Wed. Jan 22nd, 2025

കൊച്ചി: ബ്രഹ്‌മപുര തീപ്പിടിത്തത്തില്‍ കൊച്ചി കേര്‍പ്പറേഷനെതിരെ ഫയര്‍ ഫോഴ്‌സ് മേധാവി. ബ്രഹ്‌മപുരത്ത് കൊച്ചി കോര്‍പ്പറേഷനുണ്ടായത് ഗുരുതര സുരക്ഷാ വീഴ്ചയെന്ന് ഫയര്‍ ഫോഴ്‌സ് മേധാവി ബി. സന്ധ്യ വ്യക്തമാക്കി. ദുരന്ത നിവാരണ നിയമപ്രകാരം കോര്‍പ്പറേഷനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സന്ധ്യ ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കി. 2019ലും, 2020ലും ബ്രഹ്‌മപുരത്ത് തീപിടുത്തമുണ്ടായി. സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കണമെന്ന് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും നടപ്പാക്കിയില്ല. വീഴ്ച ആവര്‍ത്തിക്കുന്നതിനാല്‍ കോര്‍പ്പറേഷനെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ബി. സന്ധ്യ കത്തില്‍ ആവശ്യപ്പെട്ടു. അതേസമയം, തീപിടിത്തത്തെ തുടര്‍ന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ച മൂന്ന് അന്വേഷണങ്ങളും മന്ദഗതിയില്‍. പ്ലാന്റിലെ നടത്തിപ്പില്‍ വീഴ്ച വരുത്തിയ കരാര്‍ കമ്പനികള്‍ക്കെതിരെ ഇതുവരെ നടപടി എടുത്തിട്ടില്ല. കരാര്‍ ലംഘനം നടത്തിയ സോണ്ട ഇന്‍ഫ്രാടെക്ക് ബ്രഹ്‌മപുരത്ത് ഇപ്പോഴും ബയോ മൈനിംഗ് തുടരുകയാണ്. ജൈവ മാലിന്യ സംസ്‌കരണത്തില്‍ വീഴ്ച വരുത്തിയ കമ്പനിക്കെതിരെയും ഒരു നടപടിയും കൈകൊണ്ടിട്ടില്ല. തീപിടുത്തത്തിലെ പൊലീസ് അന്വേഷണം, അഴിമതിയും പ്ലാന്റില്‍ വരുത്തിയ വീഴ്ചകളിലും വിജിലന്‍സ് അന്വേഷണം, മാലിന്യ സംസ്‌കരണവും പ്രവര്‍ത്തിച്ച രീതിയും പരിശോധിക്കാന്‍ വിദഗദ്ധ സംഘം എന്നീ മൂന്ന് അന്വേഷണങ്ങളാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ഇതില്‍ മൂന്നാമത്തെ സംഘത്തിന്റെ പ്രവര്‍ത്തനം തുടങ്ങാന്‍ പോലും ഇതുവരെ കഴിഞ്ഞിട്ടില്ല. ബ്രഹ്‌മപുരത്ത് മാര്‍ച്ച് രണ്ടിനുണ്ടായ തീപ്പിടിത്തം മാര്‍ച്ച് 14 നാണ് അണക്കാന്‍ സാധിച്ചത്.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം