Fri. Nov 22nd, 2024

വാഷിങ്ടൺ: കൈക്കൂലി ആരോപണത്തില്‍ ഗൗതം അദാനിക്കും അദാനി കമ്പനിക്കുമെതിരെ അമേരിക്ക അന്വേഷണം ആരംഭിച്ചതായി റിപ്പോർട്ട്. ഗൗതം അദാനിയും അദാനി ഗ്രൂപ്പും ഊർജ്ജ പദ്ധതിക്ക് അനുകൂലമായ നടപടികൾ സ്വീകരിക്കുന്നതിന് ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകിയിട്ടുണ്ടോ എന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ അന്വേഷിക്കുന്നത്. ഇത് സംബന്ധിച്ച വാർത്ത പുറത്തുവിട്ടിരിക്കുന്നത് ബ്ലൂംബെർഗാണ്.

ചെയർമാനെതിരെയോ കമ്പനിക്കെതിരെയോ അന്വേഷണം നടക്കുന്നതായി അറിഞ്ഞിട്ടില്ലെന്നും ഇന്ത്യയിലും മറ്റ് രാജ്യങ്ങളിലുമുള്ള അഴിമതി വിരുദ്ധ നിയമങ്ങളും കൈക്കൂലി വിരുദ്ധ നിയമങ്ങളും പാലിച്ച് പ്രവർത്തിക്കുന്ന സ്ഥാപനമാണ് തങ്ങളുടേതെന്നും ഇ മെയിൽ വഴി പുറത്തിറക്കിയ പ്രസ്താവനയിൽ അദാനി ഗ്രൂപ്പ് വിശദീകരിച്ചു.

ഇന്ത്യൻ റിന്യൂവബിൾ എനർജി കമ്പനിയായ അസുർ പവർ ഗ്ലോബലിനെതിരെയും അന്വേഷണം നടക്കുന്നുണ്ട്. യുഎസിലെ അറ്റോർണി ഓഫീസും, വാഷിങ്ടണിലെ തട്ടിപ്പ് അന്വേഷണ യൂണിറ്റുമാണ് അന്വേഷണം നടത്തുന്നത്. ആരോപണങ്ങൾക്കെതിരെ അസുർ പവർ ഗ്ലോബല്‍ പ്രതികരിച്ചിട്ടില്ല.

കഴിഞ്ഞ വര്‍ഷം യുഎസ് ആസ്ഥാനമായുള്ള ഷോർട്ട് സെല്ലിങ് സ്ഥാപനമായ ഹിൻഡൻബർഗ് അദാനി ഗ്രൂപ്പ് ഓഹരികളിൽ കൃത്രിമത്വവും അക്കൗണ്ടിംഗ് തട്ടിപ്പുകളും നടത്തിയെന്നാരോപിക്കുന്ന ​റിപ്പോർട്ട് പുറത്തുവിട്ടിരുന്നു. ആരോപണത്തെ തുടര്‍ന്ന് അദാനി ഗ്രൂപ്പിന്റെ ഓഹരിയില്‍ ഇടിവ് നേരിട്ടിരുന്നു.