Fri. Nov 22nd, 2024

ഗോള്‍ഡന്‍ ഗ്ലോബ് റേസില്‍ ചരിത്രം കുറിച്ച് മലയാളി നാവികന്‍ അഭിലാഷ് ടോമി. 2022 സെപ്റ്റംബര്‍ നാലിന് ഫ്രാന്‍സിലെ ലെ സാബ്ലെ ദൊലാനില്‍ നിന്ന് ‘ബയാനത്ത്’ എന്ന പായ് വഞ്ചിയില്‍ യാത്ര തിരിച്ച അഭിലാഷ് രണ്ടാമനായി തീരം തൊട്ടു. ഗോള്‍ഡന്‍ ഗ്ലോബ് റേസില്‍ ഒറ്റക്ക് ലോകം ചുറ്റിയ ആദ്യ ഏഷ്യക്കാരനും ആദ്യ ഇന്ത്യക്കാരനെന്ന നേട്ടം അഭിലാഷ് ടോമി സ്വന്തമാക്കി. എട്ട് മാസങ്ങള്‍ക്ക് ശേഷം പ്രാദേശിക സമയം രാവിലെ 10.30യോടെ ഫ്രാന്‍സിലെ ലെ സാബ്ലെ ദൊലാന്‍ തുറമുഖത്താണ് ടോമി മടങ്ങിയെത്തിയത്. 1968ലെ സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കുന്ന പായ് വഞ്ചിയില്‍ 236 ദിവസവും 14 മണിക്കൂറും 46 മിനിറ്റും കൊണ്ട് 48,000 കിലോമീറ്റര്‍ സഞ്ചരിച്ചാണ് അഭിലാഷിന്റെ ഒറ്റയാള്‍ യാത്ര അവസാനിച്ചത്. 2018ല്‍ ഗോള്‍ഡന്‍ ഗ്ലോബ് റേസിലെ ആദ്യയാത്ര അപകടം മൂലം പൂര്‍ത്തിയാക്കാന്‍ അഭിലാഷ് ടോമിക്ക് സാധിച്ചിരുന്നില്ല. ഇന്ത്യന്‍ മഹാസമുദ്രത്തിലുണ്ടായ കടല്‍ക്ഷോഭത്തില്‍ വഞ്ചിയുടെ പായ്മരത്തില്‍ നിന്ന് വീണ അഭിലാഷിന്റെ സ്‌പൈനല്‍കോഡിന് ഗുരുതര പരിക്കേറ്റിരുന്നു. ലോകത്തിലെ ഏറ്റവും സാഹസികത നിറഞ്ഞ കായിക വിനോദങ്ങളിലൊന്നാണ് ഗോള്‍ഡന്‍ ഗ്ലോബ് പായ്വഞ്ചിയോട്ട മത്സരം. 2022 സെപ്റ്റബര്‍ നാലിന് 16 പേരുമായി ഫ്രാന്‍സില്‍ നിന്നാരംഭിച്ച ഗോള്‍ഡന്‍ ഗ്ലോബ് റേസില്‍ അഭിലാഷ് ഉള്‍പ്പെടെ മൂന്ന് പേരാണ് അവശേഷിച്ചത്. 111 നോട്ടിക്കല്‍ മൈല്‍ അകലെയുള്ള ഓസ്ട്രിയന്‍ താരം മൈക്കല്‍ ഗുഗ്ഗന്‍ബെര്‍ഗര്‍ ആണ് മൂന്നാം സ്ഥാനത്ത്.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം