Wed. May 8th, 2024

ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്റെ ലൈംഗികാതിക്രമത്തിനെതിരെ നടപടി ആവശ്യപ്പെട്ടുള്ള ഗുസ്തി താരങ്ങളുടെ സമരത്തെ പിന്തുണച്ച് ഒളിമ്പ്യന്‍ നീരജ് ചോപ്ര. നീതിക്കുവേണ്ടി അത്ലറ്റുകള്‍ക്ക് തെരുവില്‍ സമരം ചെയ്യേണ്ടി വരുന്നത് വേദനിപ്പിക്കുന്നതാണെന്ന് നീരജ് ചോപ്ര ട്വീറ്റ് ചെയ്തു. രാജ്യത്തിനായി അത്യധ്വാനം ചെയ്തവരാണവര്‍. ഓരോ പൗരന്റേയും അഭിമാനത്തെ സംരക്ഷിക്കാന്‍ രാജ്യത്തിന് ഉത്തരവാദിത്തമുണ്ട്. സംഭവിക്കാന്‍ പാടില്ലാത്തതാണ് കാണുന്നതെന്നും നീരജ് പറഞ്ഞു. സുതാര്യമായും പക്ഷപാതിത്വം ഇല്ലാതെയും അധികൃതര്‍ ഈ വിഷയത്തില്‍ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം, ഗുസ്തി താരങ്ങളുടെ സമരം ആറാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. പ്രായപൂര്‍ത്തിയാകാത്ത ഒരാളടക്കം ഏഴ് താരങ്ങളാണ് ലൈംഗിക ചൂഷണം ആരോപിച്ച് ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനും ബി.ജെ.പി എം.പിയുമായ ബ്രിജ് ഭൂഷന്‍ സിങ്ങിനെതിരെ പരാതി നല്‍കിയിരിക്കുന്നത്. ഈ പരാതിയില്‍ കേസെടുത്ത് അന്വേഷണം ആരംഭിക്കാത്ത സാഹചര്യത്തിലാണ് താരങ്ങള്‍ വീണ്ടും പ്രതിഷേധവുമായി ഇറങ്ങിയത്. കേസെടുത്ത് അന്വേഷണം ആരംഭിക്കുന്നത് വരെ പ്രതിഷേധം തുടരുമെന്നാണ് താരങ്ങളുടെ നിലപാട്. വിഷയത്തില്‍ സുപ്രീം കോടതി ഡല്‍ഹി പൊലീസിന് നോട്ടീസ് അയച്ചിരുന്നു. ബ്രിജ് ഭൂഷണെതിരെ കായിക താരങ്ങളുടെ പ്രതിഷേധം ശക്തമാകുന്നതിനിടയില്‍ ഗുസ്തി ഫെഡറേഷന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കായി ഒളിമ്പിക് അസോസിയേഷന്‍ മൂന്നംഗ അഡ്‌ഹോക് കമ്മിറ്റിയെ നിയോഗിച്ചു. പുതിയ ഭരണ സമിതി നിലവില്‍ വരുന്നത് വരെ മൂന്നംഗ അഡഹോക് കമ്മിറ്റിക്കായിരിക്കും ചുമതല.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം