Fri. May 3rd, 2024

അഞ്ചും എട്ടും പത്തും ഏക്കര്‍ വരുന്ന കൃഷി ഭൂമിയും അതിലെ ആദായവും കാട്ടില്‍ ഉപേക്ഷിച്ച് തലച്ചുമടായി എടുക്കാന്‍ പറ്റാവുന്ന വീട്ടുസാധനങ്ങള്‍ മാത്രം എടുത്താണ് ഈ കുടുംബങ്ങള്‍ മലയിറങ്ങി പന്തപ്രയില്‍ എത്തിയത്

ഴിഞ്ഞ പത്തു വര്‍ഷമായി പന്തപ്രയിലേയ്ക്കുള്ള മുതുവാന്‍, മന്നാന്‍ ആദിവാസികളുടെ പലായനം തുടങ്ങിയിട്ട്. ഉള്‍വനത്തില്‍ യാതൊരു അടിസ്ഥാന സൗകര്യവും ഇല്ലാതെയായിരുന്നു ഈ ജനത ജീവിച്ചിരുന്നത്. ഉള്‍വനമായതിനാല്‍ വന്യമൃഗങ്ങളുടെ ശല്യവും പതിവാണ്. കൃഷി ചെയ്യുന്നതെല്ലാം മൃഗങ്ങള്‍ നശിപ്പിക്കും. ഇത്തരം പ്രശ്ങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ ശ്രമങ്ങള്‍ നടത്തുമെന്ന് മുഹമ്മദ് വൈ. സഫീറുള്ള എറണാകുളം ജില്ലാ കളക്ടറായിരിക്കെ പറയുകയുണ്ടായി. റോഡ്, ഫെന്‍സിംഗ്, കക്കൂസ്, റേഷന്‍ കട അടക്കമുള്ള സൗകര്യങ്ങള്‍ ചെയ്തു നല്‍കുമെന്ന് പറഞ്ഞെങ്കിലും ഒന്നും നടപ്പായില്ലെന്ന് ആദിവാസികള്‍ തന്നെ പറയുന്നു. പകരം കൃഷി ഭൂമിയും കാടും വീടും ഉപേക്ഷിച്ച് കുടിയിറങ്ങുകയാണ് ചെയ്തത്.

ഉറിയംപെട്ടിയില്‍ നിന്നും 88 കുടുംബങ്ങളാണ് പുതുതായി പന്തപ്രയിലേക്ക് എത്തിയിരിക്കുന്നത്. അഞ്ചും എട്ടും പത്തും ഏക്കര്‍ വരുന്ന കൃഷി ഭൂമിയും അതിലെ ആദായവും കാട്ടില്‍ ഉപേക്ഷിച്ച് തലച്ചുമടായി എടുക്കാന്‍ പറ്റാവുന്ന വീട്ടുസാധനങ്ങള്‍ മാത്രം എടുത്താണ് ഈ കുടുംബങ്ങള്‍ മലയിറങ്ങി പന്തപ്രയില്‍ എത്തിയത്. നിലവില്‍ ചെല്ലപ്പന്‍ എന്ന വ്യക്തിയുടെ ഭൂമിയില്‍ കുടില്‍ കെട്ടിയാണ് ഈ കുടുംബങ്ങള്‍ താമസിക്കുന്നത്. കുടിവെള്ളം, കക്കൂസ്, വൈദ്യുതി അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഇതുവരെ തങ്ങള്‍ക്ക് ലഭ്യമായിട്ടില്ലെന്ന് ഇവിടുത്തുകാര്‍ പറയുന്നു.

വാരിയം, ഉറിയംപെട്ടി ആദിവാസി സെറ്റില്‍മെന്റുകളില്‍ 218 കുടുംബങ്ങളാണുള്ളത്. രണ്ടു തവണയായി 155 കുടുംബങ്ങള്‍ പന്തപ്രയിലേയ്ക്ക് എത്തി. പന്തപ്രയില്‍ പുനരധിവാസ ഭൂമിയായി അനുവദിച്ച 538 ഏക്കര്‍ ഭൂമിയിലാണ് പലായനം ചെയ്തു വന്ന കുടുംബങ്ങള്‍ താമസിക്കുന്നത്. 2014 ല്‍ എത്തിയ 67 കുടുംബങ്ങള്‍ക്ക് 2018ല്‍ രണ്ട് ഏക്കര്‍ വീതം ഭൂമി സര്‍ക്കാര്‍ പട്ടയം ചെയ്തു കൊടുത്തിട്ടുണ്ട്. ഇവര്‍ക്കുള്ള അടിസ്ഥാന സൗകര്യങ്ങളുടെ വികസനം ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണ്. പലരുടെയും വീടുകളുടെ നിര്‍മാണം ഇനിയും പൂര്‍ത്തീകരിച്ചിട്ടില്ല. അതുകൊണ്ട് തന്നെ തങ്ങള്‍ക്കും ഭൂമിയും മറ്റു അടിസ്ഥാന സൗകര്യങ്ങളും ലഭിക്കാന്‍ കാലതാമസം ഉണ്ടാകുമോ എന്ന ആശങ്ക പുതുതായി വന്ന 88 കുടുംബങ്ങള്‍ക്കുണ്ട്.

By Jamsheena Mullappatt

വോക്ക് മലയാളത്തില്‍ സീനിയര്‍ റിപ്പോര്‍ട്ടര്‍. മാസ് കമ്മ്യൂണിക്കേഷന്‍സ് ആന്റ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം. തേജസ് ദിനപത്രം, ടൂറിസം ന്യൂസ് ലൈവ്, ഡൂള്‍ ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.