കോണ്‍ഗ്രസ് നേതൃത്വത്തെ തള്ളി ഏകദിന നിരാഹാര സമരം നടത്തിയതിന് പിന്നാലെ കോണ്‍ഗ്രസ് നേതാവും രാജസ്ഥാന്‍ ഉപമുഖ്യമന്ത്രിയുമായ സചിന്‍ പൈലറ്റ് ഇന്ന് ഡല്‍ഹിയിലെത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ അടക്കമുള്ള നേതാക്കളെ കണ്ട് വിശദീകരണം നല്‍കും. അതേസമയം, സച്ചിനെതിരെ നടപടി വേണമെന്ന നിലപാടിലാണ് ഗെലോട്ട് പക്ഷം. ഉപവാസ സമരവുമായി ബന്ധപ്പെട്ട് ഇതുവരെ നിശബ്ദത പാലിച്ച ഗെലോട്ട് ഇന്ന് വാര്‍ത്താസമ്മേളനം വിളിച്ചിട്ടുണ്ട്. രാജസ്ഥാനില്‍ ഇന്ന് മന്ത്രിസഭായോഗവും ചേരും. അതേസമയം, പാര്‍ലമെന്റിനകത്തും പുറത്തും രാഹുല്‍ ഗാന്ധി ഉയര്‍ത്തിയ അതേ വിഷയം തന്നെയാണിതെന്നും, ബിജെപി സര്‍ക്കാരുകളുടെ അഴിമതിക്കെതിരെ ശബ്ദമുയര്‍ത്താന്‍ എല്ലാവരും തയ്യാറാകണമെന്നുമാണ് സച്ചിന്‍ ആവര്‍ത്തിക്കുന്നത്. സചിന്റെ പ്രതിഷേധം പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനമാകുമെന്ന് കോണ്‍ഗ്രസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നിട്ടും നിരാഹാര സമരവുമായി സച്ചിന്‍ മുന്നോട്ടുപോകുകയായിരുന്നു.