രാജ്യത്തെ ആദ്യ ജലമെട്രോ നാളെ മുതൽ കൊച്ചിയിൽ സർവീസ് ആരംഭിക്കും. തലസ്ഥാനത്ത് എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി വാട്ടർ മെട്രോ ഇന്ന് നാടിന് സമർപ്പിച്ചു. എറണാകുളം ഹൈകോർട്ട്-ബോൾഗാട്ടി-വൈപ്പിൻ റൂട്ടിലാണ് സർവീസ് തുടങ്ങുന്നത്. 20 രൂപയാണ് മിനിമം ചാർജ്. പദ്ധതി പൂർണ്ണമായും പൂർത്തിയാകുന്നതോടെ 10 ദ്വീപുകളിലായി 38 ടെർമിനലുകൾ ബന്ധിപ്പിച്ച് 78 ബോട്ടുകൾ സർവിസ് നടത്തും. ഹൈകോർട്ട്-വൈപ്പിൻ 20 രൂപയും വൈറ്റില–കാക്കനാട് 30 രൂപയുമാണ് ചാർജ്. മെട്രോ റെയിലിലെ കൊച്ചി വൺ കാർഡ് ഉപയോഗിച്ചും കൊച്ചി വൺ ആപ്പിലൂടെ ബുക്ക് ചെയ്യുന്ന മൊബൈൽ ക്യുആർ കോഡ് ഉപയോഗിച്ചും വാട്ടർ മെട്രോയിൽ യാത്രചെയ്യാൻ സാധിക്കും. കൊച്ചി മെട്രോ ട്രെയിനിലേത് പോലെ സമാനമായ നീല നിറത്തിലാണ് സീറ്റുകൾ സജീകരിച്ചിരിക്കുന്നത്. അടിയന്തര ഘട്ടങ്ങളിൽ ഉപയോഗിക്കാനുള്ള ലൈഫ് ജാക്കറ്റുകൾ സീറ്റുകൾക്ക് അടിയിൽ സൂക്ഷിച്ചിട്ടുണ്ട്.എട്ട് യാത്ര ബോട്ടും ഒരു ബോട്ട് കം ആംബുലൻസുമാണ് ജലമെട്രോ സർവിസിന് ആദ്യഘട്ടത്തിൽ എത്തിച്ചിരിക്കുന്നത്. ഹൈകോർട്ട്, ബോൾഗാട്ടി, വൈപ്പിൻ എന്നിവ കൂടാതെ വൈറ്റില, കാക്കനാട് ടെർമിനലുകളുടെയും നിർമാണം പൂർത്തിയായിട്ടുണ്ട്.