കൊച്ചി: കേരള സന്ദര്‍ശനത്തിനെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സുരക്ഷയെ സംബന്ധിച്ച് വിവാദം ശക്തമാകുന്നു. സന്ദര്‍ശനത്തിനിടെ സ്ഫോടനമുണ്ടാകുമെന്ന ഭീഷണിക്കത്താണ് ആദ്യം പുറത്തുവന്നത്. കത്തുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു. ഇതിന് പിന്നാലെ പ്രധാനമന്ത്രിയുടെ സുരക്ഷയുമായി ബന്ധപ്പെട്ട് എഡിജിപി ഇന്റലിജന്‍സ് തയ്യാറാക്കിയ വിവിഐപി സുരക്ഷാ സ്‌കീം ചോര്‍ന്നു. ഇതേ തുടര്‍ന്ന് ഗുരുതര വീഴ്ചയാണ് ഉണ്ടായതെന്നും മുഖ്യമന്ത്രി ഇക്കാര്യത്തില്‍ വിശദീകരണം നല്‍കണമെന്നും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മരളീധരന്‍ പറഞ്ഞു. സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥരുടെ പൂര്‍ണ വിവരങ്ങള്‍ അടക്കമുള്ളവയാണ് ചോര്‍ന്നത്. 49 പേജുള്ള റിപ്പോര്‍ട്ടില്‍ വിവിഐപി സുരക്ഷയുടെ സമഗ്രവിവരങ്ങള്‍ അടങ്ങിയിട്ടുണ്ട്. സംഭവത്തില്‍ എഡിജിപി ഇന്റലിജന്‍സ് ടി കെ വിനോദ് കുമാര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇന്റലിജന്‍സ് എഡിജിപിയുടെ റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ക്ക് ചോര്‍ന്നത് ഗുരുതര വീഴ്ചയാണെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ പറഞ്ഞു. കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിഷയം സസൂക്ഷ്മം നിരീക്ഷിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്.