Sun. Nov 17th, 2024

അമിത് ഷാ പറഞ്ഞത്, നിതീഷ് കുമാറിനുള്ള എന്‍ഡിഎയുടെ വാതില്‍ എന്നന്നേക്കുമായി അടച്ചുവെന്നാണ്. അതിന് മറുപടിയായി എന്‍ഡിഎയിലേക്ക് പോകുന്നതിനേക്കാള്‍ നല്ലത് മരിക്കുന്നതാണെന്ന് പറഞ്ഞ് നിതീഷും രംഗത്തെത്തിയിരുന്നു

ലോക്സഭാ തെരഞ്ഞെടുപ്പിന് പാര്‍ട്ടികള്‍ എല്ലാം തന്നെ തയ്യാറെടുത്തു കൊണ്ടിരിക്കുന്ന ഈ വേളയിലാണ് നിതീഷ് കുമാറിന്റെ പുതിയ നീക്കം. ബിജെപിക്കെതിരായി ഇന്ത്യ പ്രതിപക്ഷ സഖ്യം രൂപീകരിക്കാന്‍ മുന്നിൽ നിന്ന നിതീഷ് കുമാറാണ് ഇപ്പോള്‍ അതെ ബിജെപിയിലേക്ക് ചുവടു മാറ്റിയിരിക്കുന്നത്.

ഇന്ത്യ സഖ്യത്തിനെതിരെ ബിജെപിയുടെ കയ്യില്‍ ഇപ്പോഴുള്ള വലിയ ആയുധമാണ് നിതീഷ് കുമാര്‍. രാഷ്ട്രീയ ജീവിതം എടുത്തുനോക്കിയാല്‍ വസ്ത്രം മാറുന്ന ലാഘവത്തോടെയാണ് നിതീഷ് കുമാര്‍ പാര്‍ട്ടി മാറി മാറി അധികാര കസേര ഉറപ്പിച്ച് നിര്‍ത്തുന്നത്.

നിതീഷ് കുമാർ Screen-grab, Copyrights: Money Control

1974 ൽ രാഷ്ട്രീയ ജീവിതം തുടങ്ങിയ നിതീഷ് കുമാർ 1985ലാണ് ആദ്യമായി ജനതാദളിലൂടെ എംഎൽഎ സ്ഥാനത്ത് എത്തുന്നത്. 1994ല്‍ ജനതാദള്‍ വിട്ട നിതീഷ്, ജോര്‍ജ് ഫെര്‍ണാണ്ടസിനോടൊപ്പം സമതാ പാർട്ടി രൂപികരിക്കുകയും  പിന്നീട് 1996 ൽ എംപി സ്ഥാനത്ത് എത്തുകയും തന്‍റെ കൂറ് ബിജെപിയോട് പ്രഖ്യാപിക്കുകയും ചെയ്തു.

1996 ല്‍ നിതീഷ് കുമാര്‍ ബിജെപിയുമായി ചേര്‍ന്ന് വാജ്പേയി സര്‍ക്കാറില്‍ ക്യാബിനറ്റ് മന്ത്രിയായി. 2000 മാര്‍ച്ചില്‍ വാജ്‌പേയി സര്‍ക്കാരില്‍ നിതീഷ് കുമാര്‍ ആദ്യമായി ബിഹാറിന്റെ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടു. 2003 ല്‍ ജനതാദള്‍(യു)വുമായി നിതീഷ് തന്റെ പാര്‍ട്ടിയെ ലയിപ്പിച്ചു.

2005 നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി വീണ്ടും നിതീഷുമായി കൈകോര്‍ക്കുകയും രണ്ടാമത് ബിഹാറിന്റെ മുഖ്യമന്ത്രിയായി അധികാരത്തിലെത്തുകയും ചെയ്തു. 2010 ലെ തെരഞ്ഞെടുപ്പില്‍ നിതീഷ് കുമാര്‍ മൂന്നാമതും ബിഹാറിന്റെ മുഖ്യമന്ത്രിയായി.

ബിജെപിയില്‍ നരേന്ദ്ര മോദി ശക്തനായതോടെ നിതീഷ്  എന്‍ഡിഎയില്‍ നിന്നും അകന്നു. നരേന്ദ്ര മോദിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെ 2013 ല്‍ ബിജെപിയുമായുള്ള എല്ലാ ബന്ധങ്ങളും നിതീഷ് അവസാനിപ്പിച്ചു.

അങ്ങനെ ആദ്യമായി നിതീഷിന്‍റെ ചാട്ടം ഇവിടെ ആരംഭിക്കുകയാണ്.

2014 ല്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഒറ്റക്ക് മത്സരിച്ചു. പരാജയം ഏറ്റുവാങ്ങിയതോടെ നിതീഷ് മുഖ്യമന്ത്രിസ്ഥാനം രാജിവെച്ചു. 2015 ല്‍ ജനതാദൾ, ആർജെഡി, കോണ്‍ഗ്രസ്‌ എന്നീ പാര്‍ട്ടികള്‍ ചേര്‍ന്ന് മഹാഗത്ബന്ധൻ എന്ന മഹാസഖ്യം നിതീഷ് കുമാര്‍ രൂപീകരിച്ചു.

തുടര്‍ന്ന് മുഖ്യമന്ത്രി സ്ഥാനം നിതീഷ് തിരിച്ചുപിടിച്ചു. 2015 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ നിതീഷ് കുമാര്‍ വീണ്ടും (അഞ്ചാമത്തെ തവണ) ബിഹാര്‍ മുഖ്യമന്ത്രിയായി അധികാരത്തില്‍ എത്തി. തേജസ്വി യാദവ് ഉപമുഖ്യമന്ത്രിയുമായി.

2017 ൽ തേജസ്വി യാദവിൻ്റെ അഴിമതി ആരോപണത്തെ തുടര്‍ന്ന് രാജി വെക്കാന്‍ നിതീഷ് ആവശ്യപ്പെട്ടു. എന്നാല്‍ ആർജെഡി ഇതിനെ എതിര്‍ക്കുകയും 2017 ൽ നിതീഷ് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു. തുടര്‍ന്ന് മറുവശത്തേക്ക് നിതീഷ് ചാടുകയും ചെയ്തു.

2017 ൽ നിതീഷ് കുമാര്‍ വീണ്ടും എന്‍ഡിഎയിലേക്ക് തിരിച്ചെത്തി മുഖ്യമന്ത്രിയായി (ആറാമത്തെ തവണ). 2019 ലെ ദേശീയ തെരഞ്ഞെടുപ്പിലും 2020 ലെ ബിഹാർ തെരഞ്ഞെടുപ്പിലും ബിജെപിക്കൊപ്പം നിന്ന് നിതീഷ് മത്സരിച്ചു.

2020 ലെ തെരഞ്ഞെടുപ്പില്‍ വിജയിക്കുകയും മുഖ്യമന്ത്രിയായി (ഏഴാമത്തെ തവണ) അധികാരത്തില്‍ തുടര്‍ന്നു. എന്നാല്‍ ബിജെപി തന്നെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നത് നിതീഷിന് അംഗീകരിക്കാന്‍ സാധിച്ചില്ല. 2022 ൽ ബിജെപിയോട് ഇടഞ്ഞ നിതീഷ് മോദിയെ പരസ്യമായി വിമര്‍ശിച്ചുകൊണ്ട് രാജിവെച്ചു.

എന്‍ഡിഎ വിട്ട് മഹാസഖ്യത്തിന്റെ ഭാഗമായത് നിതീഷിന്റെ മൂന്നാം ചാട്ടമായിരുന്നു. മഹാസഖ്യത്തിന്റെ ഭാഗമായി നിയമസഭയില്‍ ഭൂരിപക്ഷം നേടി നിതീഷ് മുഖ്യമന്ത്രിയായി (എട്ടാമത്തെ തവണ) ചുമതലയേറ്റു.

നിതീഷിന്റെ ഈ കൂട് മാറ്റത്തിനെ തുടര്‍ന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞത്, നിതീഷ് കുമാറിനുള്ള എന്‍ഡിഎയുടെ വാതില്‍ എന്നന്നേക്കുമായി അടച്ചുവെന്നാണ്. അതിന് മറുപടിയായി എന്‍ഡിഎയിലേക്ക് പോകുന്നതിനേക്കാള്‍ നല്ലത് മരിക്കുന്നതാണെന്ന് പറഞ്ഞ് നിതീഷും രംഗത്തെത്തിയിരുന്നു.

ബിഹാർ മുഖ്യമന്ത്രിയായി നിതീഷ് കുമാർ ഒൻപതാം തവണ സത്യപ്രതിജ്ഞ ചെയ്യുന്നു Screen-grab, Copyrights: PTI

ഇപ്പോഴിതാ 2024 ല്‍ നാലാമത്തെ തവണയും പാര്‍ട്ടി മാറിയിരിക്കുകയാണ് നിതീഷ്. മുഖ്യമന്ത്രി സ്ഥാനം രാജി വെക്കുകയും മഹാഗത്ബന്ധനും ഇന്ത്യ സഖ്യവുമായുള്ള എല്ലാ ബന്ധങ്ങളും ഉപേക്ഷിച്ച് നിതീഷ് വീണ്ടും ബിജെപിയില്‍ ചേര്‍ന്നിരിക്കുകയാണ്.

അതേ ദിവസം തന്നെ വീണ്ടും മുഖ്യമന്ത്രിയായി (ഒന്‍പതാമത്തെ തവണ) നിതീഷ് അധികാരമേല്‍ക്കുകയും ചെയ്തു.

രാഷ്ട്രീയത്തില്‍ കാലുറപ്പിച്ചതില്‍ പിന്നെ നാല് തവണയാണ് നിതീഷ് പാര്‍ട്ടികള്‍ ചാടിക്കളിച്ചത്. ഇതിനൊപ്പം ഒന്‍പതു തവണ ബിഹാര്‍ മുഖ്യമന്ത്രിയായി അധികാരമുറപ്പിക്കുകയും ചെയ്തു. പാര്‍ട്ടി ഏതായാലും അധികാരം ഉറപ്പാക്കുക എന്നതാണ് നിതീഷിന്റെ നിലപാട്. ഈ തെരഞ്ഞെടുപ്പിനുശേഷം ഇനിയും എത്രതവണ നിതീഷ് കുമാര്‍ ചാടി കളിക്കുമെന്ന് കണ്ടറിയേണ്ടത് തന്നെയാണ്.

FAQs

എന്താണ് ഇന്ത്യ സഖ്യം?

ഇന്ത്യൻ നാഷണൽ ഡെവലപ്‌മെൻ്റൽ ഇൻക്ലൂസീവ് അലയൻസ് എന്നതാണ് ഇന്ത്യ എന്നതിന്റെ മുഴുവൻ പേര്. ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ നേതൃത്വത്തിൽ ഇന്ത്യയിലെ 27 രാഷ്ട്രീയ പാർട്ടികളുടെ ഒരു വലിയ കൂടാര രാഷ്ട്രീയ സഖ്യം. 2024 ലെ ഇന്ത്യൻ പൊതു തെരഞ്ഞെടുപ്പിൽ ബിജെപിയെ പരാജയപ്പെടുത്തുക എന്നതാണ് സഖ്യത്തിൻ്റെ ലക്ഷ്യം.

ആരാണ് വാജ്പേയി?

ഇന്ത്യയുടെ 10-മത് പ്രധാനമന്ത്രിയായിരുന്നു അടൽ ബിഹാരി വാജ്‌പേയി. ബിജെപിയുടെ മുതിർന്ന നേതാവായ വാജ്പേയി മൂന്ന് തവണ ഇന്ത്യയുടെ പ്രധാനമന്ത്രിയായി.

ആരാണ് ജോർജ് ഫെർണാണ്ടസ്?

ഇന്ത്യൻ ട്രേഡ് യൂണിയനിസ്റ്റും രാഷ്ട്രതന്ത്രജ്ഞനും പത്രപ്രവർത്തകനുമായിരുന്നു ജോർജ് മാത്യു ഫെർണാണ്ടസ്. ഇന്ത്യയുടെ പ്രതിരോധ മന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ജനതാദളിൻ്റെ ഒരു പ്രധാന അംഗവും സമതാ പാർട്ടിയുടെ സ്ഥാപകനുമായിരുന്നു.

Quotes

എല്ലാവരും ലോകത്തെ മാറ്റുന്നതിനെക്കുറിച്ച് ചിന്തിക്കുന്നു. പക്ഷേ ആരും സ്വയം മാറുന്നതിനെക്കുറിച്ച് ചിന്തിക്കുന്നില്ല – ലിയോ ടോൾസ്റ്റോയ്‌