ബ്രിട്ടീഷ് സായുധ സേനയിലെ 5,000 അംഗങ്ങൾ അടുത്ത മാസം നടക്കുന്ന ചാൾസ് രാജാവിന്റെ കിരീടധാരണത്തിൽ പങ്കെടുക്കും. 30ലധികം കോമൺവെൽത്ത് രാജ്യങ്ങളിൽനിന്നുള്ള സൈനികർ ചേർന്ന് ഏറ്റവും വലിയ ആചാരപരമായ സൈനിക ആഘോഷമാണ് ഒരുക്കുന്നത്. മെയ് ആറിന് ലണ്ടനിലെ വെസ്റ്റ്മിൻസ്റ്റർ ആബെയിൽ വെച്ചാണ് ചാൾസിന്റെ കിരീടധാരണം. തുടര്‍ന്ന് 60ലധികം വിമാനങ്ങൾ അണിനിരക്കുന്ന ഫ്ളൈപാസ്റ്റും നടക്കും. 1,000 വർഷം പഴക്കമുള്ള പാരമ്പര്യ ചടങ്ങുകളോടെയാണ് കിരീടധാരണം നടക്കുക. 70 വർഷം സിംഹാസനത്തിലിരുന്ന എലിസബത്ത് രാജ്ഞിയുടെ ശവസംസ്കാര ചടങ്ങുകൾക്കുശേഷം എട്ട് മാസങ്ങൾ കഴിഞ്ഞാണ് കിരീടധാരണം. 1953ലെ എലിസബത്തിന്റെ കിരീടധാരണത്തിൽനിന്ന് കുറച്ച് വ്യത്യാസങ്ങൾ വരുത്തിയാണ് പുതിയ കിരീടധാരണ ചടങ്ങുകൾ ക്രമീകരിച്ചിരിക്കുന്നത്.