രാ രാ ജ്യം മുഴുവന്‍ ഏകീകൃത സിവില്‍ കോഡിനെക്കുറിച്ച് ചൂടേറിയ ചര്‍ച്ച നടക്കുകയാണ്. ഇടക്കാലത്ത് കെട്ടുപോയ ഇതേക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് ഇപ്പോള്‍ ഭാരതീയ ജനത പാര്‍ട്ടി നയിക്കുന്ന സര്‍ക്കാര്‍ തന്നെ വീണ്ടും തിരികൊളുത്തിയിരിക്കുകയാണ്. ഭയാനകമാം വിധം ഈ ബില്ലിനെ ഹിന്ദു – മുസ്ലിം സംഘര്‍ഷമായി വളര്‍ത്തിയെടുക്കുന്നതില്‍ ഇന്നത്തെ ചര്‍ച്ചകള്‍ വലിയ പങ്കു വഹിച്ചിട്ടുണ്ട്. ഇന്ത്യന്‍ മുസ്ലീങ്ങളോടുള്ള വിരുദ്ധ രാഷ്ട്രീയത്തിന്‍റെ ഭാഗമായി ഹിന്ദു വലതുപക്ഷം യുസിസിയെക്കുറിച്ചുള്ള ചര്‍ച്ചകളെ പ്രധാന പ്രചാരണ ഉപകരണമായി വര്‍ഷങ്ങളായി പൊതിഞ്ഞു വെച്ചിരിക്കുകയാണ്. എന്നിരുന്നാലും, ഈ ചർച്ചകളെ മനസ്സിലാക്കാനുള്ള ഏതൊരു ശ്രമവും പുറമേക്കുള്ള ഹിന്ദു-മുസ്ലിം സംഘർഷത്തേക്കാൾ കൂടുതൽ സങ്കീര്‍ണ്ണത ഉള്ളടങ്ങിയിട്ടുണ്ടെന്നതാണ് യാഥാർഥ്യം. മാത്രവുമല്ല, ഏതു നിലയില്‍ ഏകീകൃത സിവില്‍ കോഡ് ഇന്ത്യയില്‍ നടപ്പിലാക്കാന്‍ ശ്രമിച്ചാലും അത് എല്ലാ മത വിഭാഗങ്ങളെയും ഒരു പോലെ ബാധിക്കുന്ന പ്രശ്നമായി വളരുക തന്നെ ചെയ്യും.ഇന്ത്യന്‍ മുസ്ലീങ്ങളോടുള്ള വിരുദ്ധ രാഷ്ട്രീയത്തിന്‍റെ ഭാഗമായി ഹിന്ദു വലതുപക്ഷം യുസിസിയെക്കുറിച്ചുള്ള ചര്‍ച്ചകളെ പ്രധാന പ്രചാരണ ഉപകരണമായി വര്‍ഷങ്ങളായി പൊതിഞ്ഞു വെച്ചിരിക്കുകയാണ്
ഹിമാചൽ പ്രദേശ്, കർണാടക എന്നിവിടങ്ങളില്‍ അടുത്തിടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ബിജെപിയുടെ പ്രധാന പ്രചാരണ വിഷയം ഏകീകൃത സിവില്‍ കോഡായിരുന്നു എന്നത് ശ്രദ്ധേയമാണ്. ഈ രണ്ട് സംസ്ഥാനങ്ങളിലെയും തിരഞ്ഞെടുപ്പില്‍ ബിജെപി പരാജയപ്പെട്ടെങ്കിലും ഏകീകൃത സിവില്‍ കോഡില്‍ തങ്ങള്‍ക്കുള്ള നിലപാട് തുടരാനാണ് പാര്‍ട്ടി തീരുമാനം.
ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പ്രധാനമായും മുഖ്യമന്ത്രിമാരെ മുന്‍നിര്‍ത്തിയാണ് ഏകീകൃത സിവില്‍ കോഡിന്‍റെ പ്രചാരണങ്ങള്‍ വലിയ നിലയ്ക്ക് നടക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ഈ പ്രചാരണങ്ങളില്‍ നേരിട്ടു പങ്കെടുക്കാതെ പിന്‍നിരയിലേക്ക് വലിഞ്ഞുള്ള പ്രവര്‍ത്തനമാണ് കാഴ്ചവയ്ക്കുന്നത്. ഏകീകൃത സിവില്‍ കോഡിന് പിന്തുണ നൽകുന്ന ഒരു ദേശീയ സാമൂഹിക അവസ്ഥയെ പരിപോഷിപ്പിക്കുന്നതിന്, താഴെ തട്ടില്‍ നിന്ന് ആരംഭിക്കുന്ന പ്രത്യക പദ്ധതിയുടെ സൂചനയായി ഇതിനെ കാണാവുന്നതാണ്. അല്ലാത്തപക്ഷം, മുസ്ലീം രാഷ്ട്രീയത്തിന് വലിയ പ്രസക്തിയില്ലാത്ത ഹിമാചൽ പ്രദേശിൽ ഏകീകൃത സിവില്‍ കോഡിനെ ഒരു പ്രധാന ഇലക്ഷന്‍ പ്രചരണ വിഷയമായി ബിജെപി തീരുമാനിച്ചത് എന്തുകൊണ്ടാണെന്നത് അവ്യക്തമാണ്. 2022 മെയില്‍ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി മുൻ സുപ്രീം കോടതി ജഡ്ജിയായിരുന്ന രഞ്ജന പ്രകാശ് ദേശായിയുടെ നേതൃത്വത്തില്‍ യുസിസിക്കായി ഒരു ഡ്രാഫ്റ്റ് സൃഷ്ടിക്കാൻ അഞ്ചംഗ സമിതിയെ നിയോഗിച്ചതിനെ ഇതോടൊപ്പം ചേര്‍ത്തുവായിക്കാം.
തീവ്ര വലതു രാഷ്ട്രീയത്തിന്‍റെ പ്രധാന മൂന്ന് അജണ്ടകളില്‍ ഒന്നാണ് ഏകീകൃത സിവില്‍ കോഡെന്നത് പരസ്യമായ രഹസ്യമാണ്. കാശ്മീരിന്‍റെ പ്രത്യേക പദവി എടുത്തു കളഞ്ഞ ആര്‍ട്ടിക്കിള്‍ 370 ന്‍റെ റദ്ദാക്കലും 2024 ഉദ്ഘാടനം ചെയ്യാനിരിക്കുന്ന അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്‍റെ നിര്‍മ്മാണവുമാണ് മറ്റ് രണ്ട് പ്രധാന അജണ്ടകള്‍. ഇങ്ങനെയൊക്കെയാണെങ്കിലും യുസിസിയുടെ രഹസ്യ സ്വഭാവം നിലനിര്‍ത്താന്‍ ബിജെപി പ്രത്യേക ശ്രദ്ധ ചെലുത്തുന്നുണ്ട്. ബി.ജെ.പിയുടെ സാമ്പ്രദായിക സാമൂഹിക അടിത്തറയ്‌ക്കപ്പുറമുള്ള അനുരണനമാണ് യുസിസിക്കുള്ളത് എന്നതിൽ സംശയമില്ല. എല്ലാ പൗരന്മാർക്കും അവരുടെ വിശ്വാസത്തെ പരിഗണിക്കാതെ തുല്യത ഉറപ്പു വരുത്താനുള്ള ശ്രമം ശക്തമായൊരു ആശയമാണ്, അതിനാല്‍തന്നെ അതിനെതിരെ ന്യായവാദങ്ങൾ ഉന്നയിക്കാൻ സാധിക്കുകയില്ല. ഇന്ത്യയുടെ ഭരണഘടനയുടെ നിർമ്മാണ സഭ ഈ വിഷയത്തിൽ ദേശീയ തലത്തില്‍ നടത്തിയ ആദ്യകാല ചർച്ചകള്‍ മുതലുള്ള സംഭാഷണരീതി കണക്കിലെടുക്കുമ്പോൾ, ഇന്ത്യൻ മുസ്ലീങ്ങൾ ഒഴികെയുള്ള എല്ലാ മത വിഭാഗങ്ങളും ഈ സമത്വം ആഗ്രഹിക്കുന്നതായി തോന്നിയേക്കാം.
ഹിന്ദു വലതുപക്ഷത്തിന്‍റെ തന്നെ അഭിപ്രായത്തിൽ, ഏകീകൃത സിവില്‍ കോഡ് ഇന്ത്യയില്‍ നടപ്പിലാക്കുന്നതില്‍ നേരിട്ട പരാജയപ്പെട്ടതിന്‍റെ പ്രധാന കാരണം, ഇന്ത്യയിലെ മതേതര രാഷ്ട്രീയ പാർട്ടികൾ നിയമസമത്വത്തോട് കാണിച്ചിട്ടുള്ള ചായ്‌വ് കുറവും മുസ്ലീം മതവിഭാഗങ്ങളോടുള്ള അമിത പ്രീതിയുമാണ്.
യഥാര്‍ത്ഥത്തില്‍ ഇതായിരുന്നോ കാരണങ്ങള്‍ ?
1996 ൽ ഇന്ത്യൻ പാർലമെന്‍റിൽ നടന്ന അവിശ്വാസ പ്രമേയ ചർച്ചയില്‍ തന്നെ ഇതിനുള്ള ഉത്തരം ഉള്ളടങ്ങിയിട്ടുണ്ട്. 13 ദിവസം മാത്രം ആയുസ്സുണ്ടായിരുന്ന അന്നത്തെ സർക്കാരിന്‍റെ പ്രധാനമന്ത്രിയെന്ന നിലയിൽ അടൽ ബിഹാരി വാജ്‌പേയി തന്‍റെ പാർട്ടിയുടെ നിലപാടാണെന്ന നിലയില്‍ വാദിച്ചത് ഏകീകൃത സിവില്‍ കോഡ് ഉള്‍പ്പെടെയുള്ള വിഷയങ്ങളെക്കുറിച്ചാണ്. ഇത്തരം വിവാദ വിഷയങ്ങള്‍ക്കുവേണ്ടി വാദിച്ചതുകൊണ്ടു തന്നെയാണ് അദ്ദേഹത്തിന്‍റെ സർക്കാരിന് ഇന്ത്യയിലെ മതേതര കക്ഷികൾ പിന്തുണ നൽകാൻ തയ്യാറാകാത്തതിന്‍റെ പ്രധാന കാരണവും. എങ്കിലും യുസിസിക്കായുള്ള ദേശീയതല ചര്‍ച്ചകള്‍ക്കായി വാജ്പേയി നിരന്തരം അഭ്യർത്ഥിച്ചു കൊണ്ടിരുന്നു. അതുപോലെ വിവാഹ ചടങ്ങിൽ വധുവിന്‍റെ സമ്മതം പോലെയുള്ള കാര്യങ്ങളിലെ വസ്തുത താൻ തീർച്ചയായും വിലമതിക്കുന്നുവെന്നും വാജ്പേയി കൂട്ടിച്ചേര്‍ത്തു.
തീർച്ചയായും, എല്ലാ മതങ്ങളിലും നല്ലതും അതുപോലെ പിന്തിരിപ്പനായതുമായ ആശയങ്ങളുണ്ട്. ഏകീകൃത സിവില്‍ കോഡ് ഇത്തരം നല്ല ആചാരങ്ങളുടെ സമന്വയമാണോ അതോ ഹൈന്ദവ ആചാരങ്ങളുടെ തനിയാവർത്തനം മാത്രമായിരിക്കുമോ എന്ന് ഏതൊരാള്‍ക്കും സംശയമുണ്ടാകാം. വാജ്‌പേയിയുടെ 1996 ലെ പ്രസംഗമനുസരിച്ച്, വിവാഹത്തിലെ വധുവിന്‍റെ സമ്മതം എന്ന ഇസ്ലാമിക ആചാരത്തെ ചുറ്റിപ്പറ്റിയുള്ള ചിന്ത യുസിസിയുടെ ഭാഗമാകാം, കാരണം അതൊരു നല്ല സമ്പ്രദായമാണ്. അതേസമയം ഹിന്ദു സമൂഹത്തിന് ഇതേ സമ്പ്രദായം സ്വീകാര്യമാകുമോ? എന്ന ചോദ്യം സ്വാഭാവികമായി ഉയരാം.
വാജ്പേയി തുടങ്ങിവച്ച സംവാദത്തിന്‍റെ തുടര്‍ച്ചയായി, മുൻ പ്രധാനമന്ത്രി പി വി നരസിംഹ റാവു, ആന്ധ്രാപ്രദേശിലെ ഹിന്ദു സമൂഹത്തിലെ ഒരു പ്രത്യേക ആചാരം ഉദ്ധരിച്ചുകൊണ്ട് സംസാരിക്കുകയുണ്ടായി. അവിടങ്ങളില്‍ ആചാര പ്രകാരം മാതൃസഹോദരന് തന്‍റെ മരുമകളെ വിവാഹം കഴിക്കുന്നത് അനുവദനീയമാണ്. ഏകീകൃത സിവില്‍ കോഡ് ഇത്തരം വിഷയത്തെ എങ്ങനെ കൈകാര്യം ചെയ്യുമെന്ന് നിയമനിർമ്മാതാക്കൾക്ക് പറയാമോ എന്ന് അദ്ദേഹം തന്‍റെ സംശയമുന്നയിച്ചു. അതിനെ തുടര്‍ന്നുള്ള ചര്‍ച്ചയില്‍ ഈ രീതി നിരോധിക്കുകയോ ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിൽ അനുവദിക്കുകയോ ചെയ്യുക എന്നതാണ് ആകെയുള്ള മാര്‍ഗ്ഗങ്ങള്‍. രണ്ടു മാര്‍ഗ്ഗങ്ങളും വളരെ വെല്ലുവിളി നിറഞ്ഞതാണെന്ന കാര്യം ഏതൊരാള്‍ക്കും അല്പമൊന്ന് ആലോചിച്ചാല്‍ മനസിലാകും.
നരസിംഹ റാവൂ ചൂണ്ടിക്കാണിച്ചത് ഇതിലെ ഒരു ഉദാഹരണം മാത്രമാണ്, ഇത്തരം ഒട്ടേറെ പ്രശ്നങ്ങള്‍ യുസിസിക്കായി മുന്‍ നിശ്ചയിച്ചിട്ടുള്ള മാര്‍ഗ്ഗരേഖയില്‍ ഉള്ളടങ്ങിയിട്ടുണ്ട്. വൈവിധ്യമാർന്ന ഹിന്ദു സമൂഹത്തിനുതകുന്ന എല്ലാം തികഞ്ഞൊരു മാര്‍ഗ്ഗരേഖ യുസിസിക്ക് നിബന്ധമായും ആവശ്യമാണ്. ഹിന്ദു മത സമൂഹമെന്നത് കൃത്യമായ ശ്രേണീകൃത സ്വഭാവം സൂക്ഷിക്കുന്നതാണ് അതേ സമയം ഏകീകൃത സിവില്‍ കോഡിന്‍റെ അടിസ്ഥാനം തന്നെ സമത്വമാണ്. നേര്‍വിപരീതമായ ഈ രണ്ട് ആശയങ്ങള്‍ എങ്ങനെ ഒത്തുപോകുമെന്നത് ഇതിലെ വലിയ അനിശ്ചിതത്വം തന്നെയാണ്.
ഹിന്ദു സമൂഹത്തിന്‍റെ ഈ സങ്കീര്‍ണ്ണ സ്വഭാവം കണക്കിലെടുക്കുമ്പോള്‍ ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കാനുള്ള ഏതൊരു സമഗ്രമായ ശ്രമവും മുസ്ലിം സമൂഹത്തേക്കാള്‍ വലിയ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്. ബിജെപിയോ ഹിന്ദു വലതുപക്ഷത്തിമോ ആ സങ്കീര്‍ണ്ണതയെ മനസിലാക്കാത്തവരല്ല, പക്ഷെ അതിനെ തന്ത്രപരമായി മറച്ചു വച്ച് മുസ്ലിം മത സമൂഹത്തിനുമേല്‍ യുസിസിയുടെ പരാജയത്തിന്‍റെ മുഴുവന്‍ പഴിയും കെട്ടിവയ്ക്കുകയാണ്.
ഓൾ ഇന്ത്യ മുസ്‌ലിം പേഴ്‌സണൽ ലോ ബോർഡ് (എഐഎംപിഎൽബി) ഏകീകൃത സിവില്‍ കോഡിനോടുള്ള കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ചത് മുസ്ലിങ്ങളെ അച്ചടക്കം പഠിപ്പിക്കാനുള്ള അവസരമാണെന്ന് വിശ്വസിക്കാനുള്ള ഹിന്ദു അവകാശത്തെ പ്രോത്സാഹിപ്പിച്ചു. കൂടാതെ, ഹിന്ദു സമൂഹത്തിലെ എല്ലാ ലിംഗഭേദ സംബന്ധിയായ പ്രശ്‌നങ്ങളും ശാശ്വതമായി പരിഹരിക്കുന്ന രീതിയിലാണ് ഹിന്ദു കോഡ് ബിൽ അവതരിപ്പിക്കുന്നത്.
പ്രശസ്ത ഫെമിനിസ്റ്റ് അഭിഭാഷകയായ ഫ്ലാവിയ ആഗ്നസ് പറയുന്നതനുസരിച്ച്, ഹിന്ദു കോഡ് ബില്ലിൽ ലിംഗ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന നിരവധി പ്രശ്നങ്ങളുണ്ട്. 1954 ലെ സ്പെഷ്യല്‍ മാരേജ് ആക്ടിനെ ഹിന്ദുത്വവല്‍ക്കരിക്കുന്നതില്‍ പ്രധാന പങ്കു വഹിച്ചതും ഹിന്ദു കോഡ് ബില്ലാണെന്ന വിമര്‍ശനം ഫ്ലാവിയ ആഗ്നസ് തന്നെ ഉയര്‍ത്തുന്നുണ്ട്. കൂടാതെ നിയമത്തില്‍ ഉള്ളടങ്ങിയിട്ടുള്ള ഒട്ടേറെ പഴുതുകളെയും അവര്‍ തുറന്നു കാണിക്കുന്നുണ്ട്.
എഐഎംപിഎൽബിയുടെ ഉത്ഭവം തന്നെ ഏകീകൃത സിവില്‍ കോഡിനോടുള്ള കടുത്ത പ്രതിഷേധത്തെ തുടര്‍ന്ന് ഉണ്ടായതാണ് എന്നതുമൊരു വസ്തുതയാണ്. 1973 ൽ ദിയോബന്ദ് മദ്രസയുടെ അന്നത്തെ വൈസ് ചാന്‍സലറായിരുന്ന മുഹമ്മദ് തയ്യബിന്‍റെ മുൻകൈയിലാണ് ഇത് സ്ഥാപിതമായത്. രക്ഷാകർതൃത്വത്തെക്കുറിച്ചുള്ള മുസ്ലീം മതനിയമങ്ങളുമായി പൊരുത്തപ്പെടാത്ത ദത്തെടുക്കൽ ബിൽ ഇന്ത്യയുടെ ആഭ്യന്തര മന്ത്രി എച്ച് ആർ ഗോഖലെ പാർലമെന്‍റിൽ അവതരിപ്പിച്ചപ്പോൾ അത് മുസ്ലീം പുരോഹിതന്മാരിൽ ഭയം ഉയർത്തി. 1972 ഡിസംബർ 27-28 തീയതികളിൽ ദിയോബന്ദിൽ മത നേതാക്കളുടെ വലിയ മീറ്റിംഗ് സംഘടിപ്പിക്കുകയുണ്ടായി. അതിനെ തുടർന്ന് മുംബൈയിൽ വച്ച് നടത്തിയ ചര്‍ച്ചയില്‍ പുതിയൊരു സംഘടനയ്ക്കായുള്ള ആവശ്യമുയര്‍ന്നു വന്നു. നാല് മാസത്തിന് ശേഷം അത് ഹൈദരാബാദിൽ എഐഎംപിഎല്‍ബിയ്ക്ക് ജന്മം നൽകി. ഏകീകൃത സിവില്‍ കോഡിനെക്കുറിച്ചുള്ള ഭയവും മുസ്ലീം വ്യക്തിനിയമം (എം.പി.എൽ) സംരക്ഷിക്കേണ്ടതിന്‍റെ ആവശ്യകതയുമാണ് എഐഎംപിഎൽഎബിയുടെ രൂപീകരണത്തിലേക്ക് നയിക്കുന്നത്.
1980 കളുടെ അവസാനത്തിൽ ഷാ ബാനോ കേസിനെ തുടര്‍ന്ന്, എഐഎംപിഎൽബി ഇസ്ലാം സമൂഹത്തില്‍ നിലനില്‍ക്കുന്ന പുരുഷാധിപത്യത്തെ വെല്ലുവിളിക്കാനുള്ള ശ്രമങ്ങൾ പൗരസമൂഹ സംഘടനകൾ നടത്തിയിട്ടുണ്ട്. എഐഎംപിഎൽബിയുടെ ബോർഡിൽ വനിതാ അംഗങ്ങളെ ഉൾപ്പെടുത്താനുള്ള തീരുമാനമുണ്ടായതിലും ഈ സംഭവത്തിന്‍റെ സ്വാധീനമുണ്ട്. പിന്നീട് 2005 ൽ അഖിലേന്ത്യ മുസ്ലിം വിമൻ പേഴ്‌സണൽ ബോർഡും (AIMWPB) സ്ഥാപിതമായി. പല സിവിൽ സൊസൈറ്റി ഗ്രൂപ്പുകൾക്കും, പ്രത്യേകിച്ച് ഭാരതീയ മുസ്ലീം മഹിളാ ആന്ദോളൻ (ബിഎംഎംഎ) പോലുള്ളവ, കുടുംബ നിയമത്തിന്‍റെ ക്രോഡീകരണത്തിലുള്ള അഭാവം വലിയ ആശങ്ക തന്നെയാണ്. 1917 ലെ ഓട്ടോമൻ സാമ്രാജ്യത്തിന്‍റെ കുടുംബ നിയമത്തെ അടിസ്ഥാനമാക്കി മിഡിൽ ഈസ്റ്റിലെയും ആഫ്രിക്കയിലെയും പല മുസ്ലീം രാജ്യങ്ങളിലെ കുടുംബ നിയമങ്ങള്‍ ക്രോഡീകരിക്കപ്പെട്ടിട്ടുണ്ട്. അവയില്‍ പ്രധാനപ്പെട്ടതാണ് ജോർദാൻ (1951), സിറിയ (1953), ടുണീഷ്യ (1957), മൊറോക്കോ (1957), ഇറാഖ് (1959), തുടങ്ങിയ രാജ്യങ്ങള്‍. അറബ് രാജ്യങ്ങളിലെ ഈ നിയമങ്ങൾ പ്രകാരമാണ് പാക്കിസ്ഥാനിലെ 1961 ലെ കുടുംബ നിയമ ഓർഡിനൻസ് രൂപീകരിച്ചത്, അത് ബംഗ്ലാദേശ് നിലനിർത്തിപോരുകയും ചെയ്തു. ഇന്ത്യയിലെ സെക്യുലർ ഭരണകൂടങ്ങൾക്ക് ഈ മാറ്റങ്ങളെ ഉൾക്കൊള്ളാനായിരുന്നില്ല.
2024 ലെ തെരഞ്ഞെടുപ്പിന് മുമ്പ് മോദി സർക്കാർ ഏകീകൃത സിവില്‍ കോഡ് കൊണ്ടുവരുമോ അതോ 2024ന് ശേഷമുള്ള സർക്കാരിലേക്ക് മാറ്റിവെക്കുമോ? രണ്ടു കാര്യത്തിലും ബിജെപിക്ക് നേട്ടമുണ്ട്. 2024-ലെ തിരഞ്ഞെടുപ്പിന് മുമ്പ് യുസിസി ബിൽ പാസാക്കുന്നതിൽ വിജയിച്ചാൽ, അത് ഇന്ത്യയിലെ അടിസ്ഥാന സാമൂഹിക അടിത്തറയെ കൂടുതല്‍ ഉത്തേജിപ്പിക്കും. കാരണം ബിജെപി നിലകൊണ്ട മൂന്ന് പ്രധാന പ്രത്യയശാസ്ത്ര അജണ്ടകളും ഇതോടെ നടപ്പിലാകുകയാണ്. മറ്റൊരുതരത്തിൽ, പാർട്ടി ദേശീയ സംവാദങ്ങളെ പ്രകോപിപ്പിക്കുന്നത് തുടര്‍ന്നു കൊണ്ടിരിക്കുകയും, രാജ്യത്തെയാകെ ഒറ്റ നിയമത്തിന് കീഴിലാക്കുന്നതിന് ഏകീകൃത സിവില്‍ കോഡ് പാസാക്കുന്നതിനുള്ള ഉത്തരവ് ആവശ്യമാണെന്ന ഉച്ചത്തിലുള്ള സന്ദേശവുമായി അവര്‍ തെരഞ്ഞെടുപ്പിൽ പ്രവേശിക്കും.
എന്തായാലും കഴിഞ്ഞ പല തിരഞ്ഞെടുപ്പുകളിലും ഏകീകൃത സിവില്‍ കോഡ് ബിജെപിയുടെ പ്രകടന പത്രികയുടെ ഭാഗമായിരുന്നു. ഇന്നത്തെ സാഹചര്യത്തില്‍ 2024 ന് മുന്‍പ് ഏകീകൃത സിവില്‍ കോഡ് പാസാക്കുന്നതിനുള്ള പദ്ധതി മോദി സർക്കാർ മാറ്റിവെക്കാനാണ് സാധ്യത. അതിനു പകരമായി 2024 ലെ പാർലമെന്‍റ് തിരഞ്ഞെടുപ്പിന്‍റെ ഭാഗമായി ധ്രുവീകരണ തന്ത്രത്തിനുള്ള ഉപാധിയായി ഇതിനെ ഉയര്‍ത്തിക്കൊണ്ടു വരാനാണ് കൂടുതല്‍ സാധ്യതയുള്ളത്.
ഷെയ്ഖ് മുജീബുര്‍ റഹ്മാന്‍ OUTLOOK നായി എഴുതിയ ലേഖനത്തിലെ പ്രസക്ത ഭാഗം