Sat. Nov 23rd, 2024

വാഷിംഗ്ടണ്‍ : അമേരിക്കയില്‍ ഗര്‍ഭച്ഛിദ്രത്തിനുള്ള ഗുളികയുടെ വിലക്ക് താത്കാലികമായി നീക്കി സുപ്രീംകോടതി. നിരോധനത്തിനും നിയന്ത്രണത്തിനുമെതിരെ അമേരിക്കന്‍ സര്‍ക്കാരും മരുന്ന് നിര്‍മാതാക്കളായ ഡാന്‍കോ ലബോറട്ടറീസും നല്‍കിയ അടിയന്തര അപേക്ഷയിലാണ് സുപ്രീംകോടതിയുടെ സുപ്രധാന വിധി. രാജ്യത്ത് ഗര്‍ഭച്ഛിദ്രത്തിനായി പ്രധാനമായും ഉപയോഗിച്ച് വരുന്ന മിഫെപ്രിസ്റ്റോണ്‍ എന്ന ഗര്‍ഭച്ഛിദ്ര ഗുളിക നിരോധിക്കുകയും മരുന്നിന്റെ ലഭ്യതയെ പരിമിതപ്പെടുത്തകയും ചെയ്ത കീഴ്‌ക്കോടതി വിധികള്‍ സുപ്രീം കോടതി മരവിപ്പിച്ചു. അമേരിക്കയില്‍ പകുതിയില്‍ അധികം ഗര്‍ഭച്ഛിദ്രത്തിനായി ഉപയോഗിക്കുന്നത് മിഫെപ്രിസ്റ്റോണ്‍ എന്ന മരുന്നാണ്. ഇത് നിരോധിക്കാനുള്ള ടെകസാസ് കോടതി നടപടി വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിവച്ചിരുന്നു. അതേസമയം ഗര്‍ഭച്ഛിദ്ര വിഷയത്തില്‍ നിയമനടപടി തുടരുകയാണ്. സുപ്രീംകോടതി വിധിയോടെ ഒരു വര്‍ഷക്കാലത്തോളം ഗര്‍ഭച്ഛിദ്ര മരുന്നുകള്‍ അനായാസം ലഭ്യമാകും. 2000 മുതലാണ് അമേരിക്കയില്‍ മിഫെപ്രിസ്റ്റോണിന് അംഗീകാരം ലഭിച്ചത്.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം