Mon. Dec 23rd, 2024

കൊച്ചി: ഡോ. ഷഹനയുടെ ആത്മഹത്യ കേസിൽ പ്രതിയായ ഡോ. റുവൈസിന്റെ പിജി പഠനം തടഞ്ഞ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്. പഠനം തുടരാൻ അനുവദിക്കണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബഞ്ച് തടഞ്ഞത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിന്റെ അപ്പീലിലാണ് കോടതിയുടെ നടപടി.

റുവൈസിന്റെ സസ്പെൻഷൻ മൂന്ന് മാസത്തേക്ക് കൂടി നീട്ടാൻ മെഡിക്കല്‍ കോളേജ് നേരത്തെ തീരുമാനിച്ചിരുന്നു. ഇക്കാര്യം പരിശോധിക്കാൻ സർക്കാർ കമ്മിറ്റിയെ നിയോഗിച്ചിരുന്നു. ഒരാഴ്ചയ്ക്കകം അച്ചടക്ക നടപടി പുനപ്പരിശോധിച്ച് തീരുമാനമെടുക്കാൻ കമ്മിറ്റിക്ക് ഡിവിഷൻ ബെഞ്ച് നിർദേശം നല്‍കി.

കഴിഞ്ഞ ദിവസമാണ് റുവൈസിന്​ പഠനം തുടരാമെന്ന് ജസ്റ്റിസ്​ സിപി മുഹമ്മദ്​ നിയാസ് ഉത്തരവിട്ടത്.

ഡിസംബർ നാലിനാണ് ഡോ. ഷഹന ആത്മഹത്യ ചെയ്തത്. വലിയ തുക സ്ത്രീധനം ആവശ്യപ്പെട്ടതിനെ തുടർന്ന് റുവൈസുമായി നിശ്ചയിച്ചിരുന്ന വിവാഹം മുടങ്ങിയതിനാലാണ് ഡോ. ഷഹന ആത്മഹത്യ ചെയ്തെന്നാണ് കേസ്. ആത്മഹത്യ പ്രേരണക്കുറ്റത്തിനും സ്ത്രീധന നിരോധന നിയമ പ്രകാരമുള്ള കുറ്റങ്ങളും ചുമത്തിയാണ് റുവൈസിനെതിരെ കേ​സെടുത്തിരിക്കുന്നത്.