Wed. Jan 22nd, 2025

ഡൽഹി: ഇലക്ടറൽ ബോണ്ട് കേസില്‍ രേഖകള്‍ സമര്‍പ്പിക്കുന്നതിനുള്ള സമയം നീട്ടി നല്‍കണമെന്ന എസ്ബിഐ നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. രേഖകള്‍ നാളെ തന്നെ സമർപ്പിക്കണമെന്നും കോടതി ഉത്തരവിട്ടു. മാർച്ച് 15 ന് മുന്‍പ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റിൽ വിവരങ്ങള്‍ പ്രസിദ്ധീകരിക്കണമെന്ന് കോടതി നിർദേശിച്ചു.

വിധി വന്ന് 26 ദിവസം കഴിഞ്ഞിട്ടും എന്ത് നടപടികളാണ് സ്വീകരിച്ചതെന്നും സീല്‍ഡ്‌ കവറില്ലേ, അത് തുറന്നാല്‍ പോരെയെന്നും കോടതി എസ്ബിഐയോട് ചോദിച്ചു. എസ്ബിഐയിൽ നിന്ന് ഞങ്ങൾ ആത്മാർത്ഥത പ്രതീക്ഷിക്കുന്നു എന്നും കോടതി സൂചിപ്പിച്ചു.

ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ, ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ബി ആർ ഗവായ്, ജെ ബി പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങുന്ന അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.

രേഖകള്‍ സമർപ്പിക്കാനുള്ള സമയം ജൂണ്‍ 30 വരെ നീട്ടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മാർച്ച് നാലിനാണ് എസ്ബിഐ കോടതിയിൽ ഹർജി നൽകിയത്.