കല്‍ക്കട്ട: ബെംഗാളിലെ രാമനവമി ഘോഷയാത്രയ്ക്കിടെ നടന്ന അക്രമസംഭവങ്ങളിലെ അന്വേഷണം എന്‍ഐഎ ഏറ്റെടുക്കണമെന്ന് കല്‍ക്കട്ട ഹൈക്കോടതി. എന്‍ഐഎ അന്വേഷണം ആരംഭിക്കുന്നതിനായി കേസ് വിവരങ്ങള്‍ കേന്ദ്ര സര്‍ക്കാരിന് കൈമാറാന്‍ ആക്ടിങ് ചീഫ് ജസ്റ്റിസ് ടി എസ് ശിവജ്ഞാനം അധ്യക്ഷനായ ബെഞ്ച് പോലീസിന് നിര്‍ദേശം നല്‍കി. ഏപ്രില്‍ അഞ്ചിന് ഹൗറയിലുണ്ടായ സംഘര്‍ഷത്തില്‍ നടപടി സ്വീകരിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഈ മാസം ആദ്യവാരം കല്‍ക്കട്ട ഹൈക്കോടതി പശ്ചിമ ബംഗാള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഹൗറയിലെ ഷിബ്പൂര്‍ മേഖലയിലാണ് രാമനവമി ആഘോഷങ്ങള്‍ക്കിടെ അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. വടക്കന്‍ ദിനാജ്പൂര്‍ ജില്ലയിലെ ദല്‍ഖോലയിലും സമാനമായ അക്രമസംഭവങ്ങള്‍ പൊട്ടിപ്പുറപ്പെട്ടിരുന്നു. ഹൂഗ്ലിയിലുണ്ടായ ആക്രമണങ്ങളില്‍ 50 ലേറെ പേര്‍ അറസ്റ്റിലായിരുന്നു. അക്രമസംഭവങ്ങള്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്തതതാണെന്ന് സംശയിക്കുന്നതായി നേരത്തെ കേസ് പരിഗണിക്കവെ കല്‍ക്കട്ട ഹൈക്കോടതി ആരോപിച്ചിരുന്നു. സംസ്ഥാന പോലീസിന്റെ ഇന്റലിജന്‍സ് വിഭാഗത്തിന് വീഴ്ച പറ്റിയെന്നും ഹൈക്കോടതി നിരീക്ഷിച്ചു.