Wed. Dec 18th, 2024

കൊൽക്കത്ത: പശ്ചിമ ബംഗാളിന്റെ പുതിയ ഡിജിപിയായി സഞ്ജയ് മുഖർജിയെ തിരഞ്ഞെടുപ്പ് കമ്മീഷൻ നിയമിച്ചു. നിലവിൽ ഡിജിപിയായിരുന്ന വിവേക് ​​സഹായിയെ തിരഞ്ഞെടുപ്പ് കമ്മീഷൻ ചൊവ്വാഴ്ചയാണ് നീക്കം ചെയ്തത്.

പശ്ചിമ ബംഗാളിൻ്റെ അടുത്ത പോലീസ് ഡയറക്ടർ ജനറലായി ഐപിഎസ് ഓഫീസർ വിവേക് ​​സഹായിയെ നിയമിച്ചതിന് തൊട്ടുപിന്നാലെയാണ് മുഖർജിയെ ഡിജിപിയായി നിയമിച്ചത്.

വിവേക് സഹായിയെ സീനിയോറിറ്റിയുടെ അടിസ്ഥാനത്തിലാണ് നിയമിച്ചത്. മെയ് അവസാന വാരത്തിൽ വിവേക് സഹായി ജോലിയിൽ നിന്ന് വിരമിക്കുന്നതിനാൽ തിരഞ്ഞെടുപ്പ് കമ്മീഷൻ സഞ്ജയ് മുഖർജിയെ ഡിജിപിയായി നിയമിച്ചതായി മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.

പശ്ചിമ ബംഗാൾ സർക്കാർ മൂന്ന് പേരുടെ പട്ടികയാണ് സമർപ്പിച്ചത്. പട്ടികയിലെ രണ്ടാമത്തെ വ്യക്തിയാണ് 1989 ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥനായ സഞ്ജയ് മുഖർജി.

ഇന്നലെയാണ് ആറ് സംസ്ഥാനങ്ങളിലെ ആഭ്യന്തര സെക്രട്ടറിമാരെയും ബംഗാൾ ഡിജിപിയെയും മാറ്റാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിട്ടത്. ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തിൽ സ്വതന്ത്രവും സുതാര്യവുമായ തിരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായായിരുന്നു നിർദേശം.

ഇന്നലെ സംസ്ഥാന ഡിജിപി സ്ഥാനത്ത് നിന്നും രാജീവ് കുമാറിനെ നീക്കി ഐപിഎസ് ഉദ്യോഗസ്ഥനായ വിവേക് ​​സഹായിനെ അടുത്ത ഡിജിപിയായി തിരഞ്ഞെടുപ്പ് കമ്മീഷൻ നിയമിച്ചിരുന്നു. വിവേക് ​​സഹായിയെ മാറ്റി സഞ്ജയ് മുഖർജിയെ നിയമിച്ചു.

ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുമായി അടുത്ത ബന്ധമുള്ള ഡിജിപി രാജീവ് കുമാറിനെയാണ് മാറ്റാൻ ഉത്തരവിട്ടിരുന്നത്. മുൻപും ബംഗാൾ ഡിജിപിമാരെ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് മാറ്റിയിട്ടുണ്ട്.