തിരുവനന്തപുരം: വന്ദേഭാരത് എക്‌സ്പ്രസിന്റെ പരീക്ഷണ ഓട്ടം തിങ്കളാഴ്ച നടത്തിയേക്കും. ട്രെയിനിന്റെ വേഗം, സമയം, സ്റ്റോപ്പുകള്‍ എന്നിവ സംബന്ധിച്ച് റയില്‍വേ ബോര്‍ഡിന്റെ നിര്‍ദേശം വന്ന ശേഷമായിരിക്കും അന്തിമ തീരുമാനം ഉണ്ടാവുക. വന്ദേഭാരത് എക്‌സ്പ്രസ് 25 ന് പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്യുന്നതിന് മുമ്പ് ഒന്നോ രണ്ടോ തവണ പരീക്ഷണ ഓട്ടം നടത്തിയേക്കും. 22 ന് മുമ്പായി ട്രെയല്‍ റണ്‍ പൂര്‍ത്തിയാക്കും. പുലര്‍ച്ചെ അഞ്ചിന് തിരുവനന്തപുരത്തു നിന്ന് പുറപ്പെടുന്ന വിധത്തിലായിരിക്കും പരീക്ഷണ ഓട്ടം നടത്തുക. 16 കോച്ചുകളാണ് ട്രെയിനിലുണ്ടാകുക. ജനശതാബ്ദി എസി കോച്ചുകളിലെ തിരക്കും വെയിറ്റിങ് ലിസ്റ്റും കണക്കിലെടുക്കുമ്പോള്‍ വന്ദേഭാരത് ട്രെയിന്‍ യാത്രക്കും ആളുകള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ട്രെയിനില്‍ ഉദ്ദേശിച്ചത്ര യാത്രക്കാരെത്തിയില്ലെങ്കില്‍ പിന്നീട് 8 കോച്ചുകളുളള രണ്ടു ട്രെയിനുകളാക്കി മാറ്റാനും ആലോചനയുണ്ട്. അധിക തിരക്കുളള എറണാകുളം മംഗളൂരു, എറണാകുളം ബംഗളൂരു റൂട്ടുകളും വന്ദേഭാരത് പരിഗണനാ ലിസ്റ്റിലുണ്ട്. അതേസമയം,ഇപ്പോഴനുവദിച്ച ട്രെയിന്‍ മംഗലാപുരത്തേയ്ക്ക് നീട്ടണമെന്ന ആവശ്യവും ശക്തമാണ്. വന്ദേഭാരത് കൂടാതെ എറണാകുളം വേളാങ്കണ്ണി ട്രെയിന്‍ ഉള്‍പ്പെടെ റയില്‍വേ ബോര്‍ഡ് അംഗീകരിച്ച മറ്റ് പദ്ധതികളും പ്രധാനമന്ത്രി പ്രഖ്യാപിക്കാനുളള സാധ്യതകളുണ്ടെന്നാണ് റിപ്പോര്‍ട്ട്.