Thu. Dec 19th, 2024

ശ്രീനഗര്‍: ജമ്മു കശ്മീരിലെ പൂഞ്ചിലുണ്ടായ ഭീകരാക്രമണം ആസൂത്രിതമെന്ന് വിലയിരുത്തല്‍. ട്രക്ക് കടന്നു പോകാനിരുന്ന റോഡില്‍ മരത്തടികള്‍ വച്ച് ഗതാഗതം തടസപ്പെടുത്തി. മരത്തടികള്‍ നീക്കം ചെയ്യാന്‍ ഇറങ്ങിയ രണ്ട് സൈനികരെ ആദ്യം വെടിവെച്ചു. പിന്നാലെ ഗ്രേനേഡ് എറിഞ്ഞതായുമാണ് വിവരം. ഭീകരരില്‍ ചിലര്‍ അതിര്‍ത്തി കടന്ന് എത്തിയവരാണെന്നും ജനുവരിയില്‍ ഡാംഗ്രിയില്‍ ആക്രമണം നടത്തിയത് ഈ സംഘമാണെന്നും നിഗമനമുണ്ട്. അതേസമയം, ഭീകരാക്രമണവുമായി ബന്ധപ്പെട്ട് 12 പേര്‍ എന്‍ഐഎ കസ്റ്റഡിയിലായിട്ടുണ്ടെന്നാണ് വിവരം. സൈനികര്‍ സഞ്ചരിച്ച ട്രക്കിന് നേരെ ഇരുവശങ്ങളില്‍ നിന്നും ഭീകരര്‍ വെടിയുതിര്‍ത്തു എന്നാണ് എന്‍ഐഎ അന്വേഷണത്തിലെ കണ്ടെത്തല്‍. ആക്രമണം നടന്ന സ്ഥലത്ത് നിന്ന് ചൈനീസ് വെടിയുണ്ടകളും കണ്ടെത്തിയിട്ടുണ്ട്. ഭീകരര്‍ ചൈനീസ് വെടിയുണ്ടകള്‍ ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ ചൈനയുടെ പിന്തുണയോടെയാണ് ഇവരെത്തിയതെന്നാണ് വിലയിരുത്തല്‍. സൈനിക വാഹനത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ അഞ്ച് ജവാന്‍മാരാണ് കഴിഞ്ഞ ദിവസം വീരമൃത്യു വരിച്ചത്. ഒരു ജവാന്‍ ഗുരുതര പരുക്കുകളോടെ ചികിത്സയിലാണ്. ഭീകരര്‍ക്കായി വനമേഖലയില്‍ തെരച്ചില്‍ തുടരുകയാണ്.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം