ബെംഗളൂരു: ക്രിമിനല്‍ കേസുകള്‍ കൂട്ടത്തോടെ പിന്‍വലിച്ച് കര്‍ണാടകയിലെ ബിജെപി സര്‍ക്കാര്‍. വര്‍ഗീയ കലാപങ്ങളും വിദ്വേഷ പ്രസംഗങ്ങളുമായി ബന്ധപ്പെട്ടത് ഉള്‍പ്പെടെയുള്ള കേസുകളാണ് പിന്‍വലിച്ചത്. നാല് വര്‍ഷത്തിനിടെ 385 ക്രിമിനല്‍ കേസുകളാണു സര്‍ക്കാര്‍ പിന്‍വലിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഇവയില്‍ 182 കേസുകള്‍ വിദ്വേഷ പ്രസംഗം, ഗോസംരക്ഷണം, വര്‍ഗീയ കലാപം തുടങ്ങിയവുമായി ബന്ധപ്പെട്ടതാണ്. ഏഴ് പ്രത്യേക ഉത്തരവുകളിലൂടെയാണ് ഇത്രയും കേസുകള്‍ പിന്‍വലിച്ചത്. സംസ്ഥാന സര്‍ക്കാര്‍ പ്രോസിക്യൂഷനില്‍ നിന്ന് പിന്മാറിയ വര്‍ഗീയ സംഭവങ്ങളില്‍ ഭൂരിഭാഗവും വലതുപക്ഷ പ്രവര്‍ത്തകരുടേതാണ്. കേസുകള്‍ പിന്‍വലിക്കുന്നതോടെ ആയിരത്തിലധികം പ്രതികളാണ് നിയമത്തിന് മുന്നില്‍ നിന്ന് രക്ഷപ്പെടുന്നത്. ഇതില്‍ പകുതിയോളം പ്രതികള്‍ ബിജെപി എംപിയും എംഎല്‍എയും ഉള്‍പ്പെടെ ബിജെപി പ്രവര്‍ത്തകരാണ്. ഇന്ത്യന്‍ എക്‌സ്പ്രസിനു ലഭിച്ച വിവരാവകാശ രേഖയിലാണ് ഇക്കാര്യം പുറത്തുവന്നിരിക്കുന്നത്.