Wed. Nov 6th, 2024

അരിക്കൊമ്പനെ പിടികൂടണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതി വീണ്ടും തള്ളി. സ്വകാര്യ വ്യക്തി നല്‍കിയ ഹര്‍ജിയാണ് കോടതി തള്ളിയത്. നേരത്തെ സംസ്ഥാനത്തിന്റെ ഹര്‍ജി തള്ളിയതാണെന്ന് കോടതി പറഞ്ഞു. അതേസമയം, അരിക്കൊമ്പനെ പിടിച്ച് മാറ്റേണ്ട സ്ഥലം സംബന്ധിച്ച് തീരുമാനമെടുക്കാന്‍ ഹൈക്കോടതി നിയോഗിച്ച വിദഗ്ദ്ധ സമിതി ഓണ്‍ലൈനായി യോഗം ചേരുകയാണ്. സ്ഥലം തീരുമാനിച്ചാല്‍ രഹസ്യമായി സര്‍ക്കാരിനെയും ഹൈക്കോടതിയെയും അറിയിക്കാനാണ് സാധ്യത.

അതിനിടെ, ഇടുക്കിയിലെ ചിന്നക്കനാല്‍ 301 കോളനിയില്‍ വീണ്ടും കാട്ടാന ആക്രമണം ഉണ്ടായി. കോളനിയില്‍ താമസിക്കുന്ന ലീല ചന്ദ്രന്റെ വീടിന്റെ കതകും ഷെഡും കാട്ടാന തകര്‍ത്തു. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. ലീല മാത്രമാണ് ഇവിടെ താമസിക്കുന്നത്. കാട്ടാന ശല്യമുള്ളതിനാല്‍ മിക്ക ദിവസങ്ങളിലും ലീല സഹോദരിയുടെ വീട്ടിലാണ് കഴിയുന്നത്. ഇന്നലെയും ഇവര്‍ വീട്ടിലില്ലാതിരുന്നതിനാല്‍ പരുക്കേല്‍ക്കാതെ രക്ഷപെട്ടു. വീടിനോട് ചേര്‍ന്നുള്ള ഷെഡും അടുക്കളയുടെ കതകും ആന തകര്‍ത്തു. ഇന്നലെ വൈകുന്നേരം ഈ ഭാഗത്ത് ചക്കക്കൊമ്പന്‍ എന്ന് വിളിക്കുന്ന കാട്ടാനയുണ്ടായിരുന്നു. ചക്കക്കൊമ്പനാണ് ആക്രമണം നടത്തിയത് എന്നാണ് സംശയിക്കുന്നത്. അരിക്കൊമ്പന്‍ ഈ പ്രദേശത്ത് ഉണ്ടായിരുന്നില്ല.

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.