തമിഴ് കുടിയേറ്റക്കാരായ മുനുസ്വാമി മുതലിയാരുടേയും മംഗളത്തിൻ്റെയും മകളായി 1898 ഫെബ്രുവരി 22ന് ജൊഹന്നാസ്ബർഗിൽ ജനിച്ച വള്ളിയമ്മൈ മുനുസ്വാമി മുതലിയാർ മഹാത്മ ഗാന്ധിയുടെ ആരാധനപാത്രമായി മാറിയതെങ്ങനെയാണ്?
1971ൽ തമിഴ്നാട് വിദ്യാഭ്യാസ മന്ത്രിയായിരുന്ന വി ആർ നെടുഞ്ചേഴിയാൻ മയിലാടുംതുറൈയിൽ വെച്ച് നടന്ന സമ്മേളനത്തിൽ ഒരു പ്രസംഗം നടത്തി. തമിഴ്നാട്ടിലെ മയിലാടുംതുറൈയിലെ തില്ലൈയാടി എന്ന ഗ്രാമം ചരിത്രത്തിലിടം നേടിയതിനെക്കുറിച്ചായിരുന്നു ആ പ്രസംഗം.
ഈ നേട്ടത്തിലേക്ക് തില്ലൈയാടിയെ എത്തിച്ചതിനു പിന്നിൽ ഒരു പെൺകുട്ടിയാണ്. തമിഴ്നാട്ടിൽ വേരുകളുള്ള ഗാന്ധിയൻ തത്വചിന്തയെ മുറുകെപിടിച്ച ദക്ഷിണാഫ്രിക്കയിലെ വർണവിവേചനത്തിനെതിരെ പോരാടിയ തില്ലൈയാടി വള്ളിയമ്മൈയാണ് ആ പെൺകുട്ടി.
തമിഴ് കുടിയേറ്റക്കാരായ മുനുസ്വാമി മുതലിയാരുടേയും മംഗളത്തിൻ്റെയും മകളായി 1898 ഫെബ്രുവരി 22ന് ജൊഹന്നാസ്ബർഗിൽ ജനിച്ച വള്ളിയമ്മൈ മുനുസ്വാമി മുതലിയാർ മഹാത്മ ഗാന്ധിയുടെ ആരാധനപാത്രമായി മാറിയതെങ്ങനെയാണ്?
പച്ചക്കറി വിൽപനക്കാരനായിരുന്ന മുനുസ്വാമിയും ഭാര്യയും നിസ്സഹകരണ സമരങ്ങളിൽ സജീവമായിരുന്നു. സമ്മേളനങ്ങളിലും റാലികളിലുമെല്ലാം മുനുസ്വാമിയോടൊപ്പം വള്ളിയമ്മൈയും പോകുമായിരുന്നു. ദക്ഷിണാഫ്രിക്കയിൽ അന്ന് സംഘർഷങ്ങളുടെ കാലമായിരുന്നു.
ഇന്ത്യക്കാരായ തൊഴിലാളിക്കൾക്കുമേൽ അധിക നികുതി ചുമത്തിയതിനെതിരെ 1895ൽ പ്രതിഷേധം നടന്നു. നികുതി പിൻവലിക്കണമെന്നുള്ള ആവശ്യം ശക്തമായി. പ്രശ്നപരിഹാരത്തിനായില ഗോപാലകൃഷ്ണ ഗോഖലെ ദക്ഷിണാഫ്രിക്കയിലെത്തിയെങ്കിലും ഫലമുണ്ടായില്ല.
1913 മാർച്ച് 14ന് കേപ്ടൗണ്‍ സുപ്രീംകോടതിയിലെ ജസ്റ്റിസ് മാൽക്കം സിയർ പുറപ്പെടുവിച്ച പുതിയ നിയമം വീണ്ടും പ്രതിഷേധത്തിന് കാരണമായി. പുതിയ നിയമപ്രകാരം ക്രിസ്തീയ ആചാരപ്രകാരമുള്ള വിവാഹങ്ങൾക്ക് മാത്രമെ നിയമസാധുതയുണ്ടായിരുന്നുള്ളു. നിരവധി ഇന്ത്യൻ വിവാഹങ്ങൾ അസാധുവായി. ഇത് സൗത്ത് ആഫ്രിക്കയിലുള്ള ഇന്ത്യക്കാരുടെ പിന്തുടർച്ചാവകാശത്തിന് വെല്ലുവിളിയുയർത്തി.
വിവാഹത്തെക്കുറിച്ചുള്ള പുതിയ വിധിയിൽ വ്യക്തത തേടിക്കൊണ്ട് ഗാന്ധിജി ദക്ഷിണാഫ്രിക്കൻ സർക്കാരിന് കത്തെഴുതുകയും ബ്രിട്ടീഷ് ഭരണം നിലനിൽക്കുന്ന ഇന്ത്യയിൽ ഹിന്ദു-മുസ്ലിം വിവാഹങ്ങൾക്ക് നിയമസാധുതയുണ്ടെന്ന് അറിയിക്കുകയും ചെയ്തു.
എന്നാൽ സർക്കാരിൽ നിന്നുള്ള മറുപടി നിരാശാജനകമായിരുന്നു. തുടർന്ന് ഇന്ത്യക്കുണ്ടായ അപമാനത്തിൽ പ്രതിഷേധിക്കുന്നതിനായി സത്യാഗ്രഹം നടത്താൻ സത്യാഗ്രഹ അസോസിയേഷൻ തീരുമാനിക്കുകയായിരുന്നു.
നികുതിക്കെതിരെയുള്ള പ്രതിഷേധത്തിൽ പിന്നിൽ നിന്നിരുന്ന സ്ത്രീകൾ തങ്ങളുടെ അഭിമാനത്തെ ചോദ്യം ചെയ്യുന്ന പുതിയ വിധിക്കെതിരെ മുന്നിൽ നിന്ന് പ്രതിഷേധിക്കാൻ തീരുമാനിച്ചു. പുതിയ നിയമപ്രകാരം സ്ത്രീകൾക്ക് ഭാര്യ പദവി നഷ്ടമായിരുന്നു. കുട്ടികൾക്ക് അനന്തരാവകാശവും നിഷേധിക്കപ്പെട്ടു. സമരത്തിൽ കസ്തൂർബ ഗാന്ധിയും പങ്കെടുത്തിരുന്നു.
അന്ന് ട്രാൻസ്വാളിനുള്ളിലേക്കും പുറത്തേക്കും കടക്കുവാനുള്ള അനുമതി ഇന്ത്യക്കാർക്കുണ്ടായിരുന്നില്ല. ഈ നിയമത്തെ എതിർത്തുകൊണ്ട് തന്നെ പ്രതിഷേധക്കാർ സമരം ആരംഭിച്ചു. സ്ത്രീകളും കുട്ടികളുമടങ്ങുന്ന സംഘം ട്രാൻസ്വാളിൽ നിന്നും നടാലിലേക്ക് മാർച്ച് നടത്തി.
ന്യൂകാസിലെത്തി കൽക്കരി ഖനന തൊഴിലാളികളെക്കൂടി സമരത്തിൻ്റെ ഭാഗമാക്കാനായിരുന്നു ലക്ഷ്യം. സമരത്തിൽ പങ്കെടുത്തവരെ പോലീസ് അറസ്റ്റ് ചെയ്യുകയും മൂന്നുമാസത്തെ ജയിൽശിക്ഷയ്ക്ക് വിധിക്കുകയും ചെയ്തു.നടാലിലെ പീറ്റർമാരിറ്റ്സ്ബർഗ് ജയിലിലേക്കായിരുന്നു ഇവരെ കൊണ്ടുപോയത്.
ആദ്യഘട്ടത്തിൽ അറസ്റ്റ് ചെയ്യപ്പെട്ടവരിൽ വള്ളിയമ്മൈ ഉണ്ടായിരുന്നില്ല. നവംബറിൽ ഗാന്ധിജിയുടെ നേതൃത്വത്തിൽ നടന്ന ലോങ്ങ് മാർച്ചിൽ വള്ളിയമ്മൈയും അമ്മ മംഗളവും പങ്കെടുക്കുകയും 1913 ഡിസംബർ 23ന് അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്തു. പീറ്റർമാരിറ്റ്സ്ബർഗ് ജയിലിലേക്കാണ് ഇവരെയും കൊണ്ടുപോയത്.
ജയിൽവാസത്തിനിടയിൽ വള്ളിയമ്മൈക്ക് അസുഖം പിടിപെട്ടു. ജയിലിലെ മോശമായ അവസ്ഥയും ഭക്ഷണത്തിൻ്റെ ലഭ്യതക്കുറവും വള്ളിയമ്മൈയുടെ അവസ്ഥ കൂടുതൽ മോശമാക്കി. വള്ളിയമ്മൈയെ ജയിൽ മോചിതയാക്കണമെന്ന ആവശ്യവുമായി ഗാന്ധിജി ആഭ്യന്തരമന്ത്രിയായിരുന്ന ജനറൽ സമട്ട്സിനെ സമീപിച്ചു.
ഇനിയൊരിക്കലും ഇത്തരം സമരങ്ങളിൽ പങ്കെടുക്കില്ലയെന്നും ഉറപ്പ് നൽകുന്ന ക്ഷമാപണക്കത്ത് വള്ളിയമ്മൈ നൽകുകയാണെങ്കിൽ മോചിപ്പികാകമെന്നായിരുന്നു ജനറൽ സമട്ട്സിൻ്റെ മറുപടി. എന്നാൽ ക്ഷമാപണക്കത്ത് നൽകാൻ വള്ളിയമ്മൈ തയ്യാറായില്ല.
പ്രതിഷേധം ഇന്ത്യയിലും ശക്തമാകാൻ തുടങ്ങി. തുടർന്ന് ജനറൽ സമട്ട്സ് ഒരു കമ്മീഷൻ രൂപീകരിക്കുകയും അതിൻ്റെ നിർദേശപ്രകാരം ഗാന്ധിജിയും സമട്ട്സും കൂടിക്കാഴ്ച നടത്തി. ശേഷം അധിക നികുതി എടുത്തുമാറ്റുകയും ഇന്ത്യൻ വിവാഹങ്ങളെ അംഗീകരിക്കുകയും ചെയ്തു. ജയിൽ മോചിതയായ വള്ളിയമ്മൈ എന്ന പതിനാറു വയസുകാരി 1914 ഫെബ്രുവരി 22ന് മരിക്കുകയും ചെയ്തു.
ജയിൽ മോചിതയായതിനുശേഷം വള്ളിയമ്മൈയെ ഗാന്ധിജി സന്ദർശിച്ചിരുന്നുവെന്നും സമരത്തിൽ പങ്കെടുത്തതിന് നിനക്ക് നിരാശയുണ്ടോയെന്ന് ചോദ്യത്തിന് തൻ്റെ രാജ്യത്തിനുവേണ്ടി എത്ര തവണ അറസ്റ്റ് ചെയ്യപ്പെടാനും താൻ തയ്യാറാണെന്ന് വള്ളിയമ്മൈ ഗാന്ധിജിയോട് പറഞ്ഞിരുന്നതായും ‘സത്യാഗ്രഹ ഇൻ സൗത്താഫ്രിക്ക’യിൽ ഗാന്ധിജി പറയുന്നു.
ഗാന്ധിജിക്ക് വള്ളിയമ്മൈയോട് ആരാധനയും ബഹുമാനവുമായിരുന്നു. സത്യാഗ്രഹത്തെക്കുറിച്ചുള്ള അദ്ദേഹത്തിൻ്റെ കുറിപ്പുകളിൽ വള്ളിയമ്മൈയെക്കുറിച്ചും ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത നാടിന് വേണ്ടിയുള്ള അവരുടെ ത്യാഗത്തെക്കുറിച്ചും ഗാന്ധിജി പരാമർശിക്കുന്നതായി ചരിത്രഗവേഷകർ പറയുന്നുണ്ട്.
“പ്രതിഷേധത്തിൽ പങ്കെടുക്കുമ്പോൾ അവൾ വളരെ ചെറുപ്പമായിരുന്നു. തൻ്റെ രാജ്യം ഒരിക്കൽ പോലും സന്ദർശിച്ചിട്ടില്ലെങ്കിലും സൗത്ത് ആഫ്രിക്കയിലെ ഇന്ത്യക്കാരുടെ സ്വാതന്ത്ര്യത്തിനുവേണ്ടി അവൾ പോരാടി”. വള്ളിയമ്മൈയുടെ മരണം തൻ്റെ മൂത്ത സഹോദരൻ ലക്ഷ്മിദാസിൻ്റെ മരണത്തേക്കാളും ഗാന്ധിജിയെ സ്വാധീനിച്ചിരുന്നുവെന്ന് രേഖകളിൽ പറയുന്നു.
1971ൽ തില്ലൈയാടിയിൽ വള്ളിയമ്മൈയുടെ സ്മരണക്കായി വള്ളിസമ്മൈ മെമ്മോറിയൽ ഹാൾ സ്ഥാപിച്ചു. 2008 ഡിസംബർ 31ന് വള്ളിയമ്മൈയുടെ ചിത്രമുള്ള സ്റ്റാമ്പും പുറത്തിറക്കിയിരുന്നു.
FAQs
ആരാണ് കസ്തൂർബ ഗാന്ധി?
ബ്രിട്ടീഷ് ഇന്ത്യയുടെകാലത്ത്ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ ഏർപ്പെട്ടിരുന്ന ഒരു ഇന്ത്യൻ രാഷ്ട്രീയ പ്രവർത്തകയായിരുന്നു കസ്തൂർബ ഗാന്ധി. മഹാത്മ ഗാന്ധിയുടെ ഭാര്യയായിരുന്നു.
എന്താണ് പിന്തുടർച്ചാവകാശം?
മരിച്ചുപോകുന്ന ഒരാളുടെ സ്വത്തുക്കള്‍ക്ക് പിന്നീടുള്ള അവകാശികളെ സംബന്ധിച്ചാണ് പിന്തുടര്‍ച്ചാവകാശനിയമം വ്യവസ്ഥ ചെയ്യുന്നത്. വിവാഹം, വിവാഹമോചനം എന്നിവപോലെതന്നെ പിന്തുടര്‍ച്ചാവകാശത്തെ സംബന്ധിച്ചും വ്യത്യസ്ഥ മതവിഭാഗങ്ങള്‍ക്ക് വ്യത്യസ്ഥ നിയമങ്ങളുണ്ട്.
ആരാണ് ഗോപാലകൃഷ്ണ ഗോഖലെ?
ഇന്ത്യൻ സ്വാതന്ത്ര്യസമര നേതാവും മഹാത്മാഗാന്ധിയുടെ രാഷ്ട്രീയഗുരുവുമാണ് ഗോപാലകൃഷ്ണ ഗോഖലെ. സർവന്റ്സ് ഓഫ് ഇൻഡ്യാ സൊസൈറ്റി എന്ന സംഘടനയുടെ സ്ഥാപകനാണ്.
Quotes
ലോകത്തിൽ നിങ്ങൾ കാണാൻ ആഗ്രഹിക്കുന്ന മാറ്റം നിങ്ങളായിരിക്കണം – മഹാത്മ ഗാന്ധി