Mon. Dec 23rd, 2024

മതം ഏതായാലും പിതാവിൽ നിന്ന് വിവാഹച്ചെലവ് ആവശ്യപ്പെടാനുള്ള അവകാശം മകൾക്കുണ്ടെന്ന് ഹൈക്കോടതി. അവിവാഹിതരായ പെൺമക്കളുടെ നിയമപരമായ ഈ അവകാശം മതത്തിന്‍റെ അടിസ്ഥാനത്തിൽ നിഷേധിക്കാനാവില്ലെന്ന് ജസ്റ്റിസ് അനിൽ കെ നരേന്ദ്രൻ, ജസ്റ്റിസ് പി ജിഅജിത്കുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. പെൺകുട്ടികൾക്ക് വിവാഹ ചെലവ് പിതാവിന്റെ സ്വത്തുക്കളിൽ നിന്നോ അതിൽ നിന്നുള്ള ലാഭത്തിൽ നിന്നോ ഏറ്റെടുക്കാൻ അവകാശമുണ്ടോ എന്ന ചോദ്യത്തിന്മേൽ ക്രിസ്ത്യൻ വിഭാഗത്തിൽ രണ്ട് പെണ്മക്കൾ നല്കിയ ഹർജിയിലാണ് ഉത്തരവ്. സാമ്പത്തിക ശേഷിയുള്ള പിതാവിൽനിന്ന് വിവാഹ ചെലവിനായി 45 ലക്ഷം രൂപ അനുവദിക്കണമെന്നാവശ്യപ്പെട്ട് മക്കൾ പാലക്കാട് കുടുംബ കോടതിയിൽ കേസ് നൽകി. എന്നാൽ, 7.50 ലക്ഷം രൂപ അനുവദിക്കാനായിരുന്നു ഉത്തരവ്. തുക കുറഞ്ഞുപോയെന്ന് ചൂണ്ടിക്കാട്ടിയാണ് പെൺമക്കൾ ഹൈകോടതിയെ സമീപിച്ചത്. ഏത് മതത്തിൽപ്പെട്ട പിതാവിനും പെൺമക്കളുടെ വിവാഹത്തിന് ചെലവ് ചെയ്യാൻ ബാധ്യതയുണ്ടെന്ന് 2011ലെ ഇസ്മായിൽ -ഫാത്തിമ കേസിൽ ഹൈകോടതി ഉത്തരവുണ്ട്. അതിനാൽ, മതമേതായാലും മകളുടെ വിവാഹത്തിന് ധനസഹായം നൽകാൻ പിതാവ് ബാധ്യസ്ഥനാണെന്ന് കോടതി വ്യക്തമാക്കി. വിവാഹ ചെലവിനായി 15 ലക്ഷം നൽകാൻ കോടതി ഉത്തരവിട്ടു.

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.