Fri. Nov 22nd, 2024

യുക്തിവാദികൾ ദൈവത്തിന്റെ സാന്നിധ്യത്തെ നിരാകരിക്കുക എന്ന പ്രവർത്തനം സമൂഹത്തിൽ അനിവാര്യമായി കണക്കാക്കുന്നു. ദൈവം അല്ലെങ്കിൽ ഈശ്വരൻ അതിന് സമാനമായ മാതൃകകളിൽ ലോകത്തിൽ നിലനിൽക്കുന്ന വിശ്വാസങ്ങൾ എന്നിവ സങ്കല്പങ്ങളാണെന്ന് തെളിയിക്കൽ അവരുടെ ബാധ്യതയായി കണക്കാക്കുന്നു.
എന്നാൽ പലപ്പോഴും ലോകമൊട്ടാകെയുള്ള യുക്തിവാദികൾ നിലനിൽക്കുന്ന സാമൂഹിക വ്യവസ്ഥിതിയിൽ അപകടകരമായ നിലപാടുകൾ എടുക്കാറുണ്ട്. ഉദാഹരണത്തിന് കേരളത്തിൽ ചില യുക്തിവാദ പ്രസ്ഥാനങ്ങൾ സംഘപരിവാർ പ്രത്യയശാസ്ത്രവുമായി ഐക്യപ്പെട്ട് പോകുന്ന വസ്തുത നമുക്ക് കാണാനാകും. ഹിന്ദു ദൈവങ്ങളെ വിമർശിക്കുമ്പോഴും അവർ അതിനോടൊപ്പം ജാതിയെ സംബന്ധിച്ച മുഴുവൻ ചർച്ചകളെയും ഭയപ്പെടുകയും ചെയുന്നു.ജാതി സംവരണത്തെ എതിർക്കൽ പ്രാതിനിധ്യത്തെ സംബന്ധിച്ച ചർച്ചകൾ എതിർക്കൽ മെറിറ്റ് വാദം തുടങ്ങിയവയൊക്കെ അവർ ചെയ്തു വരുന്നു.

ഹിന്ദു ദൈവത്തെ നിരാകരിക്കുമ്പോൾ അതോടൊപ്പം ദൈവികമായ ജാതി വിവേചനത്തെ സംബന്ധിച്ച ചർച്ചകളെയും അവർ നിരാകരിക്കുന്നു.അതിനെയും ജാതിയെ സംബന്ധിച്ച ചർച്ചകളെയും ഇല്ലാതാക്കാൻ കൂടി ശ്രമിക്കുന്ന സംഘപരിവാർ ആശയവുമായി അവർ പൊരുത്തപ്പെടുന്നത് ഇങ്ങനെയാണ്. അതിന് തികച്ചും ശാസ്ത്രീയമായ കാരണങ്ങളുണ്ട്. അത് മനസ്സിലാക്കുവാൻ ആ കൂട്ടായ്മയുടെ ഈ വിഷയത്തിലുള്ള നിലപാടുകൾ ഇഴകീറി പരിശോധിക്കേണ്ടത് അനിവാര്യമാണ്.

ദൈവം എന്ന സങ്കല്പം

ഒരു കൂട്ടായ്മ എന്ന നിലക്ക് ദൈവത്തെ നിരാകരിക്കുക എന്ന പ്രത്യയശാസ്ത്രം അവർ ഉയർത്തിപ്പിടിക്കുമ്പോഴും അവർക്ക് ദൈവം എന്ന സങ്കല്പത്തിനെ വേണ്ടതായ രീതിയിൽ മനസിലാക്കാൻ കഴിയുന്നില്ല എന്ന വസ്തുത കൂടി പുരോഗമന സമൂഹം കണക്കിലെടുക്കേണ്ടതുണ്ട്. ദൈവം എന്ന സംജ്ഞയെ ഈ വിഭാഗം മനസ്സിലാക്കുന്നത് അമാനുഷികമായ ശക്തിയുള്ള സ്വബോധമുള്ള വ്യക്തിക്ക് സമാനമായ ഒന്നായിട്ടാണ്. അതായത് സവിശേഷമായ കഴിവുകൾ ഉള്ള ചിന്തിക്കാൻ കഴിവുള്ള തീരുമാനങ്ങൾ സ്വയം എടുക്കാൻ കഴിയുന്ന ഒരു പൂർണ വ്യക്തിക്ക് സമാനമായ ഒന്നായിട്ടാണ് അവർ ദൈവത്തെ സങ്കല്പിച്ചെടുക്കുന്നത്.

ഹിന്ദു ദൈവത്തിന്റെ സാന്നിധ്യം ഇല്ല എന്ന് വിശ്വസിക്കുന്നതോടെ ദൈവികമായ ജാതി വ്യവസ്ഥയും ഇല്ല എന്ന സങ്കൽപം അവർ രൂപപ്പെടുത്തുന്നത് ഈ നിലയിലാണ്. പൊതുബോധത്തിനനുസരിച്ച് പരിശോധിക്കുമ്പോൾ ഇത് തീർത്തും ശരിയായ നിലപാടാണ് എന്ന് തോന്നുമെങ്കിൽ പോലും ശാസ്ത്രീയമായി ഇത് തെറ്റാവുകയും ചെയ്യുന്നു.

ദൈവത്തെ സ്വബോധമുള്ള വ്യക്തിക്ക് സമാനമായ ഒന്നായിക്കാണുമ്പോൾ തന്നെ അതിനെ സംബന്ധിച്ച ശാസ്ത്രീയമായ കാഴ്ച തെറ്റിപ്പോകുന്നു. മതങ്ങളെക്കുറിച്ച് ശാസ്ത്രീയമായി പഠിച്ച എമിൽ ദർഖൈയിം ദൈവത്തെക്കുറിച്ചു പറയുന്നത് വിശ്വാസികൾ ദൈവത്തെ അതീവ ശക്തയുള്ള വ്യക്തിക്ക് സമാനമായ ഒന്നായി കാണുന്നില്ല എന്നാണ്. ഒരുപക്ഷേ അവർ ദൈവത്തെ അങ്ങനെ സങ്കല്പിച്ചുകൊണ്ടല്ല ജീവിതം നയിക്കുന്നത്.

ഒരുപക്ഷേ പൊതുബോധം സങ്കല്പിക്കുന്നതുപോലെ ഒരു മരണാനന്തര ജീവിതത്തിൽ നേരിൽ കാണാൻ കഴിയുന്ന ഒന്നായിട്ടൊന്നുമല്ല വിശ്വാസികൾ ദൈവത്തെ മനസ്സിലാക്കുന്നത്. യുക്തിവാദികൾക്ക് തുടക്കത്തിൽ തന്നെ ഈ വിഷയത്തിൽ സങ്കല്പം തെറ്റിപ്പോകുന്നത് ഈ വസ്തുത ഉൾക്കൊള്ളാൻ കഴിയാത്തതുകൊണ്ടാണ്.

വിശ്വാസികൾക്ക് ദൈവത്തിൽ വിശ്വാസമില്ലെങ്കിൽ

ഈ വാദം ശരിയാണെങ്കിൽ ദൈവത്തിന്റെ സങ്കല്പത്തെ വിമർശിച്ചതുകൊണ്ടും മറ്റും അവർ ആളുകളെ കൊല്ലുന്നതും ഉപദ്രവിക്കുന്നതിനും എന്തിനാണ് എന്നൊക്കെ മറുചോദ്യം ചോദിക്കാവുന്നതാണ്. ദൈവം അത്രമേൽ ശക്തനാണെന്ന് വിശ്വാസികൾ കരുതുന്നുണ്ടെങ്കിൽ ദൈവത്തിന് വേണ്ടി അവർ നിഷ്ടൂരമായ അതിക്രമങ്ങൾക്ക് മുതിരേണ്ട ആവശ്യം പോലുമില്ലല്ലോ. ദൈവം വിമർശകരെ ശിക്ഷിക്കുമെന്ന് ന്യായമായും വിശ്വാസികൾക്ക് ഉറപ്പുണ്ടാകും.

അവിടെയാണ് ദൈവത്തെ സംബന്ധിച്ച യുക്തിവാദികളുടെ കാഴ്ച തെറ്റിപ്പോകുന്നത്. ദൈവ വിമർശകരെ ശിക്ഷിക്കുവാൻ തങ്ങളെ ചുമതലപ്പെടുത്തിയിരിക്കുന്നു എന്ന വിശ്വാസികളുടെ ധാരണയാണ് അതിക്രമങ്ങൾക്ക് കാരണം എന്ന് വാദിക്കാവുന്നതാണ്. എന്നാൽ ഈ വാദം പോലും ദൈവം എന്ന സങ്കല്പത്തെ പൂർണമായി മനസ്സിലാക്കാൻ യുക്തിവാദികളെ സഹായിക്കില്ല.

ദൈവം എന്ന പുതിയ സങ്കല്പം

ഒരർത്ഥത്തിൽ ദൈവം അതീവ ശക്തിയുള്ള ഒന്ന് തന്നെയാണെന്ന് യുക്തിവാദികൾ മനസ്സിലാക്കേണ്ടി വരും. എന്നാൽ ദൈവത്തെ ശക്തിയുള്ള സ്വബോധമുള്ള ഒരു വ്യക്തിയായി ഉൾക്കൊണ്ടാൽ അപ്പോൾ അതിനെ വിമർശിക്കാനുള്ള കൃത്യതയും തെറ്റിപ്പോകും. അതിന് കാരണം ദൈവം എന്നത് കാണാനോ സ്പർശിക്കുവാനോ അളന്നെടുക്കുവാനോ കഴിയാത്ത എന്നാൽ അതീവ കരുത്തുള്ള സവിശേഷമായ ഒരു സാമൂഹ്യ വസ്തുതയാണ് എന്നതാണ്.

ദൈവത്തിന് പ്രത്യേക തരത്തിലുള്ള കരുത്തുണ്ടെന്ന് സങ്കല്പിക്കണമെന്ന് ലേഖകൻ സൂചിപ്പിച്ചല്ലോ. അത് യുക്തിവാദികൾക്ക് ഒരിക്കലും അളന്നെടുക്കാൻ കഴിയില്ല അതിന് കാരണം ദൈവത്തിന്റെ കരുത്ത് മായാജാലം കാണിക്കുന്നതിലല്ല മറിച്ച് പല വീതം മനുഷ്യർക്ക് അത് സമൂഹത്തിൽ നൽകുന്ന അധികാരമായതുകൊണ്ടാണ്. ദൈവത്തിന്റെ കരുത്ത് അത് ചിലർക്ക് നൽകുന്ന അധികാരമാണ്.

അത്തരത്തിൽ ദൈവത്തിനെ മനസ്സിലാക്കുകയാണെങ്കിൽ യുക്തിവാദികൾക്ക് കുറച്ച് കൂടി വ്യക്തതയും കൃത്യതയും ദൈവത്തെ നിരാകരിക്കുവാൻ ലഭിക്കും. യുക്തിവാദികളുടെ ചർച്ചകളിലൊന്നും ഒരിക്കലും അധികാരത്തെ സംബന്ധിച്ച ചർച്ചകൾ ഒരിക്കലും കടന്നുവരാറില്ല എന്ന വസ്തുത നമ്മൾ ശ്രദ്ധിക്കേണ്ടതുണ്ട്. അതുകൊണ്ടാണ് ജാതിയെ സംബന്ധിച്ച ചർച്ചകൾ യുക്തിവാദികൾ ഭയപ്പെടുന്നത്. ജാതി സംവരണത്തെ യുക്തിവാദികൾ ഭയപ്പെടുന്നത്. അതിന്റെ കാരണങ്ങളിലേക്ക് വരികയാണെങ്കിൽ എന്താണ് അധികാരം എന്ന് വ്യക്തത വരുത്തേണ്ടതുണ്ട് എന്ന് തോന്നുന്നു. അധികാരം പദാർത്ഥ സ്വഭാവത്തിന് പുറത്തുള്ള സാമൂഹിക വസ്തുതയാണ്.

സാമൂഹിക വസ്തുതകൾ മനുഷ്യർക്ക് നിർണയിക്കാനാകാത്തതും എന്നാൽ മനുഷ്യനെ നിയന്ത്രിക്കുന്നതുമായ ഒന്നാണെന്നാണ് എമിൽ ദർഖൈയിം വ്യക്തമാക്കുന്നത്. മതങ്ങളെ ഒരു സാമൂഹിക വസ്തുതയായിട്ടാണ് അദ്ദേഹം പരിഗണിക്കുന്നത്. യുക്തിവാദികളെ സഹായിക്കുവാൻ ദൈവത്തെയും ഒരു സാമൂഹിക വസ്തുതയായി പരിഗണിക്കാവുന്നതാണ്. ദൈവം ഒരു സാമൂഹിക വസ്തുതയാകുന്ന അധികാരമാണ്.

ദൈവം എന്നതിന്റെ സാന്നിധ്യം തിരസ്കരിക്കുക അസാധ്യമാണ് അതിന് കാരണം ദൈവം എന്ന സങ്കല്പം വ്യക്തികളുടെ നിർണയത്തിന് പുറത്തുള്ളതും വ്യക്തിയെ നിർണയിക്കുന്ന ഒന്നുമാണ്. അതായത് ജനിക്കുന്ന വ്യക്തികൾക്ക് തിരഞ്ഞെടുപ്പില്ലാതെ അവരിലേക്ക് എത്തപ്പെടുന്നതും വ്യക്തികളുടെ ജീവിതത്തെ മിക്കവാറും ക്രമപ്പെടുത്തുന്നതുമാണ്. അത് മനുഷ്യരെ പ്രത്യേക രീതിയിൽ ചിന്തിപ്പിക്കുവാനും അനുഭവങ്ങളുണ്ടാക്കുവാനും പ്രവർത്തിപ്പിക്കുവാനും അധികാരം ചെലുത്തുന്ന ഒന്നായി കാണേണ്ടതുണ്ട്. അതാണ് നേരത്തെ സൂചിപ്പിച്ച സാമൂഹിക വസ്തുതയുടെ കൃത്യമായ സവിശേഷത.

ദൈവം എന്ന അധികാര രൂപം

അധികാരം എന്താണെന്ന് മാക്സ് വെബർ എന്ന സാമൂഹ്യ ശാസ്ത്രജ്ഞൻ വിശദീകരിക്കുന്നുണ്ട്. ഒരു വ്യക്തിയുടെ എതിർപ്പിനെ മറികടന്നു മറ്റൊരാളുടെ താല്പര്യത്തെ നടപ്പാക്കിയെടുക്കാനുള്ള അയാളുടെ കഴിവിനെയാണ് അധികാരം എന്ന് അദ്ദേഹം വ്യക്തമാക്കുന്നത്.

ദൈവത്തെ അധികാരമായി കണക്കാക്കുമ്പോൾ അത് മനുഷ്യർക്കിടയിൽ പല രീതിയിൽ അധികാരത്തെ വിതരണം ചെയ്യുന്ന ഒരു വ്യവസ്ഥയായി മനസ്സിലാക്കുക എന്നതാണ് ഉദ്ദേശിക്കുന്നത്. അതായത് പല മനുഷ്യർക്കിടയിൽ മറ്റുള്ളവരുടെ എതിർപ്പിനെ മറികടന്നു സ്വന്തം താല്പര്യം നടപ്പാക്കാൻ പലർക്കുമുള്ള കഴിവ് വ്യത്യസ്തമായിട്ടാണ് വിതരണം ചെയ്യപ്പെട്ടിരിക്കുന്നത് എന്ന് ചുരുക്കം. സമൂഹത്തിൽ പല തരത്തിലുള്ള അധികാരങ്ങളുണ്ടെന്ന് മാക്സ് വെബർ വ്യക്തമാക്കുന്നുണ്ട്.

പാരമ്പര്യമായി ലഭിച്ചു പോരുന്ന തരത്തിലുള്ള അധികാരങ്ങളുണ്ട്, ഉദാ: ബ്രാഹ്മണൻ ദരിദ്രനായാൽപ്പോലും സമൂഹത്തിൽ ലഭിച്ചു പോരുന്ന അധികാരം. ബ്രാഹ്‌മണപുരുഷന് മറ്റേതൊരാളുടേയും താത്പര്യത്തെ മറികടന്ന് സ്വന്തം താത്പര്യ്ം നടപ്പാക്കാൻ കഴിയും.

വ്യക്തി പ്രഭാവത്തിലൂടെ മനുഷ്യർക്ക് ലഭിച്ച് പോരുന്ന അധികാരങ്ങളുണ്ട്. ഉദാ: അംബേദ്കർ, മാർട്ടിൻ ലുതർ കിങ്, നെൽസൺ മണ്ടേല തുടങ്ങിയവർക്ക് ലഭ്യമായ അധികാരം.

യുക്തിപരമായ അധികാരം. ഉദാ: ആധുനിക സമൂഹത്തിലെ ജനാധിപത്യ, ഉദ്യോഗസ്ഥ സംവിധാനങ്ങളിലൂടെ ലഭിക്കുന്ന അധികാരം.

ഇത്തരത്തിൽ പരിശോധിക്കുകയാണെങ്കിൽ പാരമ്പര്യമായ അധികാരങ്ങൾ കൈമാറ്റം ചെയ്യപ്പെടുന്ന ഒരു വ്യവസ്ഥയാണ് ദൈവം എന്ന് മനസ്സിലാക്കേണ്ടി വരും. അത്തരത്തിൽ ദൈവത്തെ അധികാരമായി കാണുന്ന ഒരു കാഴ്ച സമൂഹത്തിലെ പ്രശ്നങ്ങളിലേക്ക് നമ്മുടെ ശ്രദ്ധ കൂടുതൽ എത്തിക്കും. അതായത് ദൈവത്തോട് അടുത്ത് നില്കുന്നു എന്ന് സങ്കല്പിക്കപ്പെടുന്നവർക്ക് അത് സവിശേഷമായ അധികാരം കൂടുതൽ ലഭ്യമാക്കുകയും ചെയ്യും. സമൂഹത്തിലെ എന്ത് വിഭവങ്ങൾക്ക് വേണ്ടിയുള്ള മത്സരത്തിലും ഈ വിഭാഗങ്ങൾക്ക് എളുപ്പത്തിൽ സ്വന്തം താല്പര്യം നടപ്പാക്കാൻ കഴിയുകയും ചെയ്യും.

അങ്ങനെ നോക്കുമ്പോൾ ഹിന്ദു ദൈവത്തെ പരിശോധിക്കുകയാണെങ്കിൽ ദൈവം എന്ന വ്യക്തിയെ അല്ല കാണുന്നത് മറിച്ച് അനേകം മനുഷ്യരിൽ മറ്റു മനുഷ്യരുടെ താല്പര്യങ്ങളെ മറികടക്കാനുള്ള കഴിവ് ഒരു പ്രത്യേക രീതിയിൽ വിതരണം ചെയ്തിരിക്കുന്ന ഒന്നായിട്ടാണ്. അത് ബ്രാഹ്മണ ക്ഷത്രിയ വൈശ്യ ശുദ്ര ക്രമത്തിൽ ശ്രേണികൃതമായി താഴേക്ക് വിതരണം ചെയ്യപ്പെട്ടതാണ്. അതായത് ബ്രാഹ്മണ പുരുഷന് സ്വസമുദായത്തിലെ മറ്റു ഏത് ലിംഗ വിഭാഗങ്ങളെക്കാളും മറ്റു ഏത് സമുദായത്തിലെ വിഭാഗങ്ങളെക്കാളും സ്വന്തം താല്പര്യം അവരുടെ എതിർപ്പിനെ മറികടന്നു നടപ്പാക്കാൻ അധികാരമുണ്ടെന്ന് അർത്ഥം. ജാതി വ്യവസ്ഥയിൽ ഓരോ തട്ടിലേക്ക് താഴേക്ക് പോകുന്തോറും ഈ അധികാരം കുറഞ്ഞു കുറഞ്ഞു വന്നുകൊണ്ടിരിക്കുന്നു.

യുക്തിവാദികൾ മതങ്ങളെക്കുറിച്ച് ചർച്ച ചെയ്യുമ്പോൾ ഒരിക്കലും ദൈവത്തെക്കുറിച്ചു ഇങ്ങനെയൊരു കാഴ്ച സങ്കല്പിച്ചെടുക്കാൻ പറ്റുകയില്ല. മറിച്ച് അവർ മുൻപ് സൂചിപ്പിച്ചതുപോലെ ദൈവം എന്നതിനെ ഒരു സ്വബോധമുള്ള വ്യക്തിയായിട്ടാണ് സമീപിക്കുന്നത്.

കീഴാളർ ജാതി വിവേചനത്തെക്കുറിച്ച് സംസാരിക്കുന്നതും സവർണർ ജാതി വിവേചനം കൊണ്ടുനടക്കുന്നതും ഒരുപോലെയാണെന്ന് യുക്തിവാദികൾക്ക് തോന്നിപ്പോകുന്നത് ദൈവത്തെ സംബന്ധിച്ച അധികാരത്തെക്കുറിച്ചുള്ള കാഴ്ച ഇല്ലാത്തതുകൊണ്ടാണ്. സവർണർക്ക് സമൂഹത്തിൽ ദൈവം എന്ന സങ്കല്പം അധികാരം നൽകുന്നുണ്ടെന്നും കീഴാളർക്ക് അത് നൽകുന്നില്ലെന്നുമുള്ള ശാസ്ത്രീയ സത്യം യുക്തിവാദികൾക്ക് മനസ്സിലാക്കാൻ കഴിയുന്നില്ല. അതിനുമൊരു കാരണമുണ്ട്.

യുക്തിവാദി കൂട്ടായ്മകൾ സംഘപരിവാറുമായി ഐക്യപ്പെടുന്നതിന്റെ കാരണം

അതിന് ശാസ്ത്രീയമായ ഒരു കാരണമുണ്ടെന്ന് മുൻപ് ലേഖകൻ സൂചിപ്പിച്ചല്ലോ. ഹിന്ദു ദൈവങ്ങൾ പാരമ്പര്യമായി സവർണർക്ക് അധികാരം നൽകിപ്പോരുന്നുണ്ടെന്ന് സൂചിപ്പിച്ചല്ലോ. സംഘപരിവാർ സവർണരുടെ ഈ സവിശേഷമായ അധികാരത്തെ അംഗീകരിക്കുന്നവരും അതിനെ ചോദ്യം ചെയ്യാൻ മടിക്കുന്നവരുമാണ്. അതുകൊണ്ടാണ് സവർണരുടെ അധികാരത്തെ ചോദ്യം ചെയ്യുന്ന ജാതി സംവരണത്തെ സംഘപരിവാർ ഭയപ്പെടുന്നത്.

എല്ലാ അവസരങ്ങളിലേക്കുള്ള സവർണരുടെ തിരഞ്ഞെടുപ്പിന് നിയന്ത്രിക്കാൻ ഭരണകൂടത്തിന് അധികാരമുള്ളതുകൊണ്ടാണ് സവർണർ ജാതി സംവരണത്തെ എതിർക്കുന്നത്. പാരമ്പര്യമായി ലഭ്യമായിപ്പോരുന്ന അധികാരമുപയോഗിച്ച് എല്ലാം അവസരങ്ങളിലേക്കും സ്വന്തം താല്പര്യത്തിൽ എത്താനുള്ള സാധ്യത ഇല്ലാതാകുന്നതുകൊണ്ടാണ് സവർണർ ജാതി സംവരണത്തെ സംബന്ധിച്ച എല്ലാം ചർച്ചകളെയും തടയുന്നത്.

യുക്തിവാദ കൂട്ടായ്മകളും സംഘപരിവാരും സമാനമായ നിലപാടെടുക്കുന്നതും ഇതുകൊണ്ടാണ്. പാരമ്പര്യമായി ലഭ്യമായിപ്പോരുന്ന അധികാരം എന്ന വസ്തുതയെ അംഗീകരിക്കാൻ യുക്തിവാദികൾ തയ്യാറാകില്ല. ജാതി സംവരണത്തെ എതിർക്കൽ, ജാതി വിവേചനത്തെ സംബന്ധിച്ച ചർച്ചകൾ എതിർക്കൽ, മെറിറ്റ് വാദം എന്നിവയെല്ലാം അവർ സംഘപരിവാർ മാതൃകയിൽ തുടരുന്നതിന്റെ കാരണം യുക്തിവാദി കൂട്ടങ്ങളിലെ ഭൂരിപക്ഷവും സവർണർ ആയതുകൊണ്ടാണ്.

അതായത് ഇത്തരം യുക്തിവാദി കൂട്ടായ്മകളിൽ വലിയ ഭൂരിപക്ഷമായി വരുന്നത് ഹിന്ദു അധികാരക്രമം അനുസരിച്ച് സമൂഹത്തിൽ പാരമ്പര്യമായി അധിക അധികാരം ലഭിച്ചു പോരുന്ന വിഭാഗങ്ങളിൽ നിന്നുള്ളവരാൻ എന്നുള്ളതാണ്. ഈ വിഭാഗങ്ങളിൽ നിന്നുള്ള ആളുകൾക്ക് ഹിന്ദു ദൈവങ്ങൾ ഇവർക്ക് പാരമ്പര്യമായി ലഭ്യമാക്കിപ്പോരുന്ന അധികാരത്തെ ചോദ്യം ചെയ്യുന്നത് സഹിക്കാനാകില്ല. അതുകൊണ്ട് തന്നെ സ്വബോധമുള്ള വ്യക്തിക്ക് സമാനമായ അതീവ ശക്തിയുള്ള ഒന്നായിട്ടാണ് അവർ ദൈവത്തെ സങ്കല്പിച്ചെടുക്കുക.

അവരുടെ കൂട്ടത്തിൽ സവർണർക്ക് മാത്രം അധികാരം നൽകുന്ന ഒരു ദൈവം അതിജീവിക്കുന്നത് അവർക്ക് മനസ്സിലാക്കാനോ അതിന്റെ അസ്തിത്വത്തെ ഇല്ലാതാക്കാനോ അവർ ശ്രമിക്കില്ല. അതുകൊണ്ടാണ് സവർണരാൽ നിയന്ത്രിതമായ സംഘപരിവാറിന് സമാനമായ രീതിയിൽ യുക്തിവാദികൾ ഇടപെടുന്നത്. സവർണർക്ക് മാത്രം സവിശേഷ അധികാരം നൽകിയിട്ടുള്ള ഹിന്ദു ദൈവങ്ങൾ ഈ കൂട്ടങ്ങളിൽ ശക്തമാണ് എന്നതാണ് അതിനർത്ഥം.

ഒരുപക്ഷേ ഹിന്ദു ദൈവങ്ങളെ തകർക്കുക എന്ന ലക്ഷ്യം ആർക്കെങ്കിലും ഉണ്ടെങ്കിൽ ഹിന്ദു ദൈവങ്ങൾ സവർണർക്ക് പാരമ്പര്യമായി നൽകിപ്പോരുന്ന അധികാരങ്ങളെ തകർക്കുക എന്നതായിരിക്കും അവർ ചെയ്യുക എന്നതാണ് ശാസ്ത്രീയമായ സത്യം.

FAQs

എന്താണ് സംഘ പരിവാർ?

രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെ (ആർഎസ്എസ്) പ്രവർത്തകർ രൂപം നൽകിയ സംഘടനകളുടെ ഗണമാണ് സംഘപരിവാർ എന്നറിയപ്പെടുന്നത്. രാഷ്ട്രീയ സ്വയംസേവക സംഘവും മറ്റു പല ചെറുതും വലുതുമായ ഹൈന്ദവ സംഘടനകളുമാണ് ഇതിലെ അംഗങ്ങൾ.

ആരാണ് ബ്രാഹ്മണർ?

ചാതുർ‌വർ‌ണ്യത്തിൽ ആദ്യത്തെ വർണത്തിൽ വരുന്ന വ്യക്തിയെ സൂചിപ്പിക്കുന്ന നാമമാണ് ബ്രാഹ്മണൻ. ബ്രാഹ്മണൻ വിപ്രൻ (ഉത്സാഹി) എന്നും ദ്വിജൻ (രണ്ടാമതും ജനിച്ചവൻ) എന്നും അറിയപ്പെടുന്നു.

എന്താണ് മതം?

ഒരു മനുഷ്യസമൂഹം അനുഷ്ടിക്കുന്ന വിശ്വാസങ്ങളേയും ആചാരങ്ങളേയുമാണ് അവരുടെ മതം എന്നതുകൊണ്ട് വിവക്ഷിക്കുന്നത്. മുഖ്യധാരാ മതങ്ങൾ ഒരു ദൈവത്തിലോ പല ദേവതകളിലോ വാഴ്ത്തപ്പെട്ടവരിലോ ഉള്ള വിശ്വാസവും ദൈവത്തോടോ ദേവതകളോടോ പുണ്യവാളന്മാരിലോ ഉള്ള ആരാധനയും നിഷ്കർഷിക്കുന്നു.

Quotes

“കണ്ണിന് കണ്ണ് എന്നാണെങ്കിൽ ലോകം അന്ധതയിലാണ്ട് പോകും”-മഹാത്‌മാ ഗാന്ധി

അരവിന്ദ് ഇന്റിജനസ്: ഗവേഷകൻ, പോണ്ടിച്ചേരി സെൻട്രൽ യൂണിവേഴ്സിറ്റി