Sun. Apr 28th, 2024

ഡല്‍ഹി: വ്യാജവും തെറ്റിദ്ധരിപ്പിക്കുന്നതുമായ ഉള്ളടക്കം തിരിച്ചറിയാനായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച വസ്തുതാ പരിശോധന യൂണിറ്റില്‍ (ഫാക്ട് ചെക്ക് യൂണിറ്റ്) നാല് അംഗങ്ങള്‍ ഉണ്ടായേക്കും. അംഗങ്ങളെ തിരഞ്ഞെടുക്കാന്‍ അന്തിമ ധാരണയായെന്നാണ് റിപ്പോര്‍ട്ട്. വിവര സാങ്കേതിക നിയമം, 2021-ല്‍ നിര്‍ദേശിച്ചിരിക്കുന്ന പ്രകാരമാണ് ഫാക്ട് ചെക്ക് യൂണിറ്റ് രൂപീകരിക്കുന്നത്. ഐടി മന്ത്രാലയത്തില്‍നിന്നുള്ള ഒരു പ്രതിനിധി, സ്റ്റാറ്റിസ്റ്റിക്‌സ് ആന്‍ഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ മന്ത്രാലയത്തില്‍ നിന്ന് ഒരാള്‍, ഒരു മാധ്യമ വിദഗ്ധന്‍, ഒരു നിയമവിദഗ്ധന്‍ എന്നിങ്ങനെ നാലു പേരാകും ഫാക്ട് ചെക്കിങ് യൂണിറ്റില്‍ ഉള്‍പ്പെടുക. ഫാക്ട് ചെക്ക് യൂണിറ്റിലെ അംഗങ്ങള്‍ എത്രത്തോളം വൈദഗ്ധ്യമുള്ളവരാകാമെന്ന ആശങ്ക പരിഹരിക്കാന്‍ ഈ തിരഞ്ഞെടുപ്പ് കൊണ്ട് സാധിക്കുമെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഫാക്ട് ചെക്ക് യൂണിറ്റിന്റെ രൂപരേഖയും മെറ്റ, യൂട്യൂബ്, ട്വിറ്റര്‍ തുടങ്ങിയ സാമൂഹ്യ മാധ്യമങ്ങളുമായി ബന്ധിപ്പിച്ച് കൊണ്ടുള്ള രൂപരേഖയും അന്തിമമാക്കുന്നതിനുള്ള പദ്ധതി സര്‍ക്കാര്‍ പൂര്‍ത്തിയാക്കി വരികയാണെന്നും വൃത്തങ്ങള്‍ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട വിശദവിവരങ്ങള്‍ പത്ത് ദിവസത്തിനുള്ളില്‍ പുറത്തുവിടുമെന്നാണ് റിപ്പോര്‍ട്ട്.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം