Wed. May 1st, 2024

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ ഏഴു റണ്‍സ് വിജയം സ്വന്തമാക്കി റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. ബാംഗ്ലൂര്‍ ഉയര്‍ത്തിയ 190 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാന് ആറു വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. നാലാം ജയത്തോടെ എട്ടു പോയിന്റുമായി അഞ്ചാം സ്ഥാനത്താണ് ബാംഗ്ലൂര്‍. എട്ടു പോയിന്റുള്ള രാജസ്ഥാന്‍ നെറ്റ് റണ്‍റേറ്റിന്റെ ബലത്തില്‍ ഒന്നാമതുണ്ട്.

കഴിഞ്ഞ മത്സരത്തിലെ തോല്‍വിയുടെ ക്ഷീണം അകറ്റാനിറങ്ങിയ രാജസ്ഥാനെയാണ് ബാംഗ്ലൂര്‍ പരാജയപ്പെടുത്തിയതിത്. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ആര്‍സിബിക്ക് ആദ്യ പന്തില്‍ തന്നെ കോലിയെ നഷ്ടമായെങ്കിലും വെടിക്കെട്ട് ബാറ്റിംഗ് പുറത്തെടുത്ത ഡുപ്ലസിയുടെയും മാക്‌സ് വെല്ലിന്റെയും കരുത്തില്‍ 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 189 റണ്‍സ് നേടുകയായിരുന്നു.
39 പന്തില്‍ 62 റണ്‍സ് നേടി ഡുപ്ലസിസും 44 പന്തില്‍ 77 റണ്‍സ് നേടിയ മാക്‌സ് വെല്ലും പുറത്തായതിന് ശേഷം മറ്റ് ബാറ്റര്‍മാര്‍ക്ക് കാര്യമായൊന്നും ചെയ്യാനായില്ല. മറുപടി ബാറ്റിങ്ങില്‍ തുടക്കത്തിലേ തന്നെ ജോസ് ബട്ട്‌ലറെ രാജസ്ഥാന് നഷ്ടമായി. പിന്നീട് ഒത്തുചേര്‍ന്ന ജെയിസ്വാള്‍ പടിക്കല്‍ കൂട്ടുകെട്ട് മികച്ച രീതീയില്‍ ബാറ്റേന്തി. എന്നാല്‍ 47 റണ്‍സ് നേടിയ ജെയിസ്വാളിനും 52 റണ്‍സെടുത്ത പടിക്കലിനും രാജസ്ഥാനെ വിജയത്തിലെത്തിക്കാനായില്ല. ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ 15 പന്തില്‍ 22 റണ്‍സ് നേടി പുറത്തായി. അവസാന ഓവറുകളില്‍ 16 പന്തില്‍ 34 റണ്‍സ് നേടിയ ദ്രുവ് ജുറല്‍ പൊരുതിയെങ്കിലും വിജയം അകന്നുനിന്നു. മലയാളി താരം അബ്ദുല്‍ ബാസിത്ത് ഇംപാക്റ്റ് താരമായി ബാറ്റേന്തിയെങ്കിലും ഒരു പന്ത് നേരിട്ട് ഒരു റണ്‍സ് നേടി പുറത്താവാതെ നിന്നു.

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.