Sat. Jan 18th, 2025

തിരുവനന്തപുരം കിഴക്കേക്കോട്ടയില്‍ തീപിടിത്തം. ബസ് വെയിറ്റിങ് ഷെഡിനോട് ചേര്‍ന്നുള്ള കടകളിലാണ് തീപിടിച്ചത്. ചായക്കടയില്‍ നിന്ന് തീപടര്‍ന്നതെന്നാണ് വിവരം. നാലോളം കടകളിലേക്ക് തീപടര്‍ന്നു. ചെങ്കല്‍ചൂളയില്‍നിന്ന് അഗ്‌നിരക്ഷാ സേനയെത്തി തീ അണയ്ക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. കൂടുതല്‍ ഫയര്‍ എഞ്ചിനുകള്‍ സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. മൂന്ന് ഫയര്‍ യൂണിറ്റുകള്‍ സ്ഥലത്തുണ്ട്. എന്നാല്‍ സ്ഥലത്ത് വലിയ തോതില്‍ പുക ഉയര്‍ന്നിട്ടുണ്ട്. ചെറിയ ചായക്കടകളും ഭക്ഷണശാലകളും സമീപത്ത് ഉണ്ട്. പഴവങ്ങാടി ഗണപതി കോവിലിനോട് ചേര്‍ന്ന് കിടക്കുന്ന ബസ് വെയിറ്റിങ് ഷെഡിന് പുറക് വശത്തെ കടകളിലാണ് തീപിടിത്തം ഉണ്ടായിരിക്കുന്നത്.

തീപിടിത്തവുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടറോട് റിപ്പോര്‍ട്ട് തേടിയതായി മന്ത്രി വി.ശിവന്‍കുട്ടി അറിയിച്ചു. തീപിടിത്തം ഉണ്ടായ ജൂസ് കട പൂർണമായി കത്തി നശിച്ചു. തീപിടുത്തമുണ്ടായ ഉടനെ മറ്റു കടകളിലെ സാധനങ്ങൾ മാറ്റിയതിനാൽ പൂർണമായി കത്തിയില്ല. തൊട്ടടുത്ത് ബസ് സ്റ്റാൻഡ് ഉള്ളതിനാൽ ആളുകളെയും ഒഴിപ്പിച്ചു. തീ നിയന്ത്രണ വിധേയമായതായി അഗ്നിശമന സേന അറിയിച്ചു. ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനമെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. തീപിടിത്തം നിയന്ത്രണ വിധേയമാണെന്നും അദ്ദേഹം പറഞ്ഞു. തീപിടിത്തമുണ്ടായ ഉടനെ കെഎസ്ഇബി അധികൃതർ ട്രാൻസ്ഫോമർ ഓഫ് ചെയ്തു. കെഎസ്ആർടിസി ജീവനക്കാരും ചുമട്ട് തൊഴിലാളികളും അഗ്നിശമനസേനയും പൊലീസും ചേർന്ന് തീ അണച്ചതായി മന്ത്രി ആന്റണി രാജു അറിയിച്ചു.

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.