ഡല്‍ഹി: കോണ്‍ഗ്രസ് എംപി കാര്‍ത്തി ചിദംബരത്തിന്റെ സ്വത്ത് കണ്ടുകെട്ടി ഇഡി. കര്‍ണാടകയിലെ കൂര്‍ഗിലുള്ള സ്വത്ത് വകകള്‍ അടക്കം 11.04 കോടി രൂപയുടെ സ്വത്താണ് കണ്ടുകെട്ടിയത്. നാല് വസ്തുവകകളാണ് നിലവില്‍ ഇഡി കണ്ടുകെട്ടിയിട്ടുള്ളത്. ഐഎന്‍എക്‌സ് കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട കേസിലാണ് നടപടി. യുപിഎ സര്‍ക്കാരിന്റെ കാലത്ത് പി ചിദംബരം മന്ത്രിയായിരിക്കെ കാര്‍ത്തി കള്ളപ്പണം സ്വീകരിച്ചുവെന്നും ഇഡിയുടെ പ്രസ്താവനയില്‍ പറയുന്നു. ഇന്ദിരാണി മുഖര്‍ജി, പീറ്റര്‍ മുഖര്‍ജി എന്നിവരുടെ ഉടമസ്ഥയിലുള്ള ഐ.എന്‍.എക്‌സ് മീഡിയ കമ്പനിക്ക് വിദേശ നിക്ഷേപം സ്വീകരിക്കുന്നതിന് പി.ചിദംബരം ധനമന്ത്രിയായിരിക്കെ കാര്‍ത്തി ചിദംബരം കോഴവാങ്ങി ഇടപെടല്‍ നടത്തിയെന്നാണ് സിബിഐയുടെ കണ്ടെത്തല്‍. കാര്‍ത്തി ചിദംബരത്തിന്റെ വസതിയില്‍ നടത്തിയ റെയ്ഡില്‍ ഐ.എന്‍.എക്‌സ് മീഡിയ കമ്പനിയില്‍ നിന്ന് വാങ്ങിയ 10 ലക്ഷം രൂപയുടെ വൗചര്‍ സിബിഐക്ക് കിട്ടിയിരുന്നു. മൂന്നുകോടിയിലധികം രൂപയുടെ നേട്ടം ഈ ഇടപാടില്‍ കാര്‍ത്തി ചിദംബരത്തിന് ഉണ്ടായതായും സിബിഐ പറയുന്നു.