ഡല്‍ഹി: ആഭ്യന്തര കലാപം തുടരുന്ന സുഡാനില്‍ കുടുങ്ങിയ ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ സൗദി, യുഎഇ അടക്കമുള്ള അറബ് രാജ്യങ്ങളുമായി ചര്‍ച്ച നടത്തി കേന്ദ്രസര്‍ക്കാര്‍. സുഡാനില്‍ ഇന്ത്യക്കാരുടെ സുരക്ഷയ്ക്ക് ആവശ്യമായ സഹായങ്ങല്‍ നല്‍കാമെന്ന് യുഎഇയും സൗദിയും ഉറപ്പു നല്‍കിയതായി വിദേശ കാര്യ മന്ത്രാലയം അറിയിച്ചു. വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ സൗദി, യുഎഇ ഭരണകൂടവുമായി സംസാരിച്ചു. സുഡാന്‍ ഉള്‍പ്പെടുന്ന മേഖലയിലെ അറബ് രാജ്യങ്ങളുടെ സ്വാധീനം ഉപയോഗപ്പെടുത്താനാണ് കേന്ദ്ര സര്‍ക്കാരിന്റെ നീക്കം. വിഷയത്തില്‍ യുഎസ്, ബ്രിട്ടണ്‍ പ്രതിനിധികളുമായും ഇന്ത്യ ചര്‍ച്ച നടത്തിയിരുന്നു. യുഎന്നിന്റെ സഹായവും ഇന്ത്യ തേടിയിട്ടുണ്ട്. അതേസമയം, സുഡാനിലെ സ്ഥിതി ഗുരുതരമാണെന്നും നിലവിലെ അവസ്ഥയില്‍ അവിടെ നിന്ന് ആളുകളെ ഒഴിപ്പിക്കല്‍ ദുഷ്‌കരമാണെന്നും വിദേശ കാര്യ മന്ത്രാലയം വ്യക്തമാക്കി.