പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതികരണവുമായി ബിജെപി നേതാവ് ബി എസ് യെദ്യൂരപ്പ. ‘ഞാൻ സഹായിച്ച വ്യക്തി എനിക്കെതിരെ തിരിഞ്ഞിരിക്കുന്നു’, എന്നായിരുന്നു യെദ്യൂരപ്പയുടെ പ്രതികരണം.
‘എനിക്കെതിരെ ഒരു സ്ത്രീ ലൈംഗികാരോപണം ഉന്നയിച്ചിരിക്കുന്നു. ഇത് മാസങ്ങൾക്ക് മുൻപ് നടന്നതാണ്. അവർ സ്ഥിരമായി സഹായഭ്യർത്ഥനയുമായി വരുമായിരുന്നു. ഒരിക്കൽ അവർ എൻ്റെ മുന്നിൽ നിന്ന് കരയുകയും ഞാൻ കാര്യം അന്വേഷിക്കുകയും ചെയ്തു. വിഷയം അറിഞ്ഞപ്പോൾ ഞാൻ പോലീസ് കമ്മീഷണർ ദയാനന്ദനെ വിളിക്കുകയും അവർക്ക് വേണ്ട കാര്യങ്ങൾ ചെയ്ത് കൊടുക്കണമെന്ന് അറിയിക്കുകയും ചെയ്തു.
ശേഷം അവർ എനിക്കെതിരായി ഓരോ കാര്യങ്ങൾ പറയുവാൻ തുടങ്ങി. ആ സ്ത്രീയുടെ നില ശരിയല്ലെന്ന് മനസിലാകുകയും അതിനെപ്പറ്റി അന്വേഷിക്കാൻ പോലീസിനോട് ആവശ്യപ്പെടുകയുെ ചെയ്തു. ഇപ്പോൾ കേസ് വളച്ചൊടിച്ച് എഫ്ഐആർ തയ്യാറാക്കിയിരിക്കുന്നു. ഞങ്ങൾ ഇതിനെ നിയപരമായി നേരിടും. ഒരാളെ സഹായിച്ചാൽ കിട്ടുന്ന പ്രതിഫലം ഇതാണെന്ന് ഞാൻ വിചാരിക്കുന്നില്ല.ഞാൻ അവർക്ക് പണവും നൽകിയിരുന്നു’, യെദ്യൂരപ്പ പറഞ്ഞു.
ഇതൊരു രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് തോന്നുന്നില്ലെന്നും ഒരു സ്ത്രീ നൽകിയ പരാതിയാണെന്നും അതിനെ നിയമപരമായി നേരിടുമെന്നും യെദ്യൂരപ്പ കൂട്ടിച്ചേർത്തു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചുവെന്നാരോപിച്ച് ബി എസ് യെദ്യൂരപ്പക്കെതിരെ പോക്സോ കേസ് ബെംഗളുരു പോലീസ് രജിസ്റ്റർ ചെയ്തിരുന്നു.