Thu. May 9th, 2024

നിയമസഭ പാസാക്കുന്ന ബില്ലുകളില്‍ ഗവര്‍ണര്‍മാര്‍ എത്രയും വേഗം തീരുമാനമെടുക്കണമെന്ന് സുപ്രീം കോടതി. ഭരണഘടനയുടെ 200-ാം അനുച്ഛേദം ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതിയുടെ നിരീക്ഷണം. അനുച്ഛേദത്തില്‍ പരമർശിക്കുന്ന അതിവേഗം എന്ന പദത്തിന് സുപ്രധാനമായ ഉദേശമുണ്ടെന്നും അത് മനസ്സിലാക്കി വേണം ഭരണഘടനാ പദവിയിലുള്ളവർ നടപടി സ്വീകരിക്കേണ്ടതെന്നും കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ്, ജസ്റ്റിസ് പി എസ് നരസിംഹ എന്നിവരടങ്ങിയ ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്. തെലങ്കാന സര്‍ക്കാരിന്റെ ഹര്‍ജി പരിഗണിക്കവേയാണ് സുപ്രീംകോടതിയുടെ സുപ്രധാന നിരീക്ഷണം. നിയമസഭ പാസാക്കിയ ബില്ലുകളിൽ ഗവർണർ തീരുമാനം വൈകിപ്പിക്കുന്നത് ഗുരുതര ഭരണഘടനാ പ്രതിസന്ധിയുണ്ടാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് തെലങ്കാനാ സർക്കാർ കോടതിയെ സമീപിച്ചത്. പല സംസ്ഥാനങ്ങളിലേയും ഗവര്‍ണര്‍മാര്‍ നിയമസഭ പാസാക്കിയ ബില്ലുകളിൽ തീരുമാനമെടുക്കാതെ പിടിച്ചുവെക്കുകയാണെന്ന് തെലങ്കാന സര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ ദുഷ്യന്ത് ദാവെ പറഞ്ഞു. അതിനാല്‍ ഈ ഹര്‍ജി പരിഗണിച്ച് സുപ്രീംകോടതി ഇക്കാര്യത്തില്‍ തീര്‍പ്പു കല്‍പ്പിക്കണമെന്നും ദാവെ ആവശ്യപ്പെട്ടു. 

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.