Sat. Apr 27th, 2024

ദക്ഷിണ കൊറിയയില്‍ മാതാപിതാക്കളില്‍ നിന്നും കുടുംബത്തില്‍ നിന്നും ഒറ്റപ്പെട്ട് വീട്ടിനുള്ളില്‍ അടച്ചിട്ട് കഴിയുന്ന പ്രവണത വര്‍ധിച്ചുവരുന്നിനെ തുടര്‍ന്ന് അടിയന്തര നടപടിയുമായി സര്‍ക്കാര്‍. വീട്ടിനുള്ളില്‍ അടച്ചിട്ടുകഴിയുന്ന ഒമ്പതിനും 24-നുമിടയില്‍ പ്രായക്കാരായവര്‍ പഠനത്തിനും മറ്റുമായി പുറത്തിറങ്ങിയാല്‍ പ്രതിമാസം ആറര ലക്ഷം വോന്‍ (ഏകദേശം 40,000 രൂപ) വീതം നല്‍കുമെന്നാണ് സര്‍ക്കാര്‍ പറഞ്ഞിരിക്കുന്നത്. കോവിഡിനു ശേഷം രാജ്യത്ത് ഉള്‍വലിയുന്ന പ്രവണത വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ പുതിയ നീക്കം. തൊഴില്‍ മേഖലയില്‍ എത്തിപ്പെടുന്നവരുടെ സംഖ്യയും വന്‍തോതില്‍ കുറഞ്ഞുവരുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

രാജ്യത്തെ ജനസംഖ്യയില്‍ 19-നും 39-നുമിടയിലുള്ളവരില്‍ മൂന്നു ശതമാനത്തോളം പേര്‍ ഒറ്റപ്പെട്ട് ഏകാകികളായി കഴിയുന്നവരാണെന്നാണ് കണക്ക്. ഏകദേശം മൂന്നര ലക്ഷം പേരാണ് ഇത്തരത്തില്‍ കവിയുന്നത്. സാമൂഹിക അരക്ഷിതാവസ്ഥ, മാനസിക സമ്മര്‍ദം, സാമ്പത്തിക പ്രശ്‌നങ്ങള്‍ എന്നിവ കാരണമാകുന്നതായി കൊറിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹെല്‍ത്ത് ആന്റ് സോഷ്യല്‍ അഫയേഴ്‌സ് പറയുന്നു.ജനസംഖ്യയില്‍ വയോജനങ്ങള്‍ ഏറ്റവും കൂടുതലുള്ള രാജ്യങ്ങളില്‍ മുന്നിലാണ് ദക്ഷിണ കൊറിയ. കുട്ടികളുടെ ജനസംഖ്യ പ്രാതിനിധ്യം കുറഞ്ഞുവരുന്നതും ഭീഷണിയാണ്. ജനന നിരക്ക് ഉയര്‍ത്താനുള്ള ബോധവത്കരണത്തിനും മറ്റു നടപടികള്‍ക്കുമായി ഇതിനകം 20,000 കോടി ഡോളര്‍ സര്‍ക്കാര്‍ ചെലവിട്ടിട്ടുണ്ട്. ഇതിന്റെ തുടര്‍ച്ചയായാണ് പുതിയ നീക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം