Mon. Dec 23rd, 2024

കോഴിക്കോട്: എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസില്‍ അന്വേഷണം കൂടുതല്‍ പേരിലേക്ക് വ്യാപിപ്പിച്ച് അന്വേഷണ സംഘം. കേസുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ ചോദ്യം ചെയ്യല്‍ തുടരുകയാണ്. ഇന്നലെ അഞ്ച് പേരെ ചോദ്യം ചെയ്തു. മൂന്ന് പേര്‍ക്കു കൂടി ചോദ്യം ചെയ്യലിന് നോട്ടീസ് നല്‍കിയിട്ടുണ്ട്. അതേസമയം പ്രതി ഷാറൂഖ് സെയ്ഫിയുടെ തിരിച്ചറിയല്‍ പരേഡ് അന്വേഷണ സംഘം നടത്തി. സാക്ഷികളെ ഉള്‍പ്പെടെ കോഴിക്കോട് പൊലീസ് ക്യാമ്പിലെത്തിച്ചാണ് തിരിച്ചറിയല്‍ പരേഡ് നടത്തിയത്. കേസില്‍ സാക്ഷികളില്‍ നിന്ന് പ്രത്യേക അന്വേഷണ സംഘം മൊഴി രേഖപ്പെടുത്തിയിരുന്നു. ഷാറൂഖ് സെയ്ഫിക്ക് ട്രെയിനിനകത്ത് സഹായം കിട്ടിയെന്ന സംശയം ബലപ്പെടുകയാണ്. ആക്രമണ സമയത്ത് ഇയാള്‍ ധരിച്ചിരുന്നത് ചുവന്ന ഷര്‍ട്ടായിരുന്നു എന്നാണ് ദൃക്‌സാക്ഷികള്‍ നല്‍കിയ മൊഴി. എന്നാല്‍ കണ്ണൂരില്‍ വന്നിറങ്ങുമ്പോള്‍ ഇയാളുടെ വസ്ത്രം വേറെയായിരുന്നു എന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ട്രെയിനിനകത്ത് വെച്ച് ഇയാള്‍ സ്വമേധയാ വസ്ത്രം മാറിയോ അതോ ആരെങ്കിലും കൊടുത്തതാണോ എന്ന് അറിയാനാണ് അന്വേഷണ സംഘം ശ്രമിക്കുന്നത്. ഷാറൂഖിന്റെ ബന്ധങ്ങള്‍ കണ്ടെത്തുന്നതിനായി ഹരിയാനയിലും നോയിഡയിലും കേരള പൊലീസ് സംഘം പരിശോധന നടത്തി. ഷാറൂഖിന്റെ ഓണ്‍ലൈന്‍ ബന്ധങ്ങള്‍ കേന്ദ്രീകരിച്ചാണ് പരിശോധന നടത്തിയത്. ഷാറൂഖ് വീട് വിട്ട് ഇറങ്ങി പോകുകയായിരുന്നുവെന്നാണ് നിഗമനം.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം