ചെന്നൈ: തമിഴ്‌നാട്ടില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ഡിഎംകെ സ്ഥാനാർത്ഥികളുടെ ആദ്യഘട്ട പട്ടിക പറത്തുവിട്ടു. 16 സ്ഥാനാർത്ഥികളുടെ പേരുകളാണ് ആദ്യഘട്ട പട്ടികയിൽ പ്രഖ്യാപിച്ചത്. മുതിർന്ന നേതാക്കളായ കെ കനിമൊഴി, എ രാജ, ടിആർ ബാലു, ദയാനിധി മാരൻ തുടങ്ങിയവർ ആദ്യഘട്ട പട്ടികയിൽ ഇടം നേടിയിട്ടുണ്ട്.
നോർത്ത് ചെന്നൈയിൽ കലാനിധി വീരസാമിയും സെൻട്രൽ ചെന്നൈയിൽ ദയാനിധി മാരനും തൂത്തുക്കുടിയിൽ കനിമൊഴിയും നീലഗിരിയിൽ എ രാജയും മത്സരിക്കും.
സ്ഥാനാർത്ഥി പട്ടികക്കൊപ്പം പ്രകടന പത്രികയും മുഖ്യമന്ത്രി എംകെ സ്റ്റാലിൻ പുറത്തിറക്കി. പൗരത്വ ഭേദഗതി നിയമം (സിഎഎ), ദേശീയ വിദ്യാഭ്യാസ നയം (എൻഇപി), ഏക സിവിൽ കോഡ് (യുസിസി) എന്നിവ സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന് പ്രകടന പത്രികയിൽ പറയുന്നുണ്ട്.
ചെന്നൈയില്‍ സുപ്രീംകോടതി ബെഞ്ച്, പുതുച്ചേരിക്ക് സംസ്ഥാന പദവി, നീറ്റ് പരീക്ഷ നിരോധിക്കും തുടങ്ങിയ വാഗ്ദാനങ്ങളും പ്രകടന പത്രികയിൽ പറയുന്നു.
സംസ്ഥാനത്ത് ഇന്ത്യ സഖ്യത്തിനൊപ്പമാണ് മത്സരിക്കുന്നത്. ഡിഎംകെ 21 സീറ്റുകളിലും കോൺഗ്രസ് 10 സീറ്റുകളിലും മത്സരിക്കും. സിപിഎം, സിപിഐ, വിസികെ എന്നിവര്‍ രണ്ടുവീതം സീറ്റിലും എംഡിഎംകെ, മുസ്‌ലിം ലീഗ്, കൊങ്കുനാട് മക്കള്‍ ദേശീയ കച്ചി എന്നിവര്‍ ഓരോ സീറ്റിലും മത്സരിക്കും.