അഴിമതി ആരോപണങ്ങൾ ശക്തമായുണ്ടായിരുന്ന അസമിലെ ബിജെപി മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശർമ്മയ്‌ക്കും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിനും എതിരെയുള്ള സമാനമായ സാമ്പത്തിക തട്ടിപ്പ് കേസുകൾ മരവിപ്പിക്കുകയാണ് ഇപ്പോൾ
ജാർഖണ്ഡ് മുഖ്യമന്ത്രിയായിരിക്കുമ്പോഴാണ് ഹേമന്ദ് സോറനെ കഴിഞ്ഞ ദിവസം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തത്. കേന്ദ്ര അന്വേഷണ ഏജൻസിയുടെ നിരീക്ഷണത്തിൽ വരുന്ന നാലാമത്തെ പ്രതിപക്ഷ മുഖ്യമന്ത്രിയാണ് ജാർഖണ്ഡിലെ ഹേമന്ദ് സോറന്‍. കള്ളപ്പണക്കേസില്‍ പലതവണ ഇഡി നോട്ടീസുകള്‍ നിരാകരിച്ചിരുന്നുവെങ്കിലും ഒടുവില്‍ ഹേമന്ദിനെ അറസ്റ്റ് ചെയ്തു. അറസ്റ്റിനെ തുടർന്ന് ഹേമന്ദിന് മുഖ്യമന്ത്രി കസേര രാജിവയ്‌ക്കേണ്ടി വന്നു.

ഹേമന്ദ് സോറന് പുറമേ മറ്റു പല സംസ്ഥാനങ്ങളിലെയും ബിജെപി ഇതര മുഖ്യമന്ത്രിമാരും മുന്‍ മുഖ്യമന്ത്രിമാരും ഇഡിയുടെ റഡാറിലുള്ളവരാണ്. കൂട്ടത്തിലെ പല മുഖ്യമന്ത്രിമാര്‍ അറസ്റ്റ് ചെയ്യപ്പെടുകയും ചിലരുടെ കേസ് മുന്നോട്ട് പോയികൊണ്ടിരിക്കുകയുമാണ്.
ഛത്തീസ്ഗഢിലെ മുൻ കോണ്‍ഗ്രസ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗേലിനെതിരെ കുറഞ്ഞത് മൂന്നോളം കേസുകളാണ് അന്വേഷണത്തിലുള്ളത്. കൽക്കരി ഗതാഗതം, മദ്യവിൽപ്പനശാലകളുടെ നടത്തിപ്പ്, മഹാദേവ് ഗെയിമിംഗ് ആപ്പ് തുടങ്ങിയവയിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കല്‍ കേസുകളാണുള്ളത്. അന്ന് സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ക്ക് മുന്‍പാണ് ബാഗേലിൻ്റെ പേര് ഇഡി നൽകിയത്.
മുന്‍ ബിഹാർ മുഖ്യമന്ത്രിയും രാഷ്ട്രീയ ജനതാദൾ പ്രസിഡനറുമായ ലാലു പ്രസാദ്, ഭാര്യയും മുന്‍ ബിഹാർ മുഖ്യമന്ത്രിയുമായ റാബ്രി ദേവി, മകനും ബിഹാർ മുൻ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ് എന്നിവർക്കെതിരെയും ഇഡി കേസുകളുണ്ട്. 2004 മുതൽ 2009 വരെ ലാലു പ്രസാദ് റെയിൽവേ മന്ത്രിയായിരിക്കെ ഐആർസിടിസി അഴിമതി, ജോലിക്ക് പകരമായി ഭൂമി വാങ്ങല്‍ എന്നിവയാണ് ഇഡിയുടെ ആരോപണങ്ങള്‍.
ഐആർസിടിസിയുടെ രണ്ട് ഹോട്ടലുകളുടെ അറ്റകുറ്റപ്പണികള്‍ക്ക് ലാലു പ്രസാദ് യാദവ് കമ്പനികള്‍ക്ക് അനുകൂലമായി പ്രവർത്തിച്ചുവെന്നാണ് 2017 ല്‍ രജിസ്റ്റർ ചെയ്ത കേസില്‍ പറയുന്നത്. റെയിൽവേയിൽ ഉദ്യോഗാർത്ഥികൾക്ക് ജോലി നൽകുന്നതിന് കൈക്കൂലിയായി ഭൂമി പതിച്ചുവാങ്ങിയെന്നാണ് 2022 ലെ കേസ്.
ആം ആദ്മി പാർട്ടി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളിനെതിരെ അഞ്ചുതവണയാണ് ഇഡി സമൻസ് അയച്ചിട്ടുള്ളത്. ഡൽഹി മദ്യനയക്കേസിലെ അഴിമതിയുമായി ബന്ധപ്പെട്ടാണ് അരവിന്ദ് കെജ്‌രിവാള്‍ ഇഡിയുടെ അന്വേഷണം നേരിടുന്നത്. ഇഡിയുടെ ആരോപണം, കെജ്‍രിവാള്‍ 100 കോടി രൂപ കോഴ വാങ്ങി സ്വകാര്യ വ്യക്തികള്‍ക്ക് അനുകൂലമായി പ്രവർത്തിച്ചുവെന്നാണ്. ഇഡി സമൻസ് അയക്കുന്നുണ്ടെങ്കിലും ഇതുവരെ അരവിന്ദ് കെജ്‌രിവാള്‍ ഇഡിക്ക് മുന്നിൽ ഹാജരായിട്ടില്ല.

തെലങ്കാന മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ രേവന്ത് റെഡ്ഡിയും കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ഇഡി ബന്ധപ്പെടുത്തിയിട്ടുണ്ട്. 2015ലെ എംഎല്‍സി തെരഞ്ഞെടുപ്പില്‍ അനുകൂലമായി വോട്ട് ചെയ്യുന്നതിന് നോമിനേറ്റഡ് എംഎല്‍എയ്ക്ക് 50 ലക്ഷം രൂപ കൈക്കൂലി നല്‍കിയെന്നാണ് ഇഡിയുടെ ആരോപണം. അന്ന് തെലുങ്കുദേശം പാർട്ടിയുടെ നേതാവായിരുന്നു രേവന്ത് റെഡ്ഡി.
ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായ വൈ എസ് ജഗന്‍ മോഹന്‍ റെഡ്ഡി നിരവധി അന്വേഷണങ്ങളാണ് നേരിടുന്നത്. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം 2015ലാണ് ജഗന്‍ മോഹന്‍ റെഡ്ഡിക്കെതിരെ ഇഡി കേസെടുത്തത്. ജഗന്റെ ഉടമസ്ഥതയിലുള്ള ഭാരതി സിമെന്റ്സിലെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടതാണ് ഈ കേസ്.
ഹരിയാന മുന്‍ മുഖ്യമന്ത്രിയായ ഭൂപീന്ദർ സിങ് ഹൂഡയ്ക്ക് എതിരെയും ഇഡി അന്വേഷണങ്ങള്‍ ഉണ്ട്. മനേസർ ഭൂമിയിടപാടുമായി ബന്ധപ്പെട്ട കേസിലാണ് ഭൂപീന്ദർ സിങ് ഹൂഡ അന്വേഷണം നേരിടുന്നത്. പഞ്ച്കുളയിലെ ഭൂമി അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡിന് (എജെഎല്‍) നല്‍കിയതുമായി ബന്ധപ്പെട്ടാണ് കേസ്.
മുന്‍ രാജസ്ഥാന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ അശോക് ഗെലോട്ട്, ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റ്, തമിഴ്നാട്ടില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപി കാർത്തി ചിദംബരം എന്നിവര്‍ ഉള്‍പ്പെടുന്നതാണ് ആംബുലന്‍സ് അഴിമതിക്കേസ്. 2010 ല്‍ സിക്കിറ്റ്സ ഹെല്‍ത്ത്കെയറിന് ആംബുലന്‍സുകളുടെ സർവീസ് നടത്താന്‍ കരാർ നല്‍കിയതിലെ അഴിമതിയാണ് ഇഡി ആരോപിച്ചത്. 2015 ലാണ് കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്.
സമാജ്‌വാദി പാർട്ടിയുടെ നേതാവും ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ് നേരിടുന്നത് സിബിഐ, ഇഡി അന്വേഷണങ്ങളാണ്. ഗോമതി നദീതീര പദ്ധതികളിലെ അഴിമതിയാണ് അഖിലേഷിനെതിരെ ആരോപിക്കുന്നത്.
ഉത്തർപ്രദേശ് മുന്‍ മുഖ്യമന്ത്രിയും ബിഎസ്‌പി അധ്യക്ഷയുമായ മായാവതിയ്ക്കുനേരെയും അന്വേഷണങ്ങളുണ്ട്. മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ മായാവതി നടത്തിയ പല പദ്ധതികളും അന്വേഷണ പരിധിയിലാണ്. എന്നാല്‍ കേന്ദ്ര ഏജന്‍സികളുടെ എഫ്ഐആറില്‍ മായാവതിയുടെ പേരില്ല.
ജമ്മുകശ്മീർ മുൻ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ളയും ഇഡി അന്വേഷണം നേരിടുന്നുണ്ട്. ജമ്മുകശ്മീർ ക്രിക്കറ്റ് അസോസിയേഷന് ബിസിസിഐ നല്‍കിയ ഗ്രാന്‍ഡില്‍ ക്രമക്കേടുണ്ടെന്നാണ് കേസ്. കേസിനെ തുടര്‍ന്ന് ഫറൂഖിന്റെ മകനും ജമ്മുകശ്മീർ മുന്‍ മുഖ്യമന്ത്രിയുമായ ഒമർ അബ്ദുള്ളയെ 2022 ല്‍ ഇഡി ചോദ്യം ചെയ്തു. ജമ്മുകശ്മീർ ബാങ്കിലെ സാമ്പത്തിക ഇടപാടുകളും ഡയറക്ടമാരുടെ നിയമനവും സംബന്ധിച്ചായിരുന്നു ഫാറൂഖ് അബ്ദുള്ളയ്‌ക്കെതിരെയുള്ള കേസ്.
2016 മുതല്‍ 2018 വരെ ജമ്മുകശ്മീരിലെ മുഖ്യമന്ത്രിയായിരുന്ന മെഹബൂബ മുഫ്തിയും ഇഡി അന്വേഷണം നേരിടുന്നുണ്ട്. മെഹബൂബ മുഫ്തിക്കെതിരെ ജമ്മുകശ്മീർ ബാങ്കുമായി ബന്ധപ്പെട്ട കേസില്‍ തന്നെയാണ് അന്വേഷണം. ഒരു റെയ്ഡിനിടെ പിടിച്ചെടുത്ത ഡയറികളില്‍ മെഹബൂബയ്ക്കും കുടുംബത്തിനും നല്‍കിയ പണമിടപാടുകളെക്കുറിച്ച് പരാമർശിക്കുന്നുണ്ടെന്നാണ് ഇഡിയുടെ ആരോപണം.
അരുണാചല്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി നബാം തുകിക്കെതിരെ 2019 ല്‍ അഴിമതി ആരോപണത്തിലാണ് സിബിഐ കേസെടുത്തത്. സിബിഐയുടെ എഫ്ഐആറിനെ അടിസ്ഥാനമാക്കി കള്ളപ്പണമിടപാടിലാണ് ഇഡി അന്വേഷണം നടത്തുന്നത്.
മണിപ്പൂർ മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഒക്രം ഇബോബി സിംഗിനെതിരെ സിബിഐ 2019 ല്‍ കേസെടുത്തു. മണിപ്പൂർ ഡെവലപ്‌മെൻ്റ് സൊസൈറ്റിയുടെ മുൻ ചെയർമാനായിരുന്ന ഒക്രം ഇബോബി സിംഗ് വികസന പ്രവർത്തനങ്ങൾക്കായി നീക്കിവച്ചിരുന്ന 332 കോടി രൂപയുടെ സർക്കാർ ഫണ്ട് ദുരുപയോഗം ചെയ്തെന്നാണ് ആരോപണം.
ഗുജറാത്ത് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ശങ്കര്‍ സിംഗ് വഗേലയ്ക്കെതിരെ സിബിഐയുടെയും ഇഡിയുടെയും കേസുകളുണ്ട്. കേന്ദ്ര ടെക്സ്റ്റൈല്‍ മന്ത്രിയായിരിക്കുമ്പോള്‍ ശങ്കര്‍ സിംഗ് വഗേല മുംബൈയിലെ പ്രധാന ഭൂമി വിറ്റ് സര്‍ക്കാരിന് 709 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്നാണ് ആരോപണം. 2015 ല്‍ സിബിഐ കേസ് ചുമത്തി. തുടര്‍ന്ന് 2016 ല്‍ ഇഡിയും കേസെടുത്തു.
നരേന്ദ്രമോദിയും അമിത് ഷായും എന്‍കൗണ്ടര്‍ സ്‌പെഷ്യലിസ്റ്റുകളാണെന്ന് ശങ്കര്‍ സിംഗ് വഗേല ആരോപിച്ചിരുന്നു. ഇതിനു ശേഷമാണ് ശങ്കര്‍ സിംഗ് വഗേലക്കെതിരെ കേസുകള്‍ വരുന്നത്. കേസിനെ ആസ്പതമായ അന്വേഷണങ്ങള്‍ ഇപ്പോഴും തുടരുകയാണ്.

മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയും നാഷണലിസ്റ്റ് കോൺഗ്രസ് പാര്‍ട്ടി സ്ഥാപകനുമായ ശരദ് പവാറിനെതിരെയും ഇഡിയുടെ കള്ളപ്പണ കേസുണ്ട്. മഹാരാഷ്ട്ര സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് ബാങ്കിലെ ക്രമക്കേടുമായി ബന്ധപ്പെടുത്തിയാണ് കേസ്. ശരദ് പവാറിന്‍റെ അനന്തരവന്‍ അജിത് പവാറും അന്വേഷണം നേരിടുന്നുണ്ട്. അജിത് പവാര്‍ പിന്നീട് ബിജെപിയിലേക്ക് കൂടുമാറി. ഇപ്പോള്‍ ബിജെപിയുടെ ഉപമുഖ്യമന്ത്രിയാണ് അജിത് പവാര്‍.
2019 ല്‍ കോൺഗ്രസ് നേതാവ് ഡികെ ശിവകുമാറിനെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റുചെയ്തു. ഡൽഹിയിലെ ആം ആദ്മി മന്ത്രി സത്യേന്ദ്ര ജെയിൻ അഴിമതി കേസുമായി ബന്ധപ്പെട്ട് ജയിലിലായി. രാജസ്ഥാനിലെ മുൻ കോൺഗ്രസ് മന്ത്രി മഹേഷ് ജോഷി, തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് അഭിഷേക് ബാനർജി തുടങ്ങി നിരവധി നേതാക്കള്‍ക്കതിരെ ഇഡി അന്വേഷണം നടത്തുന്നു.
കേരളത്തിൽ ഭരിക്കുന്ന ഇടതുപക്ഷ സർക്കാരിനെ സമ്മർദ്ദത്തിലാക്കാനായി മുഖ്യമന്ത്രിയ്ക്കും മറ്റ് മന്ത്രിമാർക്കുമെതിരെ ആരോപണങ്ങൾ ഉന്നയിച്ച് ഇഡി അടക്കമുള്ള കേന്ദ്ര ഏജൻസികൾ വട്ടമിട്ട് പറക്കുകയാണ്. സ്വർണ കള്ളക്കടത്ത്, കിഫ്ബി, പാവപ്പെട്ടവർക്ക് വീട് വെച്ചുകൊടുക്കുന്ന ലൈഫ് മിഷൻ പദ്ധതി തുടങ്ങിയവക്കെതിരെ പലതരം ആരോപണങ്ങൾ ഉന്നയിച്ച് സമ്മർദ്ദത്തിലാക്കാൻ ശ്രമങ്ങൾ നടക്കുകയാണ്.
മറ്റ് നിരവധി പ്രതിപക്ഷ നേതാക്കളും കേന്ദ്ര ഏജൻസികളുടെ നിരീക്ഷണത്തിലുണ്ട്. 2014 മുതൽ 2022 വരെ ഇഡി കേസുകളിൽ നാലിരട്ടി കുതിച്ചുചാട്ടം ഉണ്ടായതായി ഇന്ത്യൻ എക്‌സ്‌പ്രസ് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിൽ 95 ശതമാനവും പ്രതിപക്ഷ നേതാക്കൾക്കെതിരെയാണ്. ചെറിയ ഒരു ശതമാനം മാത്രമാണ് ബിജെപി നേതാക്കൾക്കെതിരെയുള്ളത്.
മുന്‍പ് അഴിമതി ആരോപണങ്ങൾ ശക്തമായുണ്ടായിരുന്ന അസമിലെ ബിജെപി മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശർമ്മയ്‌ക്കും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിനും എതിരെയുള്ള സമാനമായ സാമ്പത്തിക തട്ടിപ്പ് കേസുകൾ മരവിപ്പിക്കുകയാണ് ഇപ്പോൾ.
അഴിമതി അന്വേഷിച്ച് യഥാർത്ഥ ആളുകളെ പിടിക്കലല്ല കേന്ദ്ര സര്‍ക്കാരിന്റെ ലക്ഷ്യം. പകരം കേന്ദ്ര ഏജൻസികളെ വെച്ച് പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളെ സമ്മർദ്ദത്തിലാക്കുകയും അവരെ സ്വാധീനിച്ച് ബിജെപിയിലേക്ക് കൊണ്ടുവരിക എന്ന തന്ത്രവും ഇതിന് പിന്നിൽ ഉണ്ട്.
പ്രതിപക്ഷ രാഷ്ട്രീയ കക്ഷികളെ ഇല്ലാതാക്കി ഏകപക്ഷീയമാക്കാനുള്ള തന്ത്രമാണ് ബിജെപിയുടേത്. രാജ്യത്തിന്റെ നന്മയ്ക്കായി ഉപയോഗിക്കേണ്ട കേന്ദ്ര അന്വേഷണ ഏജൻസികളെ രാഷ്ട്രീയ പക പോക്കലിനും സ്വാർത്ഥ താല്പര്യങ്ങൾക്കുമാണ് കഴിഞ്ഞ പത്തുവർഷമായി ബിജെപി സർക്കാർ ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്.
FAQs
എന്താണ് ഇഡി?
ഇന്ത്യയിലെ സാമ്പത്തിക നിയമങ്ങൾ നടപ്പിലാക്കുന്നതിനും സാമ്പത്തിക കുറ്റകൃത്യങ്ങൾക്കെതിരെ പോരാടുന്നതിനും ഉത്തരവാദിത്തമുള്ള ഒരു ആഭ്യന്തര നിയമ നിർവ്വഹണ ഏജൻസിയും സാമ്പത്തിക രഹസ്യാന്വേഷണ ഏജൻസിയുമാണ് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി). ഇന്ത്യാ ഗവൺമെൻ്റിൻ്റെ ധനമന്ത്രാലയത്തിൻ്റെ റവന്യൂ വകുപ്പിൻ്റെ കീഴിലാണ് ഇഡി. കള്ളപ്പണം വെളുപ്പിക്കൽ, അഴിമതി, സാമ്പത്തിക കുറ്റകൃത്യങ്ങൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട കേസുകൾ അന്വേഷിക്കുന്നതിലും വിചാരണ ചെയ്യുന്നതിലും ഇഡി ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
ആരാണ് ലാലുപ്രസാദ് യാദവ്?
ഇന്ത്യൻ രാഷ്ട്രീയക്കാരനും രാഷ്ട്രീയ ജനതാ ദളിൻ്റെ (ആർജെഡി) പ്രസിഡൻ്റുമാണ് ലാലുപ്രസാദ് യാദവ്. ബീഹാറിൻ്റെ മുൻ മുഖ്യമന്ത്രിയും ഇന്ത്യയുടെ മുൻ റെയിൽവേ മന്ത്രിയും ലോക്‌സഭയിലെ മുൻ പാർലമെൻ്റ് അംഗവുമായിരുന്നു ലാലുപ്രസാദ്.
ആരാണ് മെഹബൂബ മുഫ്തി?
ജമ്മു കശ്മീരിൻ്റെ 9-ാമത്തെ മുഖ്യമന്ത്രിയാണ് മെഹബൂബ മുഫ്തി. പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി നേതാവും ജമ്മു കശ്മീരിൻ്റെ ആദ്യ വനിതാ മുഖ്യമന്ത്രിയുമായാണ് മെഹബൂബ മുഫ്തി.
Quotes
സ്വന്തം മനസ്സുമാറ്റാന്‍ കഴിയാത്തവര്‍ക്ക് മറ്റൊന്നിലും മാറ്റം വരുത്താന്‍ കഴിയില്ല – ബര്‍ണാഡ് ഷാ