ജാര്‍ഖണ്ഡിലെ രാംഗഡ് ജില്ലയില്‍ വാക്‌സിനേഷന് പിന്നാലെ മൂന്നുവയസുകാരന്‍ മരിച്ചു. ഒരു കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ നിന്ന് വാക്‌സിന്‍ സ്വീകരിച്ച കുട്ടിയാണ് മരിച്ചത്. വാക്‌സിനെടുത്ത് 24 മണിക്കൂറിന് ശേഷമാണ് മരണം സംഭവിച്ചതെന്നാണ് പരാതി. ഡിഫ്തീരിയ, പെര്‍ട്ടുസിസ്, ടെറ്റനസ്, ഹെപ്പറ്റൈറ്റിസ്-ബി തുടങ്ങിയ മാരക രോഗങ്ങളില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കുന്ന പെന്റാവാലന്റ് വാക്സിന്‍ ആണ് മൂന്നുവയസുകാരന്‍ അഭിരാജ് കുമാറിന് നല്‍കിയത്്. വാക്‌സിന്‍ നല്‍കിയതിന് പിന്നാലെ കുട്ടിയുടെ ആരോഗ്യനില മോശമാവുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വെള്ളിയാഴ്ച പുലര്‍ച്ചയോടെ മരണം സംഭവിച്ചു. അതേസമയം, മരണകാരണം കണ്ടെത്താന്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചിട്ടുണ്ടെന്ന് രാംഗഡ് സിവില്‍ സര്‍ജന്‍ ഡോ പ്രഭാത് കുമാര്‍ പറഞ്ഞു. കുട്ടിയുടെ ആന്തരാവയവങ്ങള്‍ അടക്കം വിശദമായി പരിശോധിക്കും. കേസ് ലോകാരോഗ്യ സംഘടനയുടെ സംസ്ഥാന സംഘവും അന്വേഷിക്കുമെന്ന് അദ്ദേഹം പറഞ്ഞു. അശ്രദ്ധയും സുരക്ഷിതമല്ലാത്ത പ്രതിരോധ കുത്തിവയ്പ്പും കാരണമാണ് തങ്ങളുടെ മകന്‍ മരിച്ചതെന്നാണ് കുടുംബത്തിന്റെ ആരോപണം.