Sat. Nov 23rd, 2024

മോദി ജാതിപ്പേരുകാരെ അവഹേളിച്ചതുമായി ബന്ധപ്പെട്ട മാനനഷ്ടക്കേസ് പട്‌ന പ്രത്യേക കോടതിയിലെ നടപടി താല്‍ക്കാലികമായി നിര്‍ത്തിവച്ചു. ചൊവ്വാഴ്ച രാഹുല്‍ നേരിട്ട് ഹാജരാകേണ്ടതില്ലെന്നും പട്‌ന ഹൈക്കോടതി പറഞ്ഞു. അടുത്തമാസം 15ന് ഹൈക്കോടതി കേസ് വീണ്ടും പരിഗണിക്കും.

സൂറത്ത് കോടതിയിലെ നടപടികളുടെ തിരക്കിലായിരുന്നതിനാല്‍ ഹാജരാകാനുള്ള തീയതി നീട്ടി നല്‍കണമെന്ന് രാഹുലിന്റെ അഭിഭാഷകന്‍ കോടതിയില്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് കേസ് 25ലേക്ക് മാറ്റിയത്. അന്നേ ദിവസം രാഹുല്‍ ഗാന്ധി നേരിട്ടു ഹാജരാകുമെന്ന് ഉറപ്പുവരുത്താന്‍ അഭിഭാഷകനോട് ആവശ്യപ്പെട്ടിരുന്നു. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പു കാലത്ത് മോദി ജാതിപ്പേരുകാര്‍ക്കെതിരെ രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശം അപകീര്‍ത്തികരമാണെന്നു ആരോപിച്ചു ബിഹാര്‍ മുന്‍ ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോദി നല്‍കിയ ഹര്‍ജിയാണു പട്‌ന എംപി/എംഎല്‍എ പ്രത്യേക കോടതി പരിഗണിക്കുന്നത്. സമാനമായ കേസില്‍ സൂറത്ത് കോടതി രണ്ടു വര്‍ഷത്തെ തടവുശിക്ഷ വിധിച്ചതോടെ രാഹുല്‍ ഗാന്ധിയെ ലോക്‌സഭാംഗത്വത്തില്‍ നിന്ന് അയോഗ്യനാക്കിയിരുന്നു.

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.