Wed. Jan 22nd, 2025

ഡല്‍ഹി: 2016 ലെ കോടതിയലക്ഷ്യക്കേസില്‍ നിരുപാധികം മാപ്പുപറയാമെന്ന് റിപബ്ലിക് ടി.വി എഡിറ്റര്‍ ഇന്‍ ചീഫും എം.ഡിയുമായ അര്‍ണബ് ഗോസ്വാമി. ഒരാഴ്ചയ്ക്കിടെ മാപ്പുപറയുമെന്ന് അര്‍ണബിനു വേണ്ടി ഹാജരായ അഭിഭാഷക ഡല്‍ഹി ഹൈക്കോടതിയെ അറിയിച്ചു. അന്തരിച്ച പരിസ്ഥിതി പ്രവര്‍ത്തകനും ‘ദ എനര്‍ജി ആന്‍ഡ് റിസോഴ്സസ് ഇന്‍സ്റ്റിറ്റ്യൂട്ട്’ മുന്‍ തലവനുമായ ആര്‍.കെ പച്ചൗരി നല്‍കിയ കോടതിയലക്ഷ്യക്കേസിലാണ് ഗോസാമിയുടെ പ്രതികരണം. ‘ടൈംസ് നൗ’വില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കെയാണ് പച്ചൗരി അര്‍ണബിനെതിരെ കേസ് കൊടുത്തത്. പച്ചൗരിക്കെതിരെ ഉയര്‍ന്ന ലൈംഗിക ആരോപണവുമായി ബന്ധപ്പെട്ടാണ് നടപടി. ആരോപണത്തിലുള്ള അന്വേഷണവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കരുതെന്ന കോടതി ഉത്തരവുകള്‍ മനഃപൂര്‍വം ലംഘിച്ചെന്ന് കാണിച്ചായിരുന്നു മാധ്യമങ്ങള്‍ക്കെതിരെ പച്ചൗരി കേസ് കൊടുത്തത്. അന്ന് ടൈംസ് ഓഫ് നൗ എഡിറ്റര്‍ ഇന്‍ ചീഫായിരുന്ന അര്‍ണബിനു പുറമെ ബെന്നെറ്റ് ആന്‍ഡ് കോള്‍മാന്‍, ദ എക്മോണിക് ടൈംസ്, രാഘവ് ഓഹ്രി, പ്രണോയ് റോയ് എന്നിവര്‍ക്കെതിരെയും പരാതി നല്‍കിയിരുന്നു. തനിക്കെതിരായ ലൈംഗിക പീഡന ആരോപണങ്ങളുമായി ബന്ധപ്പെട്ട വാര്‍ത്തകളോ ലേഖനങ്ങളോ പ്രസിദ്ധീകരിക്കുന്നതിനു കോടതി സമ്പൂര്‍ണ വിലക്കേര്‍പ്പെടുത്തിയിരുന്നതായി പച്ചൗരിയുടെ ഹരജിയില്‍ ചൂണ്ടിക്കാട്ടി. കേസ് നടപടികള്‍ക്കിടെ 2020 ഫെബ്രുവരി 13ന് പച്ചൗരി മരിക്കുകയായിരുന്നു.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം