മാധ്യമങ്ങളുടെ ചോദ്യങ്ങളോട് രൂക്ഷമായാണ് സത്യഭാമ പ്രതികരിച്ചത്.
മോഹിനിയാട്ടത്തിന് സൗന്ദര്യം വേണമെന്നും കറുത്തവര്‍ മേക്കപ്പിട്ട് വൃത്തിയാകണമെന്നും സത്യഭാമ പറഞ്ഞു. മോഹിനിയാട്ടം നടത്തുന്നത് മോഹിനിയാകണം, മോഹനനാകരുത്. കലോത്സവത്തില്‍ പല കുട്ടികളും മേക്കപ്പിന്‍റെ ബലത്തിലാണ് രക്ഷപ്പെടുന്നതെന്നും സത്യഭാമ ആരോപിച്ചു.
കേസിന് പോയാല്‍ പോട്ടെയെന്നും ആരെയും ജാതീഅധിക്ഷേപം നടത്തിയിട്ടില്ലെന്നും പറഞ്ഞ സത്യഭാമ പട്ടിയുടെ വാലിലും ഭരതനാട്യമാണിപ്പോള്‍ എന്ന് പറഞ്ഞും അധിക്ഷേപം തുടര്‍ന്നു. പതിനഞ്ച് കൊല്ലത്തിലേറെയായി മോഹിനിയാട്ട രംഗത്ത് അധ്യാപകനായും നർത്തകനായും പേരെടുത്ത വ്യക്തിയാണ് ഡോ. ആര്‍എല്‍വി രാമകൃഷ്ണന്‍.