Sat. Nov 16th, 2024

പാട്‌ന: ബിഹാറില്‍ വ്യാജമദ്യം കഴിച്ച് എട്ടു പേര്‍ മരിച്ചു. 25 പേര്‍ ആശുപ്തരിയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. മോട്ടിഹാരിയിലാണ് സംഭവം നടന്നത്. മരണസംഖ്യ ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്. 2016-ല്‍ മദ്യം നിരോധിച്ച ശേഷം ബിഹാറില്‍ റിപ്പോര്‍ട്ടു ചെയ്യുന്ന വ്യാജമദ്യ ദുരന്തങ്ങളില്‍ ഏറ്റവും പുതിയ സംഭവമാണിത്. നേരത്തെ ലക്ഷ്മിപുര്‍, പഹര്‍പുര്‍, ഹര്‍സിദ്ധി എന്നിവിടങ്ങളില്‍ ഇത്തരത്തില്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. നേരത്തെ ബിഹാറിലെ സരണ്‍ ജില്ലയില്‍ വിഷമദ്യം കഴിച്ചതിനെ തുടര്‍ന്ന് 40 പേര്‍ മരിച്ചതായി ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ പുറത്തു വിട്ട റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് മുഖ്യമന്ത്രി നിതീഷ്‌കുമാറിന് ഇതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനാകില്ലെന്നാരോപിച്ച് ബിജെപി രംഗത്തെത്തി. അതേസമയം മനുഷ്യാവകാശ കമ്മീഷന്റെ സന്ദര്‍ശനം സര്‍ക്കാരിനെതിരെയുള്ള ബിജെപിയുടെ രാഷ്ട്രീയ ആയുധമാണെന്ന് ഉപമുഖ്യമന്ത്രി തേജസ്വി യാദവ് കുറ്റപ്പെടുത്തിയിരുന്നു.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം