Mon. Dec 23rd, 2024

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഭീഷണിക്കത്തെഴുതിയയാളെ വിദഗ്ധമായി കുടുക്കി പൊലീസ്. കൈയക്ഷരം ശാസ്ത്രീയമായി പരിശോധിച്ച് ഉറപ്പ് വരുത്തിയാണ് കൊച്ചി കതൃക്കടവ് സ്വദേശിയ സേവ്യറിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ജോണി എന്ന ജോസഫ് ജോണിനോടുള്ള വ്യക്തി വൈരാഗ്യത്തിന്റെ പേരിലാണ് ഇയാള്‍ ജോണിന്റെ പേരില്‍ കത്തെഴുതിയതെന്ന് പൊലീസ് വ്യക്തമാക്കി. ഇയാളുടെ കൈയക്ഷരം ശാസ്ത്രീയമായി പരിശോധിച്ച ശേഷമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. തുടക്കം മുതലേ സേവ്യര്‍ പൊലീസിന്റെ റഡാറിനകത്തായിരുന്നു.

കത്തിന് പിന്നില്‍ സേവ്യറാണെന്ന് ജോണി ഇന്നലെ തന്നെ ആരോപിച്ചിരുന്നു. പൊലീസിനോടാണ് തന്റെ സംശയം ജോണി പറഞ്ഞത്. തുടര്‍ന്ന് പൊലീസ് സേവ്യറിനെ വിളിച്ചുവരുത്തി. തന്നോടുള്ള വിരോധം തീര്‍ക്കാന്‍ വേണ്ടി സേവ്യര്‍ ചെയ്തതാകാം ഇതെന്നായിരുന്നു ജോണി പറഞ്ഞത്. എന്നാല്‍ ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചില്ല. ഒടുവില്‍ കൈയക്ഷരം ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കിയതോടെ സേവ്യര്‍ കുടുങ്ങി. പരിശോധനയില്‍ സേവ്യറിന്റെ കൈയക്ഷരവും ഭീഷണിക്കത്തിലെ കൈയക്ഷരവും ഒന്നാണെന്ന് സ്ഥിരീകരിച്ചു.

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.