Tue. Nov 5th, 2024

ഡല്‍ഹി: ഇലക്‌ടറൽ ബോണ്ടുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച വിവരങ്ങൾ പൂര്‍ണമല്ലാത്തതിനെ തുടർന്ന് സുപ്രീംകോടതി എസ്ബിഐക്ക് വീണ്ടും നോട്ടീസ് നൽകി. എസ്ബിഐ പ്രസിദ്ധീകരിച്ച രേഖകളിൽ ബോണ്ടുകളുടെ സീരിയൽ നമ്പർ ഇല്ലാത്തത് എന്തുകൊണ്ടാണെന്ന് കോടതി ചോദിച്ചു.

ബോണ്ടുകളുടെ സീരിയൽ നമ്പർ പ്രസിദ്ധീകരിക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. തിങ്കളാഴ്ചക്കുള്ളിൽ മറുപടി നൽകണമെന്ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് ബാങ്കിനയച്ച നോട്ടീസിൽ ആവശ്യപ്പെട്ടു.

ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി 15ന് ​ഇ​ല​ക്ട​റ​ൽ ബോ​ണ്ടു​ക​ൾ ഭ​ര​ണ​ഘ​ട​ന വി​രു​ദ്ധ​മാ​ണെ​ന്ന് സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വി​ട്ടി​രുന്നു. 2019 ഏപ്രിൽ 12ന് ശേഷമുള്ള ഇലക്ടറൽ ബോണ്ടുകളെ കുറിച്ചുള്ള വിവരങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷന് എസ്ബിഐ നൽകണമെന്നും സുപ്രീംകോടതി ഉത്തരവിട്ടിരുന്നു.

ഇ​ല​ക്ട​റ​ൽ ബോ​ണ്ട് വി​വ​ര​ങ്ങ​ൾ സമര്‍പ്പിക്കുന്നതിന് കൂടുതൽ സമയം ആവശ്യപ്പെട്ടുകൊണ്ട് എസ്ബിഐ ഹർജി നൽകിയിരുന്നെങ്കിലും സുപ്രീം കോടതി ഹർജി തള്ളിയിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് ഇ​ല​ക്ട​റ​ൽ ബോ​ണ്ട് വി​വ​ര​ങ്ങ​ൾ എസ്ബിഐ കൈമാറിയത്.

2019 ഏപ്രിൽ 14 നും 2024 ഫെബ്രുവരി 15 നും ഇടയിലായി ഇലക്ടറൽ ബോണ്ടുകൾ വാങ്ങിയതിന്റെയും ബോണ്ടുകൾ രാഷ്ട്രീയ പാർട്ടികൾ പണമാക്കിയതിന്റെയും വിവരങ്ങളാണ് എസ്ബിഐ നല്‍കിയത്. ഇന്നലെയാണ് തിര​ഞ്ഞെ​ടു​പ്പ് കമ്മീഷ​ൻ വെ​ബ്സൈ​റ്റി​ൽ വിവരങ്ങള്‍ പ്ര​സി​ദ്ധീ​ക​രി​ച്ചത്.

1368 കോടി രൂപ സാന്റിയാഗോ മാർട്ടിന്റെ ഫ്യൂച്ചർ ഗെയിമിങ് ആൻഡ് ഹോട്ടൽ സർവിസസ് പിആറും 980 കോടി രൂപ മേഘ എൻജിനീയറിങ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡും 410 കോടി രൂപ ക്വിക് സപ്ലൈ ചെയിനും ഇലക്ടറൽ ബോണ്ടുകൾ വാങ്ങി പാർട്ടികൾക്ക് സംഭാവന ചെയ്തെന്നാണ് പുതിയ വിവരങ്ങളില്‍ വ്യക്തമാക്കുന്നത്.