ഇലോണ്‍ മസ്‌കിന്റെ ബഹിരാകാശ കമ്പനിയായ സ്പേസ് എക്സിന് തിരിച്ചടി. സ്പേസ് എക്സിന്റെ റോക്കറ്റായ സ്റ്റാര്‍ഷിപ്പ് സൂപ്പര്‍ ഹെവിയുടെ ഭാവി വിക്ഷേപണം അമേരിക്കന്‍ സര്‍ക്കാര്‍ തടഞ്ഞു. പരാജയപ്പെട്ട ആദ്യ വിക്ഷേപണം ഉണ്ടാക്കിയ പ്രശ്നങ്ങളാണ് വിക്ഷേപണം തടയല്‍ നടപടിയിലേക്ക് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷനെ നയിച്ചത്. റോക്കറ്റ് പൊട്ടിത്തെറിച്ചതില്‍ എഫ്എഎ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ഏപ്രില്‍ 20 നായിരുന്നു വിക്ഷേപണം നടന്നത്. വിക്ഷേപണം നടന്ന് മൂന്നു മിനിറ്റിനകം റോക്കറ്റ് പൊട്ടിത്തെറിക്കുകയായിരുന്നു. വലിയ നാശനഷ്ടമാണ് പൊട്ടിത്തെറിയുണ്ടാക്കിയത്. ബോംബ് വര്‍ഷിച്ചതുപോലെ വിക്ഷേപണത്തറ തകരുകയും അപകടകരമയ അവശിഷ്ടങ്ങള്‍ വിക്ഷേപണ കേന്ദ്രത്തിന് ചുറ്റും ചിതറിത്തെറിക്കുകയും ചെയ്തു. ഇവയുണ്ടാക്കിയേക്കാവുന്ന പാരിസ്ഥിതിക പ്രശ്നങ്ങള്‍ കണക്കിലെടുത്താണ് സര്‍ക്കാര്‍ ഇടപെടല്‍. വിക്ഷേപണ കേന്ദ്രത്തിന് സമീപം ഏകദേശം 10 കിലോമീറ്റര്‍ ദൂരം വരെ അവശിഷ്ടങ്ങള്‍ വീണെന്നാണ് റിപ്പോര്‍ട്ട്.പൊട്ടിത്തെറിമൂലം ഉണ്ടായ കനത്ത പുകയും പൊടിപടലങ്ങളും വലിയ പാരിസ്ഥിതിക പ്രശ്നങ്ങളുണ്ടാക്കുകയും ചെയ്തു.