Wed. Jan 22nd, 2025

കോഴിക്കോട്: താമരശേരിയില്‍ പ്രവാസി യുവാവിെന തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ വിദേശത്തേക്ക് കടന്നെന്ന് സംശയിക്കുന്ന മുഖ്യപ്രതികള്‍ക്കായി ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് പൊലീസ്. കഴിഞ്ഞ ദിവസം അറസ്റ്റിലായ നാലുപേരും ക്വട്ടേഷന്‍ സംഘങ്ങളായ മൂന്നുപേരും ബീച്ചിന് സമീപത്തെ ഹോട്ടലില്‍ ഭക്ഷണം കഴിക്കുന്നതിന്റെ വിഡിയോ ദൃശ്യം അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. പ്രതികളെ കുറിച്ച് സൂചനകള്‍ ലഭിച്ചതായി താമരശ്ശേരി ഡിവൈ.എസ്.പി ടി.കെ. അഷ്‌റഫ് പറഞ്ഞു. കാര്‍ വാടകക്കെടുത്ത പ്രതി കാസര്‍കോട് ചന്ദ്രഗിരി സ്വദേശി സി.കെ. ഹുസൈനെ ബുധനാഴ്ച ഒരു ദിവസത്തെ കസ്റ്റഡിയില്‍ വാങ്ങി കോഴിക്കോട് ബീച്ചില്‍ അടക്കം തെളിവെടുപ്പ് നടത്തി. ഷാഫിയെ ക്വട്ടേഷന്‍ സംഘം വിട്ടയച്ച മൈസൂര്‍ ബസ് സ്റ്റാന്‍ഡ് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ബുധനാഴ്ചയും പരിശോധന നടത്തി. സംഭവവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം കാസര്‍കോട് സ്വദേശികളായ മുഹമ്മദ് നൗഷാദ്, ഇസ്മയില്‍ ആസിഫ്, അബ്ദുറഹ്‌മാന്‍, ഹുസൈന്‍ എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. തിങ്കളാഴ്ച മൈസൂരില്‍ മോചിപ്പിച്ച ഷാഫിയെയും അവിടെയെത്തിച്ച് പരിശോധന നടത്തിയിരുന്നു. വിദേശത്ത് നടന്ന സാമ്പത്തിക ഇടപാടാണ് തട്ടിക്കൊണ്ടുപോകലിന്റെ പിന്നിലെന്ന് പൊലീസിന് വ്യക്തമാക്കി.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം