Thu. May 2nd, 2024

ഐപിഎല്‍ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ 174 റണ്‍സിലൊതുക്കി ഡല്‍ഹി ക്യാപിറ്റല്‍സ്. ആദ്യം ബാറ്റു ചെയ്ത ബാംഗ്ലൂര്‍ 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തിലാണ് 174 റണ്‍സെടുത്തത്. ഡല്‍ഹിക്ക് 175 റണ്‍സ് വിജയലക്ഷ്യം. ടോസ് ലഭിച്ച ഡല്‍ഹി ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍ ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു.

ഓപ്പണര്‍മാരായ വിരാട് കോലിയും (34 പന്തില്‍ 50), ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലെസിയും (16 പന്തില്‍ 22) ചേര്‍ന്നു മികച്ച തുടക്കമാണ് ബാംഗ്ലൂരിനു നല്‍കിയത്. പവര്‍പ്ലേയ്ക്കുള്ളില്‍ തന്നെ ഡുപ്ലെസിയെ നഷ്ടമായെങ്കിലും ഒന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 42 റണ്‍സെടുത്തു. പവര്‍പ്ലേ അവസാനിക്കുമ്പോള്‍ 47ന് 1 എന്ന നിലയിലായിരുന്നു ബാംഗ്ലൂര്‍. അര്‍ധസെഞ്ചറി നേടിയതിനു തൊട്ടുപിന്നാലെ 11ാം ഓവറില്‍ കോലി ഔട്ടായതാണ് ആര്‍സിബിക്കു തിരിച്ചടിയായത്.

മഹിപാല്‍ ലോംറോറും (18 പന്തില്‍ 26) ഗ്ലെന്‍ മാക്സ് വെല്ലും (14 പന്തില്‍ 24) ചേര്‍ന്ന് സ്‌കോറിങ് ഉയര്‍ത്തിയെങ്കിലും നീണ്ട ഇന്നിങ്‌സ് കളിക്കാനായില്ല. ഹര്‍ഷല്‍ പട്ടേല്‍ (4 പന്തില്‍ 6), ദിനേഷ് കാര്‍ത്തിക് (പൂജ്യം) എന്നിവര്‍ക്കും തിളങ്ങാനായില്ല. ഷഹബാസ് അഹമ്മദ് (12 പന്തില്‍ 20*), അനൂജ് റാവത്ത് (22 പന്തില്‍ 15*) എന്നിവര്‍ പുറത്താകാതെ നിന്നു. ഡല്‍ഹിക്കായി മിച്ചല്‍ മാര്‍ഷ്, കുല്‍ദീപ് യാദവ് എന്നിവര്‍ രണ്ടു വിക്കറ്റ് വീതവും ലളിത് യാദവ്, അക്ഷര്‍ പട്ടേല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.