Sat. Nov 23rd, 2024

കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന പത്മജ വേണുഗോപാലിനെ ഇപി ജയരാജൻ എൽഡിഎഫിലേക്ക് ക്ഷണിച്ചിരുന്നുവെന്ന് വെളിപ്പെടുത്തി ടി ജെ നന്ദകുമാർ. തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് സമയത്ത് കോൺഗ്രസിലെ പ്രമുഖ നേതാക്കളെല്ലാം മണ്ഡലത്തിലെത്തിയപ്പോൾ പത്മജ വിട്ടുനിൽക്കുകയും അന്വേഷിച്ചപ്പോൾ പത്മജ നിരാശയിലാണെന്ന്  മറുപടി നൽകുകയും ചെയ്തു. തുടർന്ന് പത്മജയെ എൽഡിഎഫിലേക്ക് ക്ഷണിക്കാൻ ഇ പി ജയരാജൻ ആവശ്യപ്പെട്ടുവെന്നാണ് വെളിപ്പെടുത്തൽ. തൃക്കാക്കര മണ്ഡലത്തിൻ്റെ ചുമതലയുള്ള നേതവായിരുന്നു അന്ന് ഇപി.

പത്മജയെ നേരിട്ടാണ് ഫോണിൽ വിളിച്ചതെന്നും വനിതാ കമ്മീഷൻ അധ്യക്ഷ സ്ഥാനം വാഗ്ദാനം ചെയ്തുകൊണ്ട് ചർച്ച നടത്തിയെന്നും നന്ദകുമാർ പറഞ്ഞു. എന്നാൽ പ്രതീക്ഷിച്ചതിലും ഉയർന്ന പദവി അവർ ആവശ്യപ്പെട്ടതോടെയാണ് പിന്നീട് ചർച്ച മുന്നോട്ട് പോകാത്തത്. മുഖ്യമന്ത്രിയുമായി ഇപി പിന്നീട് സംസാരിക്കുകയും വിഷയവുമായി ബന്ധപ്പെട്ട് പത്മജയുമായി വീണ്ടും സംസാരിക്കുകയും ചെയ്തു. വളരെ താൽപര്യത്തോടെയാണ് പത്മജ പ്രതികരിച്ചത്. എന്നാൽ അവർ സൂപ്പർ പദവികൾ ആവശ്യപ്പെടുകയായിരുന്നുവെന്ന്  ടി ജെ നന്ദകുമാർ കൂട്ടിച്ചേർത്തു. 

തന്നെ എൽഡിഎഫിലേക്ക് ക്ഷണിച്ചിരുന്നതായി കഴിഞ്ഞ ദിവസം പത്മജ വ്യക്തമാക്കിയിരുന്നു. എന്നാൽ ആരുമായാണ് ചർച്ച നടത്തിയതെന്ന് വെളിപ്പെടുത്തിയിരുന്നില്ല. 

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.