Fri. May 10th, 2024

ഡല്‍ഹി: രാജ്യത്തെ നഗരങ്ങളില്‍ ചൂട് കൂടുന്നതിനാല്‍ ഉഷ്ണ തരംഗ മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്നലെ രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും താപനില 40 മുതല്‍ 44 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നു. ഉത്തര്‍പ്രദേശിലെ ഹമീര്‍പൂരിലും പ്രയാഗ്രാജിലും താപനില 44.2 ഡിഗ്രി സെല്‍ഷ്യസായി ഉയര്‍ന്നു. ഡല്‍ഹിയിലെ കാലാവസ്ഥാ കേന്ദ്രമായ സഫ്ദര്‍ജംഗില്‍ സാധാരണ രേഖപ്പെടുത്താറുള്ള താപനിലയേക്കാള്‍ നാല് ഡിഗ്രി കൂടുതലാണ് രേഖപ്പെടുത്തിയത്. തുടര്‍ച്ചയായ നാലാം ദിവസമാണ് താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ എത്തുന്നത്. പുസ, പിതാംപുര തുടങ്ങിയ പ്രദേശങ്ങളില്‍ 41.6 ഡിഗ്രി മുതല്‍ 41.9 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് ചൂട് രേഖപ്പെടുത്തിയത്. പട്ന, ബങ്ക, ജാമുയി, നവാഡ, ഔറംഗബാദ്, സുപൗള്‍, ബീഹാറിലെ മറ്റ് ജില്ലകള്‍ എന്നിവിടങ്ങളില്‍ ചൊവ്വാഴ്ച മുതല്‍ രണ്ട് ദിവസത്തേക്ക് കടുത്ത ഉഷ്ണ തരംഗത്തിനുള്ള സാധ്യത കണ്ടെത്തിയതിനെ തുടര്‍ന്ന് കാലാവസ്ഥാവകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ചൂട് കൂടുതലാണെങ്കിലും നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ വടക്കുപടിഞ്ഞാറന്‍ ഭാഗങ്ങളും പെനിന്‍സുലാര്‍ മേഖലകളും ഒഴികെയുള്ള രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും സാധാരണ താപനിലയേക്കാള്‍ ഉയര്‍ന്ന താപനില ഉണ്ടാകുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ പ്രവചനം.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം