ഡല്‍ഹി: പോലീസ് സ്റ്റേഷനുകളിലും അന്വേഷണ ഏജന്‍സികളിലും മൂന്ന് മാസത്തിനകം സിസിടിവി ക്യാമറകള്‍ സ്ഥാപിക്കണമെന്ന് സുപ്രീംകോടതി. ക്യാമറകള്‍ സ്ഥാപിക്കണമെന്ന നിര്‍ദേശം നടപ്പിലാക്കി ജൂലൈ 18നകം സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നും അല്ലാത്തപക്ഷം കേന്ദ്ര ആഭ്യന്തര സെക്രട്ടറിയും സംസ്ഥാനങ്ങളുടെ ചീഫ് സെക്രട്ടറിമാരും നേരിട്ട് ഹാജരായി നടപടി നേരിടാതിരിക്കാനുള്ള കാരണം ബോധിപ്പിക്കേണ്ടി വരുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി. രാജ്യത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും അന്വേഷണ ഏജന്‍സികളായ എന്‍.ഐ.എ, സി.ബി.ഐ, റവന്യൂ ഇന്റലിജന്‍സ്, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ, സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് എന്നിവിടങ്ങളിലും മനുഷ്യാവകാശ ലംഘനങ്ങള്‍ തടയാന്‍ സി.സി. ടി.വി ക്യാമറകള്‍ സ്ഥാപിക്കണമെന്ന് 2018ലും 2020ലും സുപ്രീംകോടതി വിധികള്‍ പുറപ്പെടുവിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് സുപ്രീംകോടതി ഇപ്പോള്‍ അന്ത്യശാസനം നല്‍കിയിരിക്കുന്നത്. സുപ്രീംകോടതി നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിക്കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ബാധ്യതയുണ്ടെന്നും നിലവില്‍ കര്‍ശന നടപടികളെടുക്കുന്നില്ലെങ്കിലും മൂന്ന് മാസത്തിനകം നിര്‍ദേശങ്ങള്‍ നടപ്പാക്കണമെന്നും കോടതി അറിയിച്ചു. സമയമുണ്ടായിട്ടും സി.സി. ടി.വി ക്യാമറകള്‍ സ്ഥാപിക്കണമെന്ന നിര്‍ദേശങ്ങള്‍ പാലിക്കാതിരുന്ന കേന്ദ്ര സര്‍ക്കാരിന്റെയും 26 സംസ്ഥാന സര്‍ക്കാരുകളുടെയും നടപടിയില്‍ കോടതി അതൃപ്തി അറിയിച്ചു. സുപ്രീംകോടതിയുടെ നിര്‍ദേശത്തില്‍ ഇതുവരെയും സത്യവാങ്മൂലം സമര്‍പ്പിക്കാത്ത ഏക സംസ്ഥാനം കേരളമാണ്.